സഹപാഠികളുടെ മേലേക്ക് മനപ്പൂർവ്വം വെള്ളമൊഴിച്ചു, മകന് ശിക്ഷയുമായി അമ്മ, വീഡിയോയും പോസ്റ്റ് ചെയ്തു

By Web Team  |  First Published Sep 29, 2024, 4:23 PM IST

മകനെ വീടിൻറെ മുറ്റത്ത് നിർത്തി രണ്ടാമത്തെ നിലയിൽ നിന്നും ചെറിയൊരു ബക്കറ്റിൽ വെള്ളം എടുത്ത് അമ്മ അവന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.


സ്കൂളിൽ കുട്ടികൾ സഹപാഠികളോട് വഴക്കിടുകയും വികൃതിത്തരങ്ങൾ കാണിക്കുകയും ഒക്കെ ചെയ്യുന്നത് സാധാരണമാണ്. പലപ്പോഴും മാതാപിതാക്കൾ അത്തരം കാര്യങ്ങൾ വേണ്ടത്ര ഗൗരവത്തോടെ എടുക്കാറില്ല. എന്നാൽ, ചൈനയിൽ ഒരു അമ്മ സ്കൂളിൽ വെച്ച് സഹപാഠികളോട് മോശമായി പെരുമാറിയതിന് തന്റെ മകന് നൽകിയ ശിക്ഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 

കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരമ്മയാണ് സ്കൂളിൽ വെച്ച് സഹപാഠികളുടെ ദേഹത്ത് മനപ്പൂർവ്വം വെള്ളം ഒഴിച്ചതിന് വീട്ടിലെത്തിയപ്പോൾ തൻറെ മകനെ അവൻറെ തെറ്റ് മനസ്സിലാകത്തക്ക വിധത്തിൽ ശിക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ അമ്മ തന്നെയാണ് സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. @ lanxichen എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അമ്മ പുറത്തുവിട്ട ദൃശ്യങ്ങൾ ഓൺലൈനിൽ വലിയ ചർച്ചയാവുകയും ഏകദേശം 6 ദശലക്ഷം ആളുകൾ വീഡിയോ കാണുകയും ചെയ്തു. 

Latest Videos

undefined

സ്കൂളിൽ വച്ച് കുട്ടി കാണിച്ച വികൃതിയെ കുറിച്ച് അധ്യാപകരാണ് അമ്മയെ വിളിച്ച് പരാതിപ്പെട്ടത്. സഹപാഠികളായ ഏതാനും വിദ്യാർഥികളുടെ ദേഹത്തേക്ക് സ്കൂൾ കെട്ടിടത്തിന് മൂന്നാം നിലയിൽ നിന്നും കുട്ടി വെള്ളമൊഴിച്ചു എന്നായിരുന്നു അധ്യാപകരുടെ പരാതി. തുടർന്നാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ മകൻ സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തിയപ്പോൾ അമ്മ അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ശിക്ഷ നൽകിയത്.

മകനെ വീടിൻറെ മുറ്റത്ത് നിർത്തി രണ്ടാമത്തെ നിലയിൽ നിന്നും ചെറിയൊരു ബക്കറ്റിൽ വെള്ളം എടുത്ത് അമ്മ അവന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. അമ്മയുടെ അപ്രതീക്ഷിത പ്രവൃത്തിയിൽ അമ്പരന്നുപോയ മകൻ തനിക്ക് തണുക്കുന്നു എന്നും വെള്ളം ഒഴിക്കുന്നത് നിർത്താനും അമ്മയോട് ആവശ്യപ്പെട്ടെങ്കിലും അവർ അല്പനേരം കൂടി അത് തുടർന്നു. തുടർന്ന് നിനക്കിപ്പോൾ ഉണ്ടായ അതേ അനുഭവമാണ് സ്കൂളിൽ വച്ച് നീ ദേഹത്ത് വെള്ളം ഒഴിച്ച കുട്ടികൾക്കും ഉണ്ടായതെന്ന് അവനെ പറഞ്ഞു മനസ്സിലാക്കി. 

അതോടെ മകൻ കരഞ്ഞുകൊണ്ട് അമ്മയോട് ക്ഷമാപണം നടത്തുകയും താൻ ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഏതായാലും അമ്മയുടെ ഈ ശിക്ഷാരീതിയ്ക്ക് വലിയ പിന്തുണയാണ് ചൈനയിലെ സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്. അതേസമയം, കുട്ടിക്ക് ഇങ്ങനെയൊരു ശിക്ഷ നൽകേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. 

tags
click me!