സഹപ്രവർത്തകർ അയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സിംഹത്തിലൊന്ന് അയാളെ മാരകമായി പരിക്കേല്പിച്ചിരുന്നു.
എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ വാത്സല്യം നൽകി വളർത്തിയാലും വന്യമൃഗങ്ങൾ വന്യമൃഗങ്ങൾ തന്നെയാണ് എന്ന് നാം പറയാറുണ്ട്. അത് തെളിയിക്കുന്ന അതിദാരുണമായ ഒരു സംഭവമാണ് നൈജീരിയയിൽ ഉണ്ടായിരിക്കുന്നത്. നൈജീരിയയിലെ ഒബാഫെമി അവോലോവോ യൂണിവേഴ്സിറ്റി മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചുകീറി കൊന്നു.
ബിബിസി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മൃഗശാല സൂക്ഷിപ്പുകാരനായ ഒലബോഡെ ഒലാവുയി എന്നയാളാണ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറെ ദുഃഖകരമായ കാര്യം, സിംഹം ജനിച്ച അന്ന് മുതൽ അതിനെ പരിചരിച്ച ആളായിരുന്ന കൊല്ലപ്പെട്ട ഒലാവുയി എന്നതാണ്. തിങ്കളാഴ്ച ഭക്ഷണം കൊടുക്കവേയാണ് സിംഹങ്ങൾ ഒലാവുയിയെ അക്രമിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
undefined
സഹപ്രവർത്തകർ അയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സിംഹത്തിലൊന്ന് അയാളെ മാരകമായി പരിക്കേല്പിച്ചിരുന്നു. വെറ്ററിനറി ടെക്നോളജിസ്റ്റാണ് കൊല്ലപ്പെട്ട ഒലാവുയി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാംപസിൽ ഈ സിംഹങ്ങൾ ജനിച്ച നാൾ മുതൽ അയാളായിരുന്നു അവയെ പരിചരിച്ചിരുന്നത്. 'അതിദാരുണം എന്ന് പറയട്ടെ അതിലൊരു ആൺസിംഹം അവയ്ക്ക് ഭക്ഷണം നൽകിയിരുന്ന ആളെ അക്രമിക്കുകയായിരുന്നു. അയാളെ അക്രമിക്കാൻ മാത്രം ആ സിംഹത്തെ പ്രകോപിപ്പിച്ചത് എന്താണ് എന്ന് ഞങ്ങൾക്കറിയില്ല' എന്നാണ് സർവകലാശാലാ വക്താവ് അബിയോദുൻ ഒലരെവാജു പറഞ്ഞത്.
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ അഡെബയോ സിമിയോൺ ബാമിരെ പറഞ്ഞത്, 'സംഭവത്തിൽ താൻ അതീവ ദുഃഖിതനാണ്, വിശദമായ ഒരു അന്വേഷണം സംഭവത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്' എന്നാണ്. വിദ്യാർത്ഥി യൂണിയൻ നേതാവ് അബ്ബാസ് അക്കിൻറേമി പറഞ്ഞത്, 'ഭക്ഷണം കൊടുത്ത ശേഷം സിംഹങ്ങളുടെ കൂട് അടയ്ക്കാൻ ഒലാവുയി വിട്ടുപോയി അതാണ് സിംഹങ്ങൾ അയാളെ അക്രമിക്കാൻ കാരണമായിത്തീർന്നത്' എന്നാണ്. ഒലാവുയി ഒരു നല്ല മനുഷ്യനായിരുന്നു എന്നും അതിദാരുണമായ ഈ സംഭവം എല്ലാവരേയും വേദനിപ്പിച്ചു എന്നും അക്കിൻറേമി പറയുന്നു.