സ്വവർ​ഗാനുരാ​ഗം ഒരു കുറ്റമല്ല, അത് മനസിലാക്കാൻ ആളുകളെ സഹായിക്കണം; ശ്രദ്ധേയമായി കർദ്ദിനാളിന്റെ പരാമർശം

By Web TeamFirst Published Nov 28, 2023, 5:24 PM IST
Highlights

'എൽജിബിടി ആളുകളെ ക്രിമിനലുകളായി കണക്കാക്കരുത്. കാരണം അവർ യാതൊരു തെറ്റും ചെയ്യുന്നില്ല. ഇക്കാര്യത്തിൽ ആളുകൾക്ക് വിദ്യാഭ്യാസം നൽകേണ്ട സമയമായിരിക്കുന്നു. അതുവഴി എന്താണ് യാഥാർത്ഥ്യം, എന്താണ് സ്വവർ​ഗാനുരാ​ഗം എന്നതൊക്കെ മനസിലാക്കാൻ ജനങ്ങളെ സഹായിക്കണം.'

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദ കോർ' എന്ന സിനിമ റിലീസായത്. അതിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്വവർ​ഗാനുരാ​ഗിയായിരുന്നു. ആ നിലയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ഇത്. എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും ലോകത്തിലെ ഒരു രാജ്യവും ഒരു സമൂഹവും പൂർണമായും സ്വവർ​ഗാനുരാ​ഗികളായ ആളുകളെ ഉൾക്കൊള്ളാൻ പരുവപ്പെട്ടിട്ടില്ല. എന്നാലിപ്പോൾ ഘാനയിൽ നിന്നുള്ള ഒരു ഉന്നതനായ കർദ്ദിനാൾ സ്വവർ​ഗാനുരാ​ഗത്തെ കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് ശ്രദ്ധ നേടുന്നത്.  

സ്വവർഗാനുരാ​ഗം ഒരു ക്രിമിനൽ കുറ്റമാവരുത് എന്നും ആ വിഷയം നന്നായി മനസ്സിലാക്കാൻ വേണ്ടി ആളുകളെ സഹായിക്കുകയാണ് വേണ്ടത് എന്നുമാണ് കർദ്ദിനാൾ പീറ്റർ ടർക്‌സൺ ബിബിസിയോട് പറഞ്ഞത്. എൽജിബിടി വിഭാഗത്തിൽപ്പെട്ടവർക്ക് കടുത്ത ശിക്ഷ തന്നെ നൽകുന്ന ഒരു ബിൽ പാർലമെന്റ് ചർച്ച ചെയ്യുന്നതിനിടയിലാണ് കർദ്ദിനാൾ ടർക്‌സണിന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്. 

Latest Videos

സ്വവർഗാനുരാ​ഗം നിന്ദ്യമാണ് എന്നാണ് സ്വതവേ ഘാനയിലെ റോമൻ കത്തോലിക്ക ബിഷപ്പുമാർ വിശ്വസിക്കുന്നത്. അതിനിടെയാണ് അതിന് വിരുദ്ധമായ ഒരു പ്രസ്താവന കർദ്ദിനാൾ പീറ്റർ ടർക്സൺ നടത്തുന്നത്. ഫ്രാൻസിസ് മാർപ്പാപ്പ മുൻപുണ്ടായിരുന്ന നിലപാട് മാറ്റുകയും സ്വവർ​ഗ വിവാഹം എന്ന ആവശ്യവുമായി എത്തുന്ന ആളുകൾക്ക് ആശീർവാദം നൽകാം എന്ന നിലപാടിലേക്ക് എത്തുകയും ചെയ്തിരുന്നു. സഭയിലെ തന്നെ സ്വവർ​രതിയെ ശക്തമായി വിമർശിക്കുന്ന,  യാഥാസ്ഥിതിക വിഭാഗത്തിൽ പെടുന്ന അഞ്ച് കര്‍ദ്ദിനാള്‍മാരുടെ പതിവ് ചോദ്യങ്ങള്‍ക്കുള്ള മറുപടി കത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇങ്ങനെ ഒരു സൂചന നൽകിയത്.

