International Women's Day 2024: സംഗീതം കൊണ്ട് ഹൃദയങ്ങള്‍ ഭരിക്കുന്ന 34 കാരി!

By Web Team  |  First Published Feb 29, 2024, 10:22 AM IST

ടെയിലര്‍ സ്വിഫ്റ്റിന്‍റെ സമ്പാദ്യത്തെ വിശേഷിപ്പിക്കാന്‍ 'സ്വിഫ്റ്റോണോമിക്സ്' (Swiftonomics) അഥവാ 'ടെയ്‍ലറോണോമിക്സ്' (Taylornomics) എന്ന വാക്കുകള്‍ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 


സംഗീത ലോകം ഇന്ന് ഒരു 34 -കാരിക്ക് പുറകിലാണ്. അവളുടെ പേര് ടെയിലര്‍ സ്വിഫ്റ്റ്, അഥവാ ടെയിലർ ആലിസൺ സ്വിഫ്റ്റ് (1989 ഡിസംബര്‍ 13 ന് ജനനം). ടെയിലര്‍ സ്വഫിറ്റിനെ ഓര്‍ക്കാതെ നമ്മുക്ക് 2024 ലെ വുമണ്‍സ് ഡേയെ കുറിച്ച് ആലോചിക്കാനെ കഴിയില്ല. കാരണം, ലോകസംഗീത വിപണിയില്‍ ഒറ്റയ്ക്ക് തലയുയുര്‍ത്തി നില്‍ക്കുന്ന സ്ത്രീകളില്‍ ഏറ്റവും ഉന്നതിയിലാണ് അവരെന്നത് തന്നെ. ബ്ലൂംബെർഗിന്റെ വിശകലനമനുസരിച്ച് 2023 ഒക്ടോബർ വരെ ടെയ്ലർ സ്വിഫ്റ്റിന്‍റെ മൊത്തം ആസ്തി 1.1 ബില്യൺ ഡോളറാണ് (91,17,62,50,000 ഇന്ത്യന്‍ രൂപ).  ടെയിലര്‍ സ്വിഫ്റ്റിന്‍റെ സമ്പാദ്യത്തെ വിശേഷിപ്പിക്കാന്‍ 'സ്വിഫ്റ്റോണോമിക്സ്' (Swiftonomics) അഥവാ 'ടെയ്‍ലറോണോമിക്സ്' (Taylornomics) എന്ന വാക്കുകള്‍ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. "അവർ വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്, പക്ഷേ, അതേ സമയം  മിടുക്കിയായ ബിസിനസുകാരിയാണ്," എന്ന് ടെയിലര്‍ സ്വിഫ്റ്റിനെ കുറിച്ച് പറഞ്ഞത് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് പോളിസി ആൻഡ് അർബൻ അഫയേഴ്സ് ആൻഡ് ഇക്കണോമിക്സ് അസോസിയേറ്റ് പ്രൊഫസർ അലീഷ്യ മോഡെസ്റ്റിനോയാണ്. അതെ സംഗീത ലോകം മാത്രമല്ല, ബിസിനസും ടെയിലര്‍ സ്വിഫ്റ്റില്‍ സുരക്ഷിതമാണ്. 

ഒരു സുപ്രഭാതത്തില്‍ ഉയര്‍ന്നുവന്ന താരമല്ല ടെയിലര്‍ സ്വിഫ്റ്റ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'മോൺസ്റ്റർ ഇൻ മൈ ക്ലോസറ്റ്' എന്ന കവിതയ്ക്ക് ദേശീയ കവിതാ പുരസ്കാരം ലഭിക്കുന്നിടത്ത് ടെയിലര്‍ തന്‍റെ 'സംഗീത അശ്വമേധം' തുടങ്ങുന്നു. ഇന്ന് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള സംഗീതജ്ഞയാണ് അവര്‍. 2020 ലെ കണക്കുകള്‍ അനുസരിച്ച് 49 ദശലക്ഷത്തിലധികം ആല്‍ബങ്ങളാണ് അമേരിക്കയില്‍ മാത്രം സ്വിഫ്റ്റ് വിറ്റഴിച്ചത്. 2010 ല്‍ സ്വന്തം ജീവിതയാത്രയെ അടയാളപ്പെടുത്തിയ ജേർണീ ടു ഫിയർലെസ്സ് എന്ന ടെലിവിഷൻ സീരീസിലെ നായികാ കഥപാത്രവും സ്വിഫ്റ്റ് തന്നെയായിരുന്നു. ടെയിലര്‍ സ്വിഫ്റ്റിന് മുന്നിലും പിന്നിലും ഇന്ന് അവര്‍ മാത്രമാണ് എന്ന് സംഗീത ലോകത്തെ കണക്കുകളും അടിവരയിടുന്നു. 

