രണ്ട് തവണയാണ് തലയ്ക്ക് അടിയേറ്റത്. ഇരയുടെ ഇടതു പുരികത്തിൽ ദ്വാരങ്ങൾ ഉണ്ടായിരുന്നു. ഇരയെ വളരെ കഠിനമായ ആയുധം കൊണ്ടാണ് അടിച്ചിരിക്കുന്നത്. കൊലപാതകി മുൻവശത്ത് നിന്നാണ് ഇരയെ അക്രമിച്ചത്.
കൊലപാതകത്തിലെ ദുരൂഹതകൾ എല്ലാക്കാലത്തും ഈ ലോകത്തുണ്ടായിരുന്നു. ആര് ചെയ്തു, എന്തിന് ചെയ്തു എന്നൊന്നും ഉത്തരം കിട്ടാത്ത അനേകം കൊലപാതകങ്ങളും ഇവിടെ നടക്കാറുണ്ട്. എന്നാൽ, മനുഷ്യർക്ക് അറിയാവുന്നതിൽ ഏറ്റവും പഴക്കം ചെന്ന കൊലപാതകം നടന്നത് എപ്പോഴാണ് എന്ന് അറിയാമോ? അത് ഏകദേശം 430,000 വർഷങ്ങൾക്ക് മുമ്പാണ് നടന്നത് എന്നാണ് ഗവേഷകർ പറയുന്നത്.
2015 -ൽ, ഒരു സ്പാനിഷ് ഗുഹയ്ക്കുള്ളിൽ നിന്നും ശാസ്ത്രജ്ഞർ ഒരു തലയോട്ടി കണ്ടെത്തിയതാണ് ഇതിന്റെയെല്ലാം തുടക്കം. ആ തലയോട്ടിയിൽ അത് സ്വാഭാവികമായി മരണപ്പെട്ട ഒരാളുടേതല്ല എന്നും കൊല്ലപ്പെട്ട ഒരാളുടേതാണ് എന്നുമുള്ളതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ആദിമമനുഷ്യവിഭാഗമായ നിയാണ്ടർത്താൽ വംശത്തിൽ പെട്ട ഒരാളുടെ തലയോട്ടിയായിരുന്നു ഇത്. സിമ ഡി ലോസ് ഹ്യൂസോസ് എന്ന സ്ഥലത്ത് ഒരു സെമിത്തേരി പോലെ തോന്നിക്കുന്ന സ്ഥലത്താണ് ഇത് കണ്ടെത്തിയത്. സ്പാനിഷ് ഭാഷയിൽ 'എല്ലുകളുടെ കുഴി' എന്നാണ് ഇതിന്റെ അർത്ഥം. അറ്റാപുർക മലനിരകളിലാണ് ഈ കുഴി സ്ഥിതി ചെയ്യുന്നത്.
undefined
പാലിയൻ്റോളജിസ്റ്റുകൾ ആ പ്രദേശത്ത് കുറഞ്ഞത് 28 പേരുടെയെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അവ ഇന്ന് നമുക്കറിയാവുന്നതുപോലെയുള്ള മനുഷ്യൻ്റേതായിരുന്നില്ല. മറിച്ച് മനുഷ്യരുടെ പൂർവ്വികരായ ഹോമോ ഹൈഡൽബെർജെൻസിസിൻ്റെ അവശിഷ്ടങ്ങളായിരുന്നു അവ.
അവിടെ കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളെ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അത് കൊലപാതകമായിരുന്നു എന്ന അനുമാനത്തിൽ ഗവേഷകരെത്തിയത്. ഗവേഷകർ പറയുന്നത്, കൊലയാളി ഇരയുടെ തല തകർത്തിരുന്നു എന്നാണ്. രണ്ട് തവണയാണ് തലയ്ക്ക് അടിയേറ്റത്. ഇരയുടെ ഇടതു പുരികത്തിൽ ദ്വാരങ്ങൾ ഉണ്ടായിരുന്നു. ഇരയെ വളരെ കഠിനമായ ആയുധം കൊണ്ടാണ് അടിച്ചിരിക്കുന്നത്. കൊലപാതകി മുൻവശത്ത് നിന്നാണ് ഇരയെ അക്രമിച്ചത്. കൊലപ്പെടുത്തിയ സ്ഥലത്ത് ഇരയെ ഉപേക്ഷിച്ച് പോകുന്നതിന് പകരം അന്ന് ശവപ്പറമ്പായിരുന്നയിടത്താണ് കൊലപാതകി ഇയാളെ ഉപേക്ഷിച്ചത് എന്നും ഗവേഷകർ പറയുന്നു.
PLoS ONE എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം