ഹെൽമെറ്റ് മോഷണം പോയി, പൊലീസ് കേസെടുത്തില്ല, യുവാവ് നേരെ പോയത് കോടതിയിലേക്ക് 

By Web Team  |  First Published Sep 29, 2024, 1:06 PM IST

ആദ്യം താൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലാണ് ചെന്നത്. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. അതുകൊണ്ടാണ് തനിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത് എന്നും പാണ്ഡെ പറഞ്ഞു.


ഹെൽമെറ്റ് മോഷണം പോയി, പിന്നാലെ നിയമപോരാട്ടവുമായി അഭിഭാഷകൻ. കഴിഞ്ഞ മാസം ലഖ്‌നൗ ജനറൽ പോസ്റ്റ് ഓഫീസിൽ വച്ചാണ് അഭിഭാഷകന്റെ ഹെൽമറ്റ് മോഷണം പോയത്. പിന്നാലെ, 33 -കാരനായ അഡ്വ. പാണ്ഡെ പൊലീസിൽ പരാതി നൽകി. എന്നാൽ, കെസെടുക്കാൻ പൊലീസ് വിസമ്മതിച്ചതോടെ യുവാവ് നേരെ കോടതിയെ സമീപിക്കുകയായിരുന്നു. 

എന്തായാലും ഇപ്പോൾ കോടതി നിർദ്ദേശപ്രകാരം സംഭവത്തിൽ കേസെടുത്തു കഴിഞ്ഞു. ഓഗസ്റ്റ് 17 -ന് ഉച്ചയ്ക്ക് 2.24 ഓടെയാണ് ജനറൽ പോസ്റ്റ് ഓഫീസിൽ വച്ച് തന്റെ കറുത്ത ഹെൽമെറ്റ് മോഷണം പോയത് എന്നാണ് പാണ്ഡെ പറയുന്നത്. കോടതി പുറപ്പെടുവിച്ച നോട്ടീസ് അയയ്ക്കാൻ പോയപ്പോഴാണ് പോസ്റ്റ് ഓഫീസിൽ വച്ച് ഹെൽമെറ്റ് മോഷ്ടിക്കപ്പെട്ടത് എന്നും പാണ്ഡെ പിടിഐയോട് പറഞ്ഞു.

Latest Videos

undefined

അവിടെ വരിയിൽ നിൽക്കുകയായിരുന്ന ആരോ ആണ് തന്റെ ഹെൽമെറ്റ് മോഷ്ടിച്ചത് എന്നും യുവാവ് ആരോപിക്കുന്നു. ആ ഹെൽമറ്റ് ഞാൻ ഒരു പ്രത്യേക അവസരത്തിൽ വാങ്ങിയതോ ആരും എനിക്ക് സമ്മാനിച്ചതോ ഒന്നും അല്ല. എന്നിരുന്നാലും, ഇത് ഒരു സർക്കാർ സ്ഥാപനത്തിൽവച്ച് മോഷ്ടിക്കപ്പെടുക എന്നത് ഒരു ​ഗുരുതരമായ പ്രശ്നമാണ് എന്നാണ് പാണ്ഡെ പറയുന്നത്. 

ആദ്യം താൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലാണ് ചെന്നത്. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. അതുകൊണ്ടാണ് തനിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത് എന്നും പാണ്ഡെ പറഞ്ഞു. 10-15 ദിവസം മുമ്പ് താൻ വാങ്ങിയ ഹെൽമെറ്റാണത്. ഒരു ഹെൽമെറ്റ് പോയതല്ല വിഷയം. ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും അത് മോഷണം പോയി, പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചു എന്നതാണ് വിഷയം എന്നും പാണ്ഡെ പറഞ്ഞു. 

എന്തായാലും കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. ഇപ്പോൾ അന്വേഷണം നടക്കുകയാണ്. 

(ചിത്രം പ്രതീകാത്മകം) 

tags
click me!