തട്ടിക്കൊണ്ടുപോയ 6 വയസുകാരനെ 90 മിനിറ്റിനുള്ളിൽ കണ്ടെത്തി, ഹീറോയായി പൊലീസ് നായ ലിയോ 

By Web TeamFirst Published Nov 30, 2023, 10:11 PM IST
Highlights

ഇവിടെ സിസിടിവി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതോടെ അന്വേഷണം പൊലീസിന് വെല്ലുവിളിയായിത്തീർന്നു. പിന്നാലെയാണ് പൊലീസ് നായയായ ലിയോയെ കൊണ്ടുവരുന്നത്.

മുംബൈ പൊലീസിന്റെ ഡോബർമാൻ ഇനത്തിൽ പെട്ട നായ ഇപ്പോൾ വലിയ ഹീറോ ആയിരിക്കുകയാണ്. മുംബൈ പോലീസിന്റെ ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിലേതാണ് നായ. കാണാതായ ആറുവയസുകാരനെ വെറും 90 മിനിറ്റിനുള്ളിൽ കണ്ടെത്തിയാണ് ലിയോ എന്ന നായ അഭിനന്ദനം വാങ്ങിക്കൂട്ടുന്നത്. പവായിലെ അശോക് ന​ഗർ ചേരിയിലായിരുന്നു സംഭവം. 

നവംബർ 23 -ന് വീടിന് സമീപത്ത് കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി. അർധരാത്രി മുതലാണ് കുട്ടിയെ കാണാതെയായത്. പാതിരാത്രിയായിട്ടും കുട്ടി വരാത്തപ്പോൾ വീട്ടുകാർ കുട്ടിയെ അന്വേഷിച്ചു. എന്നാൽ, ചുറ്റുപാടുമെല്ലാം തെരഞ്ഞിട്ടും ആറുവയസുകാരനെ കണ്ടെത്താനായില്ല. ഒടുവിൽ, വീട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അജ്ഞാതനായ ഒരാൾ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയി എന്ന് കാണിച്ചാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്. 

Latest Videos

പക്ഷേ, ഇവിടെ സിസിടിവി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതോടെ അന്വേഷണം പൊലീസിന് വെല്ലുവിളിയായിത്തീർന്നു. പിന്നാലെയാണ് പൊലീസ് നായയായ ലിയോയെ കൊണ്ടുവരുന്നത്. കുട്ടി കളിക്കാൻ പോകുന്നതിന് മുമ്പായി വസ്ത്രങ്ങളൂരിവച്ച കാര്യം വീട്ടുകാർ പറഞ്ഞിരുന്നു. അങ്ങനെ കുട്ടിയുടെ വീട്ടിലെത്തിയ നായയെ കൊണ്ട് കുട്ടിയുടെ വസ്ത്രം മണപ്പിച്ചു. പിന്നാലെ, ലിയോ കുട്ടിയെ തെരഞ്ഞിറങ്ങി. ഡോ​ഗ് സ്ക്വാഡിലെ മികച്ച പരിശീലനം നേടിയ നായയാണ് ലിയോ. ലിയോ ഒടുവിൽ കുട്ടിയുടെ വീട്ടിൽ നിന്നും 500 മീറ്റർ അകലെയുള്ള അശോക് ടവര്‍ മേഖലയിലെ അംബേദ്കര്‍ ഉദ്യാനില്‍ നിന്നും കുട്ടിയെ കണ്ടെത്തി. ഇതൊരു തുറസ്സായ പ്രദേശമാണ്. 

എന്നാൽ, കുട്ടി എങ്ങനെ ഇവിടെ എത്തി തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. പേടിച്ചുപോയതുകൊണ്ടാകാം കുട്ടിയെ തട്ടിക്കൊണ്ടുപോയ വ്യക്തി അവിടെ ഉപേക്ഷിച്ചിട്ട് പോയത് എന്നാണ് കരുതുന്നത്. 

(ചിത്രം പ്രതീകാത്മകം)

വായിക്കാം: കൊല്ലം തട്ടിക്കൊണ്ടുപോകൽ കേസ്; കുട്ടിയെ ഓട്ടോയിൽ കൊണ്ടുവന്ന സ്ത്രീയുടെ ഉൾപ്പെടെ 3 രേഖാ ചിത്രങ്ങൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!