അവളെ ഞങ്ങൾക്ക് തരൂ; ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുക്കാനാ​ഗ്രഹിച്ച് കോടികൾ വരുമാനമുള്ള ഇൻഫ്ലുവൻസർ

By Web TeamFirst Published Jan 27, 2024, 12:58 PM IST
Highlights

'താൻ ഫോളോവേഴ്സിനെ കൂട്ടാനോ, വൈറലാവാനോ ഒന്നും വേണ്ടിയല്ല ഈ വീഡിയോ ചെയ്യുന്നത്. തനിക്ക് ഒരു പെൺകുഞ്ഞിനെ വേണമെന്ന് അത്രയും ആ​ഗ്രഹമുണ്ട്' എന്നും യുവതി പറയുന്നു.

ചൈനയിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് കാരണമായിത്തീർന്നിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആ​ഗ്രഹിക്കുന്നു എന്നാണ് ഇൻഫ്ലുവൻസർ പറഞ്ഞിരിക്കുന്നത്. ആ കുഞ്ഞിന് വേണ്ട എല്ലാം നൽകി അവളെ സന്തോഷത്തോടെ വളർത്തുമെന്നും ഇൻഫ്ലുവൻസറായ യുവതി പറയുന്നു. 

'റെയിൻബോ കപ്പിൾ' എന്ന പേരിലാണ് ഓൺലൈനിൽ 33 -കാരിയായ യുവതി അറിയപ്പെടുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. മൂന്നുപേരും ആൺകുട്ടികളാണ്. ഒരു കുട്ടി ഉപേക്ഷിക്കപ്പെട്ട വാർത്ത കണ്ടു എന്നും ആ കുട്ടിയെ ദത്തെടുക്കാൻ തന്നെ സഹായിക്കണം എന്നുമാണ് യുവതി പറയുന്നത്. 'തനിക്ക് മൂന്ന് ആൺമക്കളാണ്. മൂന്നും സിസേറിയനായിരുന്നു. ഒരു പെൺകുഞ്ഞിനെ വേണം എന്ന് അതിയായ ആ​ഗ്രഹം ഉണ്ട്. അതിനാൽ, ഈ കുഞ്ഞിനെ തനിക്ക് ദത്തെടുക്കാൻ ആ​ഗ്രഹമുണ്ട്. അവളെ താനും കുടുംബവും ഏറ്റവും സന്തോഷവതിയായി നോക്കിക്കോളാം' എന്നും യുവതി പറയുന്നു. 

Latest Videos

'വീട്ടുകാരോട് താൻ ഇക്കാര്യം പറഞ്ഞിരുന്നു. അവർക്കെല്ലാം സന്തോഷമാണ്. താനും ഭർത്താവും മൂന്ന് മക്കളും കൂടാതെ മുത്തശ്ശനും മുത്തശ്ശിയും അങ്കിൾമാരും ആന്റിമാരും എല്ലാവരും ചേർന്ന് അവളെ എല്ലാ സ്നേഹവും സന്തോഷവും നൽകി വളർത്തും. അവൾക്ക് ഒരിക്കലും വിഷമിക്കേണ്ടി വരില്ല. എങ്ങനെയെങ്കിലും അവളെ ദത്തെടുക്കാൻ ഞങ്ങളെ സഹായിക്കണം. അവളെ കണ്ടപ്പോൾ തന്നെ എന്തോ ഒരു ബന്ധം തോന്നി' എന്നാണ് യുവതി പറയുന്നത്. കോടികൾ വരുമാനമുള്ള ഇൻഫ്ലുവൻസറാണ് റെയിൻബോ കപ്പിൾ. 

'താൻ ഫോളോവേഴ്സിനെ കൂട്ടാനോ, വൈറലാവാനോ ഒന്നും വേണ്ടിയല്ല ഈ വീഡിയോ ചെയ്യുന്നത്. തനിക്ക് ഒരു പെൺകുഞ്ഞിനെ വേണമെന്ന് അത്രയും ആ​ഗ്രഹമുണ്ട്' എന്നും യുവതി പറയുന്നു. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അവരുടെ ആ​ഗ്രഹത്തെ അഭിനന്ദിച്ചത്. എന്നാൽ, ചിലർ പറഞ്ഞത്, 'കുട്ടികളേ ഇല്ലാത്ത ആളുകളുടെ അവസരമാണ് നിങ്ങൾ നിഷേധിക്കുന്നത്. നിങ്ങൾക്ക് മൂന്ന് ആൺകുട്ടികളുണ്ടല്ലോ അതുപോരേ' എന്നാണ്. 

ജനുവരി അഞ്ചിനാണ് പെൺകുഞ്ഞിനെ തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനൊപ്പം ഒരു കുറിപ്പും വച്ചിട്ടുണ്ടായിരുന്നു. അതിൽ പറയുന്നത്, 'കുടുംബത്തിന്റെ അവസ്ഥ കാരണം തനിക്ക് ഈ കുട്ടിയെ വളർത്താനാവില്ല. അതിനാൽ, ആരെങ്കിലും അവളെ വളർത്തും എന്ന പ്രതീക്ഷയിൽ ഞാനിവിടെ ഉപേക്ഷിക്കുകയാണ്. അവളെ വളർത്തുന്നവളോട് ഞാനും എന്റെ കുടുംബവും നന്ദിയുള്ളവരായിരിക്കും' എന്നാണ്. 

പിന്നീട്, പൊലീസിന്റെ സഹായത്തോടെ കുഞ്ഞിനെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിനെ ദത്തെടുക്കാൻ ആ​ഗ്രഹിച്ച് ഒരുപാട് പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ യഥാർത്ഥ മാതാപിതാക്കൾ വന്നില്ലെങ്കിൽ കുഞ്ഞിനെ അനുയോജ്യരായവർക്ക് നൽകും. 

വായിക്കാം: 'നീ വിവാഹം കഴിച്ചില്ലെങ്കിൽ ഞാൻ ചത്തുകളയും', മകന് അമ്മയുടെ ഭീഷണി, ഒടുവിൽ പണി കിട്ടിയെന്ന് സോഷ്യൽ മീഡിയ

click me!