കോട്ടും സ്യൂട്ടുമിട്ട ബാരിസ്റ്റർ മോഹൻദാസിൽ നിന്ന് അർദ്ധനഗ്നനായ ഫക്കീറിലേക്കുള്ള പരിവർത്തനം

By Babu Ramachandran  |  First Published Oct 1, 2019, 12:35 PM IST

ഞാൻ അവരുടെ മറുപടിയിൽ ഒളിച്ചിരുന്ന യാഥാർഥ്യത്തെ തിരിച്ചറിഞ്ഞു. എന്റെ പക്കൽ ബനിയനും, നിലം തൊടുന്ന ധോത്തിയും തൊപ്പിയും ഒക്കെയുണ്ട്. ഉടുമുണ്ടിന് മറുമുണ്ടില്ലാതെ നഗ്നരായി കഴിച്ചുകൂട്ടാൻ നിർബന്ധിതരാകുന്ന പാവപ്പെട്ടവർ ഉള്ള ഒരു നാട്ടിലാണ് ഞാൻ ഇങ്ങനെ ആഡംബരത്തോടെ പെരുമാറുന്നത് എന്നത് എന്നിൽ ലജ്ജയുളവാക്കുന്നു. 


ഒരൊറ്റ നിമിഷം കൊണ്ട് എടുത്ത തീരുമാനമായിരുന്നു അത്. 'ഇനി മേലിൽ കോട്ടും സ്യൂട്ടും ധരിക്കില്ല'. എന്തിന്, ഗുജറാത്തി വേഷഭൂഷകളുടെ ആഡംബരം പോലും ഇനി ഉണ്ടാവില്ല. നഗ്നത മറയ്ക്കാൻ ഒരൊറ്റമുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒരു മേൽമുണ്ടും. അത്ര മതി. ഈ വിപ്ലവകരമായ തീരുമാനം ഗാന്ധിജിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് 1921 സെപ്റ്റംബർ 22 -നാണ്. തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച്. അവിടന്നങ്ങോട്ടുള്ള തന്റെ ജീവിതം പാവപ്പെട്ട ഇന്ത്യൻ ഗ്രാമീണരുടെ അഭ്യുദയത്തിനായി സമർപ്പിക്കപ്പെടാനുള്ളതാണ് എന്നുറപ്പിച്ചിരുന്ന അദ്ദേഹം സ്വയം ചോദിച്ച ചോദ്യമിതാണ്, "പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നവൻ അവരിൽ നിന്ന് വ്യത്യസ്തമായ വേഷഭൂഷകളിൽ പെരുമാറിയാൽ പിന്നെങ്ങനെ അവരിൽ ഒരുവനാകും...?"

ഇംഗ്ലണ്ടിലെ പ്രഖ്യാതമായ ഇന്നർ ടെംപിളിൽ ബാരിസ്റ്ററാകാൻ ചേർന്ന അന്നുമുതൽ കോട്ടും, സ്യൂട്ടും, ഹാറ്റുമായിരുന്നു ഗാന്ധിജിയുടെ ഇഷ്ടവേഷം. ഉപരിപഠനാനന്തരം അദ്ദേഹം നേരെ പോയത് ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു. അവിടെയും ഇടപഴകിയത് പ്ലീഡർമാർക്കും ബാരിസ്റ്റർമാർക്കുമിടയിലും. അവിടെയും അതേ വസ്ത്രം തന്നെ അദ്ദേഹം തുടർന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം ജീവിതത്തിൽ ആദ്യമായി സമരം ചെയ്യുന്നത്. അത് വിജയം കണ്ടതോടെ, സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാനും, അവിടത്തെ തന്റെ സഹോദരങ്ങളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനായി പോരാടാനും അദ്ദേഹം ഉറച്ചു.

Latest Videos

undefined

ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ തന്നെ, തന്റെ വസ്ത്രധാരണം എന്തായിരിക്കണം എന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സിൽ കൂലങ്കഷമായി ചിന്തകൾ നടക്കുന്നുണ്ട്. എന്തായാലും കോട്ടും സ്യൂട്ടും ഹാറ്റും ധരിച്ചുകൊണ്ട് ഇന്ത്യൻ മണ്ണിലേക്ക് ചെന്നിറങ്ങുന്നത് ശരിയല്ല എന്നദ്ദേഹം ഉറപ്പിച്ചു. പിന്നെന്തു ധരിക്കും. ഏറെ ആലോചിച്ച ശേഷം അദ്ദേഹം, തന്റെ ജന്മനാടായ കത്തിയവാഡിലെ പരമ്പരാഗത ഗുജറാത്തി വേഷഭൂഷകളിലേക്ക് മനസ്സുറപ്പിച്ചു. 

