ഒരു ദിവസം പിസ്റ്റൾ കൃത്യമായി ഉപയോഗിക്കാൻ കഴിയാതെ പരിഭ്രാന്തയായി നിൽക്കുന്ന ഷെഫാലിയോട് ചന്ദ്രോ ചോദിച്ചു, 'എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ? എന്നെ നോക്കൂ' ഇതും പറഞ്ഞ് ചന്ദ്രോ തോക്ക് എടുത്ത് ലോഡ് ചെയ്ത് വെടിവച്ചു. അത് കാളയുടെ കണ്ണിൽ തന്നെ തുളഞ്ഞു കയറി.
65 -ാം വയസ്സിൽ ഭൂരിഭാഗം ആളുകളും സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഉപേക്ഷിച്ച് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുകയാണ് പതിവ്, പ്രത്യേകിച്ച് സ്ത്രീകൾ. ബാക്കിയുള്ള കാലം വീട്ടുകാര്യങ്ങളും നോക്കി കഴിഞ്ഞുകൂടാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. എന്നാൽ ,ഉത്തർപ്രദേശിലെ ജോഹ്രി ഗ്രാമത്തിലെ രണ്ട് സ്ത്രീകൾ തങ്ങളുടെ അറുപതുകളിൽ തീർത്തും സാഹസികമായ ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുകയുണ്ടായി. പ്രായം വെറും ഒരു സംഖ്യയാണെന്നും ഒരാൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രായം ഒരു തടസ്സമില്ലെന്നും അവർ തെളിയിച്ചു. അവരാണ് ചന്ദ്രോ തോമറും, സഹോദരി പ്രകാശി തോമറും, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതാ ഷാർപ്പ്ഷൂട്ടർമാർ. അവരെ ലോകം 'ഷൂട്ടർ ദാദിമാർ' എന്ന് വിളിക്കുന്നു.
undefined
വെറുമൊരു നേരം പോക്കല്ല അവർക്കത്. ഇതുവരെ ഇരുന്നൂറ്റിയമ്പതോളം സംസ്ഥാന, ദേശീയ മെഡലുകളും ട്രോഫികളും അവർ നേടിയിട്ടുണ്ട്. എൺപതുകളിൽ എത്തിനിൽക്കുന്ന അവർക്ക് ഇപ്പോഴും കൈവിറക്കാതെ, കാഴ്ചമങ്ങാതെ കൃത്യമായി ഉണ്ടകൾ ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കാൻ കഴിയും. പുരുഷന്മാർക്ക് മാത്രം കഴിയുന്ന ഒന്നാണ് ഷാർപ്പ് ഷൂട്ടിംഗ് എന്ന് കരുതിയിരുന്ന ഉത്തർപ്രദേശിലെ ഒരു ഉൾഗ്രാമത്തിൽ സ്ത്രീകൾക്കും അതെല്ലാം സാധിക്കുമെന്ന് തെളിയിച്ചവരാണ് അവർ. ചന്ദ്രോ തോമറിന് ഇപ്പോൾ 89 വയസ്സും, പ്രകാശി തോമറിനെയും 87 വയസ്സുമാണ് പ്രായം. എന്നാൽ, അവർ അവരുടെ ജീവിതഗതിയെ മാത്രമല്ല അവിടത്തെ ജനങ്ങളുടെ മനോഭാവത്തെയും മാറ്റിമറിച്ചു. ഒരു സ്ത്രീക്ക് മൾട്ടി ടാസ്‌ക് ചെയ്യാൻ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുത്തു.
1998 -ൽ രാജ്പാൽ സിംഗ് ജോഹ്രി റൈഫിൾ അസോസിയേഷൻ സ്ഥാപിക്കുകയും താൽക്കാലിക ഷൂട്ടിംഗ് ശ്രേണി തുടങ്ങുകയും ചെയ്തതോടെയാണ് അവരുടെ കഥ ആരംഭിക്കുന്നത്. അവിടെ തോക്കുകളിൽ ഉണ്ടകൾക്ക് പകരം എയർ പിസ്റ്റളുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അതിന്റെ സ്ഥാപകരായ രാജ്പാൽ സിങ്ങും ഫാറൂഖ് പത്താനും ചെറുപ്പക്കാരെ പഠിപ്പിക്കുകയെന്ന ദൗത്യത്തോടെ ആരംഭിച്ച അതിൽ ചന്ദ്രോ തന്റെ ചെറുമകൾ ഷെഫാലിയെ ചേർത്തു. അക്കാലത്ത് ചന്ദ്രോ ഒരു കാഴ്ചക്കാരി മാത്രമായിരുന്നു. വെറും 12 വയസ്സുള്ള അവരുടെ ചെറുമകൾ ഷെഫാലിയോടൊപ്പം പരിശീലന സമയത്ത് ചന്ദ്രോയും പോകുമായിരുന്നു. അവർ മാത്രമായിരുന്നു അവിടെയുള്ള ഏക സ്ത്രീ.
