രണ്ടു മാസം മുൻപാണ് ഈ പ്രതിസന്ധിയുടെ തുടക്കം. പലയിടങ്ങളിൽ ഉറവ പൊട്ടിത്തുടങ്ങി. ആദ്യമൊക്കെ നാട്ടുകാർ കാര്യങ്ങൾ വീക്ഷിച്ചത് കൗതുകത്തോടെയായിരുന്നു. പക്ഷെ, പോകെ പോകെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി.
മധ്യേഷ്യയോട് ചേർന്നു കിടക്കുന്ന ആഫ്രിക്കൻ രാജ്യമായ ലിബിയ വരണ്ടുണങ്ങുകയാണ്. ചൂടും കുടിവെള്ള ക്ഷാമവും രൂക്ഷമായ രാജ്യത്ത് ജനങ്ങൾ അതിജീവനത്തിനായി ബുദ്ധിമുട്ടുന്നു. എന്നാൽ, ഈ രാജ്യത്ത് തന്നെ മറ്റൊരു ഭാഗത്ത് വെള്ളപ്പൊക്കത്താൽ പൊറുതിമുട്ടി നാടു വിടുകയാണ് ജനങ്ങൾ.
ലിബിയയിലെ ഒരു മെഡിറ്ററേനിയൻ തീരദേശ നഗരമായ സ്ലിറ്റൻ ആണ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നത്. നിഗൂഢമായ കാരണങ്ങളാൽ ഈ നഗരത്തിലെ ഭൂഗർഭജലത്തിന്റെ അളവ് ഉയരുകയാണ്. അത് ഭൂമിയുടെ പുറത്തേക്ക് ഉറവയായി പൊട്ടിയൊഴുകി വെള്ളപ്പൊക്കമുണ്ടാകുന്നു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് ഏതാണ്ട് 160 കിലോമീറ്റർ അകലെയാണ് സ്ലിറ്റൻ. ഭൂമിക്കടിയിൽനിന്ന് ഉറവയായി പുറത്തേക്കു വരുന്ന ജലം സ്ലിറ്റനിലെ ജനവാസ മേഖലകളിലും കൃഷിസ്ഥലങ്ങളും ഉണ്ടാക്കുന്ന നാശം ചെറുതല്ല.
undefined
ഈന്തപ്പനത്തോട്ടങ്ങൾ ഉൾപ്പെടെയുള്ള നിരവധി വിളകളാണ് ആഴ്ചകളായി നീണ്ടു നിൽക്കുന്ന ഈ വെള്ളപ്പൊക്കത്തിൽ ചീഞ്ഞ് നശിക്കുന്നത്. ഇതോടെ മേഖലയിൽ കൊതുകുകളുടെ എണ്ണം വർധിച്ചതും വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ പാരിസ്ഥിതിക പ്രതിസന്ധിയുടെ കാരണം കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് ഇപ്പോൾ അധികൃതർ. നിരവധി ആളുകൾ ഇതിനകം ഈ പ്രദേശം വിട്ട് പലായനം ചെയ്തുകഴിഞ്ഞു. വെള്ളപ്പൊക്കം മൂലം പ്രതിസന്ധിയിലായവരുടെ പുനരധിവാസത്തിനും പരിഹാരം കണ്ടെത്താൻ സർക്കാരിനായിട്ടില്ല.
രണ്ടു മാസം മുൻപാണ് ഈ പ്രതിസന്ധിയുടെ തുടക്കം. പലയിടങ്ങളിൽ ഉറവ പൊട്ടിത്തുടങ്ങി. ആദ്യമൊക്കെ നാട്ടുകാർ കാര്യങ്ങൾ വീക്ഷിച്ചത് കൗതുകത്തോടെയായിരുന്നു. പക്ഷെ, പോകെ പോകെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. ക്രമേണ വെള്ളത്തിന്റെ അളവ് വർധിക്കുകയും വീടുകളും തോട്ടങ്ങളിലും വെള്ളത്തിലാവുകയും ചെയ്തു. ഒരു മാസം മുൻപ് വരെ കൃഷിയിടങ്ങളും താമസസ്ഥലങ്ങളും ആയിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വെറും ചതുപ്പുനിലങ്ങളാണ്.
ഈ പ്രതിഭാസത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രശ്നം വേഗം പരിഹരിക്കുമെന്ന് ലിബിയൻ പ്രധാനമന്ത്രി ഉൾപ്പടെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷയത്തിൽ ഇറ്റലിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളിലെ പ്രളയ വിദഗ്ധരുടെ സഹായം ലിബിയൻ അധികൃതർ തേടിയിട്ടുണ്ട്.