ദമ്പതികളുടെ വീട്ടില്‍ നിന്ന് ഒരിക്കല്‍ പോലും അസ്വാരസ്യങ്ങളൊന്നും ഉയരുന്നത് അയല്‍വാസികള്‍ കേട്ടിട്ടില്ല. 43 വർഷവും അവരിരുവരും ഒരു വീട്ടിലാണ് താമസിച്ചിരുന്നതും. പക്ഷേ അതിനിടെ 12 തവണ പരസ്പരം വിവാഹ മോചിതരായി. (പ്രതീകാത്മക ചിത്രം)
വിവാഹ സങ്കൽപ്പങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എന്നാല്‍, ഇതുപോലൊരു ദാമ്പത്യം കണ്ടിട്ടേയില്ലെന്നാണ് കേട്ടവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നത്. സംഗതി എന്താണെന്നോ? ഓസ്ട്രിയയിലെ വിയന്നയിലെ ഒരു ദമ്പതികള്‍ തങ്ങളുടെ ദാമ്പത്യം തുടങ്ങിയ ശേഷം ഏതാണ്ട് 12 തവണ വിവാഹം കഴിക്കുകയും വിവാഹ മോചനം തേടുകയും ചെയ്തു. അതും തങ്ങളുടെ 43 വര്‍ഷത്തെ ദാമ്പത്യത്തിനിടെ. ഓരോ തവണ വിവാഹ മോചനം നേടിയ ശേഷവും ഇരുവരും വീണ്ടും വിവാഹിതരായി. വീണ്ടും വിവാഹ മോചനം. അങ്ങനെ ദാമ്പത്യം ആരംഭിച്ച് 43 വര്‍ഷത്തിനിടെ 12 തവണ വിവാഹമോചിതരായ ദമ്പതികള്‍. ഇന്നത്തെ കാലത്ത് വിവാഹമോചനവും പുനര്‍വിവാഹവും ഒരു വാര്‍ത്തയല്ലാതായി മാറിയപ്പോഴാണ് വിയന്നയിൽ താമസിക്കുന്ന ഈ വൃദ്ധദമ്പതികൾ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ വിവാഹ മോചനവും പിന്നാലെ പുനർവിവാഹവും ചെയ്തത്.
എന്നാല്‍, ഈ നാല് പതിറ്റാണ്ടും അവര്‍ ഒരു വീട്ടില്‍ തന്നെയായിരുന്നു ജീവിച്ചിരുന്നത്. ഇക്കാലത്തിനിടയ്ക്ക് ആ വീട്ടില്‍ നിന്നും കാര്യമായ ഒരു അസ്വാരസ്യവും അയല്‍വാസികളാരും കേട്ടിട്ടുമില്ല. അവരെ സംബന്ധിച്ച് ഇരുവരും സ്നേഹമുള്ള ദമ്പതികളായിരുന്നു. പിന്നെ എന്ത് കൊണ്ടാണ് ഇരുവരും വിവാഹ മോചനവും പുനർവിവാഹം തുടര്‍ക്കഥയാക്കിയത്? സത്യത്തില്‍ ആ വിവാഹമോചനവും പുനർവിവാഹവും സാമ്പത്തിക തട്ടിപ്പിന് വേണ്ടിയായിരുന്നു.
വിധവകളെ പിന്തുണയ്ക്കുന്നതിനായി ഓസ്ട്രിയൻ സർക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പദ്ധതിയിലെ പഴുതുകള്‍ ആ ദമ്പതികള്‍ ചൂഷണം ചെയ്യുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വിധവകൾക്ക് 28,300 ഡോളറാണ് (ഏകദേശം 24 ലക്ഷം രൂപ) അലവൻസായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഒരു സ്ത്രീ തന്‍റെ നിയമപരമായ പങ്കാളിയില്‍ നിന്ന് വിവാഹ മോചനം നേടുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായമായി ഈ പണം അനുവദിച്ചു. ഈ പണം തട്ടിയെടുക്കാനായിരുന്നു ദമ്പതികള്‍ ഓരോ തവണയും വിവാഹ മോചനം നേടുകയും പുനർവിവാഹം ചെയ്യുകയും ചെയ്തത്.
undefined
'അമ്പമ്പോ എന്തൊരു യാത്ര'; കൂനന്‍ തിമിംഗലം 13,046 കിലോ മീറ്റര്‍ സഞ്ചരിച്ചത് അഞ്ച് വര്‍ഷം കൊണ്ട്
എന്നാല്‍, 2022 മെയ് മാസത്തില്‍ തന്‍റെ പന്ത്രണ്ടാം വിവാഹ മോചനത്തിന് ശേഷം സ്ത്രീ സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായത്തിനായി പെൻഷൻ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയപ്പോള്‍ സംഗതി പാളി. സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം സ്വന്തമാക്കാനുള്ള ബോധപൂര്‍വ്വമായ തട്ടിപ്പിന്‍റെ ഭാഗമായിരുന്നു ഇരുവരുടെയും വിവാഹവും വിവാഹ മോചനവും എന്ന് അതിനകം അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇങ്ങനെ 11 തവണയും ഇവര്‍ സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം കൈപ്പറ്റി. 12 -മത്തെ വിവാഹ മോചനം സര്‍ക്കാര്‍ ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. മാത്രമല്ല, ദമ്പതികള്‍ സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാറിനെ കബളിപ്പിച്ച് അനര്‍ഹമായി സമ്പത്ത് സ്വന്തമാക്കിയതിനാണ് കേസ്. ഇവരുടെ കേസോടെ മറ്റാരെങ്കിലും ഇത്തരത്തില്‍ സര്‍ക്കാറിനെ കബളിപ്പിച്ചോയെന്ന അന്വേഷണവും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഓസ്ട്രേലിയയില്‍ ഓരോ വര്‍ഷവും വിവാഹ മോചിതരാകുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.