1914 -ൽ ദക്ഷിണാഫ്രിക്കവിട്ട് ഇന്ത്യയിലെത്തിയ ബാപ്പു 1917 ഏപ്രിൽ 15 -നാണ് ചമ്പാരനിലെ മോത്തിഹരി സ്റ്റേഷനിൽ വന്നിറങ്ങുന്നത്. ചമ്പാരനിലെ നീലം കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുക എന്നതായിരുന്നു ആഗമനോദ്ദേശ്യം. അദ്ദേഹം നേരെ ചെന്നത് അവിടത്തെ കൃഷിക്കാരെ കണ്ടു സംസാരിക്കാനായിരുന്നു. അവിടത്തെ കൃഷിക്കാരെ ബ്രിട്ടീഷുകാർ നീലം കൃഷിക്കായി നിർബന്ധിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ഭക്ഷ്യധാന്യങ്ങൾ കൃഷിചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ആയിരക്കണക്കിന് കൃഷിക്കാർ തങ്ങളുടെ പട്ടിണിയും പരിവട്ടവും ഗാന്ധിജിക്കുമുന്നിൽ അവതരിപ്പിച്ചു.

വന്നവരിൽ പാതിയിലധികവും സ്ത്രീകളായിരുന്നു. അവർ മുഖം മറച്ചുകൊണ്ടുള്ള ശിരോവസ്ത്രമണിഞ്ഞുകൊണ്ടാണ് ഗാന്ധിജിയുടെ അടുത്തെത്തിയതും തങ്ങളുടെ സങ്കടങ്ങൾ അറിയിച്ചതും. തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണങ്ങളുടെ കഥകൾ അവർ ബാപ്പുവിനെ കേൾപ്പിച്ചു. കുടിവെള്ളമെടുക്കുന്നതിൽ നിന്നുപോലും തങ്ങളെ തടയുന്ന ഒരു സാമൂഹിക വ്യവസ്ഥ നാട്ടിലുണ്ടെന്ന സത്യം അവർ ഗാന്ധിജിയെ അറിയിച്ചു. വെളിക്കിറങ്ങാൻ അതികാലത്ത് വെളിച്ചം വന്നുതുടങ്ങുന്നതിനു മുമ്പുള്ള ആ ഒരു സമയം മാത്രമാണ് തങ്ങൾക്കുള്ളതെന്ന ദുരവസ്ഥയും അവർ ബാപ്പുവിനോട് പങ്കുവെച്ചു. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സൗകര്യങ്ങളില്ല. അവരെ കമ്പനി ഓഫീസർമാർ തങ്ങളുടെ വീട്ടുവേലക്കും കുഞ്ഞുങ്ങളെ നോക്കാനുമൊക്കെയായി ദുരുപയോഗം ചെയ്യുന്നു. പകരം കിട്ടുന്നത് പലപ്പോഴും ഒരു ജോഡി വസ്ത്രങ്ങളാകും. പലരെയും ബ്രിട്ടീഷ് ഓഫീസർമാർ ലൈംഗികമായും ചൂഷണം ചെയ്യുന്നുണ്ടായിരുന്നു ഗ്രാമത്തിൽ.

ഗാന്ധിജി ചമ്പാരനിൽ എത്തിയത് കത്തിയവാഡി വേഷഭൂഷകളിൽ ആയിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. എന്താണത്..? ഷർട്ട്, ധോത്തി, വാച്ച്, വെള്ള മേൽമുണ്ട്, തുകൽ ചെരുപ്പ്, തൊപ്പി. ഈ വസ്ത്രങ്ങളൊക്കെയും ഒന്നുകിൽ കൈത്തറി അല്ലെങ്കിൽ ഇന്ത്യൻ മില്ലുകളിൽ ഉണ്ടാക്കിയതായിരുന്നു. അവിടെ വെച്ചാണ് ഏറെ വേദനിപ്പിക്കുന്ന ഒരു വസ്തുത ഗാന്ധിജി തിരിച്ചറിയുന്നത്. നീലം ഫാക്ടറികളിലെ കങ്കാണി സായിപ്പന്മാർ അവിടെ തൊഴിൽ ചെയ്യുന്നവരെ ചെരിപ്പിടാൻ അനുവദിക്കുന്നില്ല. അതോടെ ഗാന്ധിജിയും ചെരുപ്പ് ഉപേക്ഷിച്ച് അവരോട് ഐക്യപ്പെട്ടു. ചമ്പാരനിലെ ദുരവസ്ഥകൾ വിവരിച്ച്, അവയ്ക്ക് ഒരു ശമനം തേടി ഗാന്ധിജി ബ്രിട്ടീഷ് അധികാരികൾക്ക് രണ്ട് കത്തുകൾ എഴുതി. എന്നാൽ, ഗാന്ധിജിയോട് ഉടനടി ചമ്പാരൻ വിട്ടുപോകാനുള്ള ഉത്തരവാണ് മറുപടിയായി കിട്ടിയത്.