ഒരു ദിവസം പിസ്റ്റൾ കൃത്യമായി ഉപയോഗിക്കാൻ കഴിയാതെ പരിഭ്രാന്തയായി നിൽക്കുന്ന ഷെഫാലിയോട് ചന്ദ്രോ ചോദിച്ചു, 'എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ? എന്നെ നോക്കൂ' ഇതും പറഞ്ഞ് ചന്ദ്രോ തോക്ക് എടുത്ത് ലോഡ് ചെയ്ത് വെടിവച്ചു. അത് കാളയുടെ കണ്ണിൽ തന്നെ തുളഞ്ഞു കയറി. ആദ്യമായാണ് ചന്ദ്രോ തോക്ക് എടുക്കുന്നത്. പത്താന് ഇത് കണ്ട മതിപ്പുളവായി. എന്നാൽ, ഇത് എന്തോ ഭാഗ്യത്തിന് കൊണ്ടതാണ് എന്ന് പലരും പറഞ്ഞു. അവർ മറ്റൊരു ഷോട്ട് തൊടുത്തു, അതും ലക്ഷ്യത്തിലെത്തി. ഷൂട്ടിംഗുമായുള്ള അവരുടെ പ്രണയത്തിന്റെ തുടക്കമായിരുന്നു അത്. ഒറ്റ ദിവസത്തിൽ എല്ലാം മാറി.
പരിശീലനം തുടരാൻ പത്താൻ മുത്തശ്ശിയേയും ചെറുമകളെയും പ്രേരിപ്പിച്ചു. പക്ഷേ, ചന്ദ്രോ കുടുംബത്തെ ഭയപ്പെട്ടു. ഒരു പുരുഷാധിപത്യ സമൂഹത്തിൽ അവരുടെ ആഗ്രഹം അംഗീകരിക്കപ്പെടുമോ എന്നവർ ഭയന്നു. ഉയർന്ന ദാരിദ്ര്യ നിരക്ക് ഉള്ള ഉത്തർപ്രദേശിൽ
പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവരസരം കുറവാണ്. മിക്ക സ്ത്രീകളും ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ച് മക്കളെയും മരുമക്കളെയും നോക്കി വീടുകളിൽ കഴിയുന്നു. 1931 -ൽ ഒരു വലിയ കാർഷിക കുടുംബത്തിലാണ് ചന്ദ്രോ ജനിച്ചത്. 70 അംഗങ്ങളുള്ള വീട്ടിൽ എപ്പോഴും ജോലികൾ ഉണ്ടായിരുന്നു. സ്കൂളിൽ പോയിട്ടില്ലാത്ത അവൾ 15 -ാം വയസിൽ വിവാഹം കഴിക്കുകയും 50 വർഷം സ്വന്തം കുടുംബത്തിന് വേണ്ടി ജീവിക്കുകയും ചെയ്തു. എന്നിരുന്നാലും ചന്ദ്രോ ഷൂട്ടിംഗ് പരിശീലനം നേടാൻ തന്നെ തീരുമാനിച്ചു. 'തോക്ക് എടുക്കുമ്പോഴെല്ലാം എനിക്ക് വല്ലാത്ത ആവേശം തോന്നി' അവർ പറഞ്ഞു.
പരിശീലനം ആരംഭിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം പത്താൻ ഒരു ടീം രൂപീകരിച്ച് പഞ്ചാബ് സംസ്ഥാനത്ത് നടന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാനായി തീരുമാനിച്ചു. ഷെഫാലി ഉൾപ്പെടെ നിരവധി കുട്ടികളെ അതിലേയ്ക്ക് തിരഞ്ഞെടുത്തു. ചന്ദ്രോ തോമർ അവരോടൊപ്പം പോയി, അവർ ആദ്യമായിട്ടാണ് ഉത്തർപ്രദേശ് വിട്ട് പുറത്ത് പോകുന്നത്. അവരുടെ കുടുംബത്തിലെ മറ്റുള്ളവർക്ക് ഈ കാര്യം അറിയില്ലായിരുന്നു. ചന്ദ്രോയും മത്സരത്തിൽ പങ്കെടുത്തു. അന്ന് ആദ്യമായി അവർ ഒരു യഥാർത്ഥ തോക്ക് ഉപയോഗിച്ചു. അന്ന് ചന്ദ്രോ ഒരു വെള്ളി മെഡലുമായാണ് മടങ്ങിയത്.
