കടലിലെ പൊന്ന്, ലക്ഷങ്ങൾ വില, ​ഗോൽ മത്സ്യം ഇനി ​ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം

By Web TeamFirst Published Nov 22, 2023, 5:34 PM IST
Highlights

ഒന്നര മീറ്ററോളം ഇതിന് നീളം വരാം. അതുപോലെ, ഇതിൽ ആൺമത്സ്യങ്ങൾക്കാണ് കൂടുതൽ വില കിട്ടുക. 30 കിലോ വരുന്ന മത്സ്യത്തിന് നാലഞ്ചു ലക്ഷം രൂപ വില വരും.

​​ഗോൽ മത്സ്യത്തെ സംസ്ഥാന മത്സ്യമായി തിരഞ്ഞെടുത്ത് ​ഗുജറാത്ത്. അഹമ്മദാബാദിൽ നടന്ന ദ്വിദിന ഗ്ലോബൽ ഫിഷറീസ് കോൺഫറൻസ് ഇന്ത്യ 2023 -ലാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്. ഗോൽ മത്സ്യത്തെ സംരക്ഷിക്കുക, അതേ കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ​ഗോൽ മത്സ്യത്തെ ​ഗുജറാത്ത് സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

​ഗോൽ മത്സ്യം

Latest Videos

ഇന്ത്യയിൽ തന്നെ കാണപ്പെടുന്ന വലിപ്പം കൂടിയ മത്സ്യമാണ് ​ഗോൽ മത്സ്യം. തീർന്നില്ല, കടലിലെ പൊന്ന് തന്നെയാണ് 'സീ ​ഗോൾഡ്' എന്ന് കൂടി അറിയപ്പെടുന്ന ഈ മത്സ്യം. ​ഗോൾഡൻ- ബ്രൗൺ നിറത്തിലുള്ള ഈ മത്സ്യം സാധാരണയായി ​ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. വൻ വില കിട്ടുന്നതാണ് ഈ മത്സ്യം. ഈ വിലയ്ക്ക് പിന്നിലെ പ്രധാന കാരണം അതിന്റെ ആമാശയത്തിൽ കാണപ്പെടുന്ന ബ്ലാഡറാണ്. വിവിധ ശസ്ത്രക്രിയയ്ക്കാവശ്യമായ നൂൽ നിർമ്മിക്കാൻ ഇവ ഉപയോ​ഗിക്കാറുണ്ട്. ഒപ്പം, വിവിധ മരുന്നുകൾ നിർമ്മിക്കുന്നതിന് വേണ്ടിയും ഇതിന്റെ ബ്ലാഡർ ഉപയോ​ഗിക്കുന്നു.

അതുപോലെ തന്നെ ഈ മത്സ്യത്തിന് വിവിധ തരത്തിലുള്ള ഔഷധ​ഗുണങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. അത് പ്രതിരോധശേഷി വർധിപ്പിക്കുമെന്നും പറയാറുണ്ട്. ബിയറും വൈനുമുണ്ടാക്കാൻ ​ഗോൽ മത്സ്യം ഉപയോ​ഗിക്കാറുണ്ടത്രെ. ഒന്നര മീറ്ററോളം ഇതിന് നീളം വരാം. അതുപോലെ, ഇതിൽ ആൺമത്സ്യങ്ങൾക്കാണ് കൂടുതൽ വില കിട്ടുക. 30 കിലോ വരുന്ന മത്സ്യത്തിന് നാലഞ്ചു ലക്ഷം രൂപ വില വരും. ​​ഗുജറാത്തിൽ നിന്നും മുംബൈയിൽ നിന്നുമുള്ള മത്സ്യത്തൊഴിലാളികൾ വലിയ വിലയ്ക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ ഈ മത്സ്യത്തിന്റെ വിവിധ ശരീരഭാ​ഗങ്ങൾ വിൽക്കാറുണ്ട്. 

വായിക്കാം: ഏഴുദിവസം മണ്ണിനടിയിൽ ശവപ്പെട്ടിക്കകത്ത് കിടന്ന യൂട്യൂബർക്ക് സംഭവിച്ചത്... 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!