നടുക്കുന്ന വീഡിയോ; അപ്രതീക്ഷിതമായി റോഡിൽ ഭീമൻ ​ഗർത്തം, വീണത് മൂന്ന് വാഹനങ്ങൾ, സംഭവം ലാഹോറിൽ

By Web Team  |  First Published Oct 3, 2024, 9:47 PM IST

മൂന്നു വാഹനങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാരെ പിന്നീട് പ്രദേശവാസികൾ ചേർന്ന് ഏണിവെച്ചാണ് മുകളിലേക്ക് കയറ്റിയത്.


ലാഹോറിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്ക്. കാറും ബൈക്കുകളും ഉൾപ്പടെയുള്ള മൂന്നു വാഹനങ്ങളാണ് അപ്രതീക്ഷിതമായി രൂപപ്പെട്ട  ഭീമൻ ഗർത്തത്തിൽ വീണത്. 

ഗർത്തത്തിനുള്ളിൽ അകപ്പെട്ടുപോയ യാത്രക്കാരെ രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. അപ്രതീക്ഷിതമായി ഉണ്ടായ അപകടം ലാഹോർ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ചയാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്.

Latest Videos

undefined

ലാഹോറിലെ ജോഹർ ടൗണിലെ ഒരു പ്രധാന റോഡിലാണ് അപകടമുണ്ടായത്. റോഡിൽ പെട്ടെന്ന് രൂപപ്പെട്ട ​ഗർത്തത്തിലേക്ക് ഒരു കാറും രണ്ട് മോട്ടോർസൈക്കിളുകളും ആണ് വീണത്. ഭൂഗർഭ മലിനജലലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി കുഴിച്ച ചെറിയ കുഴിയാണ് അപ്രതീക്ഷിതമായി ഭീമൻ ഗർത്തമായി പരിണമിച്ചത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാർ ഗർത്തത്തിനുള്ളിൽ കുത്തനെ നിൽക്കുന്നതായി കാണാം. കൂടാതെ രണ്ടു ബൈക്കുകൾ കുഴിയിൽ വീണു കിടക്കുന്നതും കാണാം. മൂന്നു വാഹനങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാരെ പിന്നീട് പ്രദേശവാസികൾ ചേർന്ന് ഏണിവെച്ചാണ് മുകളിലേക്ക് കയറ്റിയത്.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾ പാകിസ്ഥാനിലെ ദി നേഷൻ ദിനപത്രത്തോട് പറഞ്ഞതനുസരിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ രണ്ടുപേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷവും ലാഹോറിൽ ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ ഒരു ഗർത്തം രൂപപ്പെട്ടിരുന്നു. അന്ന് അപകടത്തിൽപ്പെട്ട കാറിൽ സഞ്ചരിച്ച മൂന്നംഗം കുടുംബത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ജോഹർ ടൗണിലെ ഇതേ റോഡിൽ പ്രത്യക്ഷപ്പെടുന്ന നാലാമത്തെ കുഴിയാണിത്.

click me!