സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ യുവാവ് ഡുൻ പറഞ്ഞ സംരംഭത്തിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം $ 150 (12,432 രൂപ) സംഭാവന നൽകി.
ചില അബദ്ധങ്ങൾക്ക് ജീവിതത്തിൽ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാലിഫോർണിയയിൽ നിന്നുള്ള ഒരു യുവാവിനാണ് ഈ വലിയ അബദ്ധം പറ്റിയത്. ഒരു സാമൂഹികാവിശ്യത്തിനായി സംഭാവന നൽകുന്നതിനിടയിൽ സംഭവിച്ച പിഴവ് അപ്രതീക്ഷിതമായ ഒരു വലിയ സാമ്പത്തിക നഷ്ടത്തിൽ കലാശിക്കുകയായിരുന്നു. 12,000 രൂപ സംഭാവന നൽകാനായി കരുതിയിരുന്ന അദ്ദേഹം അബദ്ധത്തിൽ 12 ലക്ഷം രൂപ സംഭാവന നൽകുകയായിരുന്നു. റെഡ്ഡിറ്റിലൂടെ യുവാവ് തന്നെയാണ് തന്റെ അനുഭവം പങ്കുവെച്ചത്.
കാലിഫോർണിയക്കാരനായ മൈക്കിൾ എന്ന 32 കാരനും അദ്ദേഹത്തിന്റെ ഭാര്യയും അടുത്തിടെ സാൻ ഫ്രാൻസിസ്കോയിൽ ഒരു പുതിയ അപ്പാർട്ട്മെൻ്റ് വാങ്ങി അവിടേക്ക് താമസം മാറി. അവിടെവെച്ച് അയൽവാസിയും ഹിന്ദു സന്യാസിയുമായ ജെഫ് ഡുനൻ എന്ന 77 -കാരനെ അവർ പരിചയപ്പെട്ടു. അവരുടെ സംഭാഷണത്തിനിടെ, ബംഗ്ലാദേശ് റിലീഫ് എന്ന സംഘടനയുമായുള്ള തൻ്റെ ഇടപെടലിനെക്കുറിച്ച് ഡുനൻ പങ്കുവെച്ചു. വടക്കൻ ബംഗ്ലാദേശിലെ അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം, വസ്ത്രം, അവശ്യ വസ്തുക്കൾ എന്നിവ നൽകി സഹായിക്കുന്ന ഒരു സംഘടനയായിരുന്നു അത്.
സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ യുവാവ് ഡുൻ പറഞ്ഞ സംരംഭത്തിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം $ 150 (12,432 രൂപ) സംഭാവന നൽകി. ചാരിറ്റിയിലേക്ക് സംഭാവന നൽകിയതിന് തൊട്ടുപിന്നാലെ, മൈക്കിളിന് തൻ്റെ ക്രെഡിറ്റ് കാർഡ് കമ്പനിയിൽ നിന്ന് ഒരു വലിയ ഇടപാട് നടന്നതായി കാണിച്ചുകൊണ്ട് അറിയിപ്പ് ലഭിച്ചു. മെസ്സേജ് പരിശോധിച്ച മൈക്കിൾ ഞെട്ടി. ഒരു ചാരിറ്റി സംഘടനയിലേക്ക് തന്റെ അക്കൗണ്ടിൽ നിന്നും 15,041 ഡോളർ (12.46 ലക്ഷം രൂപ) പോയതായി അദ്ദേഹം കണ്ടു. തുടർന്ന് മൈക്കൽ ചാരിറ്റി സംഘടനയുടെ ഹെൽപ്പ്ലൈനിൽ വിളിക്കുകയും അബദ്ധത്തിൽ സംഭവിച്ച സംഭാവന റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മൂന്ന് മുതൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം തിരികെ ലഭിക്കുമെന്ന് അവരിൽ നിന്നും മറുപടി ലഭിച്ചപ്പോൾ മാത്രമാണ് തനിക്ക് ആശ്വാസം ആയത് എന്നാണ് മൈക്കിൾ റെഡിറ്റിൽ കുറിച്ചത്.
ബംഗ്ലാദേശ് ആസ്ഥാനമായുള്ള ചാരിറ്റിയുടെ പ്രോഗ്രാം മാനേജരായ ഷോഹാഗ് ചന്ദ്ര തങ്ങൾക്ക് നൽകിയ സംഭാവനയ്ക്ക് നന്ദി പറഞ്ഞു. ഇതോടെ ഭീമമായ സംഭാവന പിൻവലിക്കേണ്ടി വന്നതിൽ തനിക്ക് കുറ്റബോധം തോന്നിത്തുടങ്ങി എന്നാണ് മൈക്കിൾ പറയുന്നത്. അതിനാൽ നഷ്ടമായ തുക തിരികെ കിട്ടിയാലുടൻ 1,500 ഡോളർ കൂടി സംഭാവന നൽകാനാണ് മൈക്കിളിന്റെ തിരുമാനം.