എന്നാൽ, ഇപ്പോഴും ഘാനയിലെ കർദ്ദിനാളുമാർ സ്വവർ​ഗാനുരാ​ഗത്തിനും സ്വവർ​ഗവിവാഹത്തിനും എതിരായ നിലപാടുകളാണ് മിക്കവാറും സ്വീകരിച്ചു വരുന്നത്. അതിനാൽ തന്നെയാണ് കർദ്ദിനാൾ പീറ്റർ ടർക്‌സണിന്റെ പരാമർശം ശ്രദ്ധേയമായിത്തീർന്നിരിക്കുന്നത്. ഇപ്പോഴും പള്ളി സ്വവർ​ഗാനുരാ​ഗത്തെ പാപമായിട്ടാണ് കാണുന്നത് എന്നും സ്വവർ​ഗവിവാഹത്തെ അം​ഗീകരിക്കാത്ത നിലപാടാണ് എന്നും കർദ്ദിനാൾ പീറ്റർ ടർക്‌സൺ പറയുന്നു. 

ജൂലൈയിൽ, ഘാനയിലെ എംപിമാർ ഒരു നിർദ്ദിഷ്ട ബില്ലിലെ നടപടികളെ പിന്തുണച്ച് മുന്നോട്ട് വന്നിരുന്നു. എന്നാൽ, അത് പാർലമെന്റ് പാസാക്കിയിട്ടില്ല. എൽജിബിടി ആയിരിക്കുന്നർക്ക് മൂന്ന് വർഷം തടവും അവരുടെ അവകാശങ്ങൾക്കായി പ്രചാരണം നടത്തുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം എന്നായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. ഘാനയിൽ ഇപ്പോഴും സ്വവർ​ഗരതി കുറ്റമാണ്. മൂന്നുവർഷം വരെ ഇതിന് തടവുശിക്ഷ ലഭിക്കാം. 

ആ​ഗസ്തിൽ ഇറക്കിയ ഒരു പ്രസ്താവനയിൽ ഘാനയിലെ ബിഷപ്പുമാർ സ്വവർ​ഗാനുരാ​ഗത്തെ ശക്തമായി എതിർക്കുകയും പാശ്ചാത്യരാജ്യങ്ങൾ സ്വവർ​ഗരതിയെ പിന്തുണക്കുന്നതും അത്തരം കാര്യങ്ങൾ മറ്റ് രാജ്യങ്ങളുടെ മേൽ‌ അടിച്ചേൽപ്പിക്കുന്നതും അവസാനിപ്പിക്കണം എന്നും പറഞ്ഞിരുന്നു. 

കർദ്ദിനാൾ ടർക്സൺ പറഞ്ഞത്, 'എൽജിബിടി ആളുകളെ ക്രിമിനലുകളായി കണക്കാക്കരുത്. കാരണം അവർ യാതൊരു തെറ്റും ചെയ്യുന്നില്ല. ഇക്കാര്യത്തിൽ ആളുകൾക്ക് വിദ്യാഭ്യാസം നൽകേണ്ട സമയമായിരിക്കുന്നു. അതുവഴി എന്താണ് യാഥാർത്ഥ്യം, എന്താണ് സ്വവർ​ഗാനുരാ​ഗം എന്നതൊക്കെ മനസിലാക്കാൻ ജനങ്ങളെ സഹായിക്കണം. എന്താണ് ക്രൈം, എന്തല്ല ക്രൈം എന്ന് ആളുകളെ ബോധവൽക്കരിക്കാൻ വലിയ വിദ്യാഭ്യാസം തന്നെ വേണ്ടിവരും' എന്നാണ്. പല ആഫ്രിക്കൻ രാജ്യങ്ങളേയും കർശനമായ സ്വവർഗ്ഗാനുരാഗ വിരുദ്ധ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചത് ചില വിദേശ സംഭാവനകളും ഗ്രാന്റുകളും സ്ഥാനത്തിന് വേണ്ടിയുള്ള ശ്രമങ്ങളുമാണ് എന്നും കർദ്ദിനാൾ ടർക്സൺ പറഞ്ഞു. 

വായിക്കാം: 'ആ വസ്ത്രം ധരിച്ചതുകൊണ്ടെന്താ? ഇഷ്ടമുള്ള കാര്യം ചെയ്തതിനെന്താ?' ഉള്ളുലഞ്ഞ് ക്വീർ ആർട്ടിസ്റ്റിന്‍റെ അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!