മനുഷ്യന്റെ മനസ് വായിക്കുന്ന യന്ത്രം കണ്ടുപിടിച്ചോ? 

By Web Team  |  First Published May 24, 2024, 2:53 PM IST

100% കൃത്യതയോടെ ഇത് വിജയകരമായാൽ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിൽ സമൂലമായ മാറ്റമായിരിക്കും ഈ കണ്ടെത്തൽ കൊണ്ടുവരുന്നത്. 


മറ്റൊരാളുടെ മനസ്സ് വായിക്കാൻ ശേഷിയുള്ള ഒരു യന്ത്രത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോൾ ഇതിനോടകം ആ മനസ്സറിയും യന്ത്രം നമ്മുടെ ഭാവനയിൽ പലതവണ വന്നിട്ടും ഉണ്ടാകാം. എന്നാൽ, ശാസ്ത്രം ഇതിനകം തന്നെ ഇതിനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാൽടെക്) ശാസ്ത്രജ്ഞർ ആണ് മനുഷ്യൻ്റെ മനസ്സ് വായിക്കാനും ചിന്തകളെ തത്സമയം അക്ഷരങ്ങളിലേക്ക് വിവർത്തനം ചെയ്യാനും കഴിയുന്ന ഒരു യന്ത്രം വികസിപ്പിച്ചതായി അവകാശപ്പെടുന്നത്. യന്ത്രത്തിന് 79 ശതമാനം കൃത്യതാ നിരക്ക് ഉണ്ടെന്ന് കണ്ടെത്തിയതായും അവകാശപ്പെടുന്നു.

Latest Videos

undefined

ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് (ബിസിഐ) സാങ്കേതികവിദ്യയിലെ സുപ്രധാനമായ കണ്ടെത്തൽ ആയാണ് ഇതിനെ അടയാളപ്പെടുത്തുന്നത്. 100% കൃത്യതയോടെ ഇത് വിജയകരമായാൽ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിൽ സമൂലമായ മാറ്റമായിരിക്കും ഈ കണ്ടെത്തൽ കൊണ്ടുവരുന്നത്. 

രണ്ടു വ്യക്തികളുടെ തലച്ചോറ് ചെറിയ ഇലക്ട്രോഡുകൾ പതിപ്പിച്ചാണ് ചിന്തിക്കുന്ന കാര്യങ്ങളെ തൽസമയം ഡി കോഡ് ചെയ്ത് എടുക്കുന്നത്. നിലവിൽ കണ്ടെത്തിയ യന്ത്രം ചിന്തകളെ 79 ശതമാനം കൃത്യതയോടെ ഡീകോഡ് ചെയ്തെടുക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. എങ്കിൽ കൂടിയും ഈ, സാങ്കേതികവിദ്യ ഇപ്പോഴും വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും വെറും "ആറ് വാക്കുകളിൽ" മാത്രമായി ഇതിനെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. 

ഈ സാങ്കേതികവിദ്യ, വിജയകരമായാൽ സംസാരശേഷിയും ശാരീരികമായി ചലനശേഷിയും ഇല്ലാത്ത രോഗികളെ സഹായിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇത്തരം അവസ്ഥകളിൽ ഉള്ളവരുടെ ചിന്തകൾ അറിയിക്കുന്നതിനും മറ്റുള്ളവരുമായി ഫലപ്രദമായ ആശയവിനിമയത്തിൽ ഏർപ്പെടുന്നതിനുമുള്ള ഒരു മികച്ച മാർഗ്ഗമായി ഈ കണ്ടെത്തൽ മാറും എന്നും ശാസ്ത്രജ്ഞർ പറയുന്നു. 

click me!