Latest Videos

undefined

2006-ല്‍ തന്‍റെ 17 -ാം വയസില്‍ ആദ്യ ഗാനം 'ടിം മക്ക്ഗ്രോ'യുമായി രംഗത്തെത്തിയ ടെയിലര്‍ ഈ ഒറ്റ ഗാനത്തിലൂടെ തന്നെ ബിൽബോർഡ് ചാർട്ടിൽ ആറാം സ്ഥാനത്തെത്തി. പിന്നീടിങ്ങോട്ട് ടെയിലറിന് മുന്നില്‍ ലോകം കാതുകൂര്‍പ്പിച്ചു. പിന്നാലെ  'ടിം മക്ക്ഗ്രോ' അടക്കം 11 പാട്ടുകളടങ്ങിയ ടെയ്‍ലര്‍ സ്വിഫ്റ്റ് എന്ന സ്വന്തം പേരിലുള്ള ആല്‍ബം പുറത്തിറക്കിയ ടെയിലര്‍ ബിൽബോർഡ് കണ്ട്രി ആൽബം ചാർട്ടിൽ ഒന്നാം സ്ഥാനം തന്നെ സ്വന്തം പേരിലെഴുതി ചേര്‍ത്തു. 2008 ല്‍ ഫിയർലെസ്സുമായി ടെയിലര്‍ എത്തിയപ്പോള്‍ പ്രശംസിക്കാന്‍ നിരൂപകരും വട്ടം കൂടി. 2009 ലെ എംടിവി ബെസ്റ്റ് വീഡിയോ പുരസ്കാരം ഫിയർലെസ്സ് സ്വന്തമാക്കി. ആല്‍ബത്തിലെ 'യൂ ബിലോങ്ങ് വിത് മി' എന്ന ഗാനത്തില്‍ ഇരട്ട വേഷത്തിലെത്തിയ സ്വഫ്റ്റിന് മൂന്ന് ഗ്രാമി നോമിനേഷനുകള്‍ ലഭിച്ചു. സ്പീക്ക് നൌ (2010), റെഡ് (2012), 1989 (2014), റെപ്യൂട്ടേഷന്‍ (2017), ലൌവര്‍ (2019), ഫോക്‍ലോര്‍ (2020), എവര്‍മോര്‍ (2020), മിഡ്നൈറ്റ് (2022), ദി ടോര്‍ച്ചര്‍ പോയറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് (2024)... ഇടവേളകളില്ലാതെ ടെയ്‍ലര്‍ സ്വിഫിറ്റ് തന്‍റെ ആരാധകരിലേക്ക് ഇറങ്ങിച്ചെന്നു. ഒപ്പം, വാലന്‍റൈന്‍സ് ഡേ (2010), ദി ലോര്‍ക്സ് (2012), ദി ഗിവര്‍ (2014), കാറ്റ്സ് (2019),  ആള്‍ ടു വെല്‍: ദി ഷോര്‍ട്ട് ഫിലിം (സ്വന്തമായി സംവിധാനം ചെയ്തു - 2021), ആംസ്റ്റര്‍ഡാം (2022) അഭ്രപാളികളിലും അവര്‍ സാന്നിധ്യമറിയിച്ചു. 

ശബ്ദം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ ടെയ്‍ലര്‍ ഇതിനിടെ ലോകം കീഴടക്കാനിറങ്ങി. 2009 - 2010 ല്‍ ഫിയര്‍ലസ് എന്ന പേരില്‍ അവര്‍ യുഎസ്, ഇംഗ്ലണ്ട്, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, ബഹാമാസ് എന്നിവിടങ്ങളില്‍ അവതരിപ്പിച്ച സംഗീത പരിപാടിക്ക് എത്തിയത് ലക്ഷക്കണക്കിന് ആരാധകരായിരുന്നു. 2011 - 2012 ല്‍ സ്പീക് നൌ വേള്‍ഡ് ടൂര്‍, 2013 - 2014 ല്‍ ദി റെഡ് ടൂര്‍, 2015 -ല്‍ ദി 1989 വേള്‍ഡ് ടൂര്‍, 2018 ല്‍ റെപ്യൂട്ടേഷന്‍ സ്റ്റേഡിയം ടൂര്‍. ഏറ്റവും ഒടുവിലായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന (2023 - 2024) ടെയ്‍ലര്‍ സ്വിഫ്റ്റിന്‍റെ ദി ഇറാസ് ടൂറില്‍ സിംഗപ്പൂരില്‍ മൂന്ന് വേദികളായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണം 80 ലക്ഷം. ഇതോടെ സിംഗപ്പൂര്‍ സര്‍ക്കാര്‍ തന്നെ ടെയ്‍ലര്‍ സ്വിഫ്റ്റുമായി ഇടപെട്ട് വേദികള്‍ ആറാക്കി വര്‍ദ്ധിപ്പിച്ചു. അതിനായി കരാര്‍ തുകയിലും മാറ്റം വരുത്തി. ഒരു പരിപാടിക്ക് 3 മില്യണ്‍ ഡോളര്‍. അധികാരത്തില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തിയിരുന്ന ആണ്‍മേല്ക്കോയ്മയ്കുടെ അഹന്തയ്ക്കും മേലെ ടെയ്‍ലര്‍ സ്വഫിറ്റ് പാടിപ്പറക്കുകയാണ്. ലോകമെങ്ങുമുള്ള ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ട്. ഒരു പക്ഷേ, വര്‍ത്തമാനകാലത്ത് ഒരു വ്യക്തിക്കും നേടാന്‍ കഴിയാത്തത്രയും ഹൃദയങ്ങള്‍ ഇന്ന് ടെയ്‍ലര്‍ സ്വിഫ്റ്റിനൊപ്പമുണ്ട്. മനുഷ്യന്‍റെ മനസ് കീഴടക്കുന്നതാണ്, ആരാധകരെ സൃഷ്ടിക്കുന്നതാണ് ഒരു വ്യക്തിയുടെ ശക്തിയെങ്കില്‍, ആയുധങ്ങളെ മുന്‍നിര്‍ത്തി ലോകം ഭരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ഭരണാധികാരിക്കും കാതങ്ങള്‍ മുകളിലാണ് ടെയ്‍ലര്‍ ആലിസൺ സ്വിഫ്റ്റ് എന്ന 34 കാരി. 

click me!