പിന്നീട് ഒരു പ്രാദേശിക പത്രം അവരുടെ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും അത് കണ്ട് വീട്ടിൽ വലിയ കോലാഹലം ഉണ്ടാവുകയും ചെയ്തു. 'എന്റെ ഭർത്താവും സഹോദരന്മാരും വളരെ ദേഷ്യപ്പെട്ടു' ചന്ദ്രോ ഓർത്തു. അവർ പറഞ്ഞു, ‘ആളുകൾ എന്ത് ചിന്തിക്കും? നിങ്ങളുടെ പ്രായത്തിലുള്ള ഒരു വൃദ്ധ തോക്കെടുക്കുന്നത് എന്തൊരു നാണക്കേടാണ്' വീട്ടുകാർ പറഞ്ഞു. റേഞ്ചിലേക്ക് പോകുന്നത് അവർ വിലക്കി. എന്നിരുന്നാലും മക്കൾ അവരെ പിന്തുണച്ചു. 'ഞാൻ അവർ പറയുന്നത് നിശബ്ദമായി കേട്ടുനിന്നു. പക്ഷേ, എന്റെ തീരുമാനം മാറ്റാൻ ഞാൻ തയ്യാറായില്ല. എന്തുതന്നെയായാലും ഇത് തുടരാൻ തന്നെ ഞാൻ തീരുമാനിച്ചു' ചന്ദ്രോ പറഞ്ഞു. കാലക്രമേണ, അവരുടെ നാത്തൂനായ പ്രകാശി തോമറും അവരോടൊപ്പം ചേർന്നു. സ്ത്രീകൾ തലയും മുഖവും മറക്കേണ്ടി വന്നിരുന്ന, പുരുഷന്മാരുമായി സംസാരിക്കുമ്പോൾ കണ്ണിൽ നോക്കാൻ അവകാശമില്ലാതിരുന്ന ഒരു യാഥാസ്ഥിതിക സമൂഹത്തിൽ ചന്ദ്രോ തോമർ വീടുതോറും കയറി ഇറങ്ങി ഷൂട്ടിങ്ങിനെ പ്രോത്സാഹിപ്പിച്ചു. പെൺമക്കളെ കായിക പഠനത്തിനായി വിടണമെന്ന് കുടുംബങ്ങളോട് ആവശ്യപ്പെട്ടു. വിമുഖത കാണിക്കുന്ന മാതാപിതാക്കളെ ജയിക്കാൻ അവർക്ക് കഴിഞ്ഞു. ഒരു ഷൂട്ടിംഗ് ടീം ഗ്രാമത്തിൽ ആരംഭിച്ചപ്പോൾ തോമർ കുടുംബം പ്രകാശി തോമർ ഉൾപ്പെടെ അരഡസനോളം അംഗങ്ങളെ നൽകി.
പ്രകാശിയും ചന്ദ്രോയും ദിവസവും കാലത്ത് നാല് മണിയ്ക്ക് തന്നെ എഴുന്നേൽക്കും. എണീറ്റാൽ പശുവിനെ കറക്കുക, അതിന്റെ കാര്യങ്ങൾ നോക്കുക, ഭക്ഷണം പാകം ചെയ്യുക, വയലുകളിൽ ജോലി ചെയ്യുക തുടങ്ങിയ ജോലികൾക്കൊപ്പം ഷൂട്ടിംഗ് പരിശീലനവും നടത്തും. രാജ്യത്തുടനീളം വിവിധ ചാമ്പ്യൻഷിപ്പുകളിൽ ഇരുവരും നൂറിലധികം മെഡലുകൾ നേടിയിട്ടുണ്ട്. നിരവധി രാഷ്ട്രപതി അവാർഡുകൾക്കൊപ്പം പ്രകാശി തോമർ ഇന്ത്യൻ രാഷ്ട്രപതി സമ്മാനിച്ച ഒരു സ്ത്രീ ശക്തി പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010 -ൽ നടന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ഷൂട്ടർ ആയി മാറി പ്രകാശി തോമാറിന്റെ മകൾ സീമ തോമർ. ചന്ദ്രോയുടെ ചെറുമകൾ ഷെഫാലിയും ഒരു അന്താരാഷ്ട്ര ഷൂട്ടറാണ്. തോമർ കുടുംബം അവരുടെ വീട്ടിൽ നിരാലംബരായ കുട്ടികൾക്കായി ഒരു ഷൂട്ടിംഗ് ശ്രേണി നിർമ്മിക്കുകയാണ് ഇപ്പോൾ.
ഇവരുടെ ജീവിതമാണ് 'സാന്ത് കീ ആംഖ്' എന്ന സിനിമയക്ക് പ്രചോദനമായത്.