നവംബറിലാണ് ഗാന്ധിജിയുടെ ചമ്പാരനിലെ പ്രവർത്തനങ്ങൾക്ക് വേഗമേറുന്നത്. അദ്ദേഹം തന്റെ പ്രവർത്തകരോടൊപ്പം ഗ്രാമത്തിലെത്തി. അവന്തികാ ബായ്, കസ്തൂർബ ഗാന്ധി, മണിബായ് പാരിഖ്, ആനന്ദിബായ്, പുണെ മഹിളാസർവ്വകലാശാലയുടെ രജിസ്ട്രാറായിരുന്ന ശ്രീയുത് ദിവാകർ എന്നീ സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. അവർ ഗ്രാമത്തിൽ മൂന്നു സ്‌കൂളുകൾ തുടങ്ങി. ഗ്രാമീണർക്ക് കൃഷിയിലും നൂൽ നൂൽപ്പിലും പരിശീലനം നൽകി. പൊതുകിണറുകളിലെ ജലം ശുദ്ധമായി സൂക്ഷിക്കാൻ അവരെ പഠിപ്പിച്ചു. ഗ്രാമത്തിലെ വഴികളും അവർ ഗ്രാമീണരുടെ സഹായത്തോടെ വെടിപ്പാക്കി.

കൃഷിപ്പണി ചെയ്യുന്ന സ്ത്രീകളോട് ദിവസവും രണ്ടുനേരം കുളിച്ച് ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാൻ ആവശ്യപ്പെടണം എന്ന് ഗാന്ധിജി പറഞ്ഞു. ഗ്രാമത്തിലെ സ്ത്രീകളെ വിളിച്ചുകൂട്ടി കസ്തൂർബ ഈ വിഷയം അവതരിപ്പിച്ചു. അവരുടെ മറുപടി കസ്തൂർബയെ ഞെട്ടിക്കുന്നതായിരുന്നു. അവരിലൊരാൾ എഴുന്നേറ്റുനിന്ന് പറഞു, "ബാ... ഒന്ന് ഞങ്ങളുടെ കുടിലുകളിലേക്ക് വന്നേ പറ്റൂ. അതിനുള്ളിൽ വസ്ത്രങ്ങൾ കൊണ്ട് നിറഞ്ഞ അലമാരകളൊന്നും ഇല്ലെന്നു നേരിൽ കണ്ടു ബോധ്യപ്പെടണം. എനിക്കാണെങ്കിൽ ആകെയുള്ളത് ഈ  ഉടുത്തിരിക്കുന്ന ഒരൊറ്റ സാരിയാണ്. ഞാൻ എങ്ങനെ കുളിക്കും, ഇതെങ്ങനെ അലക്കും? ബാ തന്നെ പറ. എന്നും ഞാനിതിനെ അലക്കി വൃത്തിയാക്കി ധരിക്കാം. ബാ തന്നെ ബാപ്പുവിനോട് പറഞ്ഞ് ഞങ്ങൾക്കൊക്കെ ഓരോ ജോഡി സാരികൂടി വാങ്ങിത്തരൂ... ഞങ്ങൾ ബാ പറയുന്നത് അപ്പടി അനുസരിക്കാം പിന്നെ..."

അപ്പോൾ തന്നെ തനിക്ക് അത്യാവശ്യമല്ല എന്ന് തോന്നിയ വസ്ത്രങ്ങളൊക്കെ ഗ്രാമീണർക്ക് നൽകി, ഗാന്ധിജി. അപ്പോഴും അദ്ദേഹം തലപ്പാവ് ധരിക്കുമായിരുന്നു. ഫാക്ടറിത്തൊഴിലാളികളുടെ സമരത്തിൽ പങ്കെടുക്കാനായി 1918 -ൽ അഹമ്മദാബാദിൽ ചെല്ലുമ്പോഴാണ് അദ്ദേഹം ഒരു കാര്യം ശ്രദ്ധിക്കുന്നത്. തന്റെ തലപ്പാവിന് വേണ്ടിവരുന്ന തുണികൊണ്ട് നാലുപേർക്കെങ്കിലും നാണം മറയ്ക്കാം. അതോടെ തലപ്പാവ് ധരിക്കൽ ബാപ്പു അവസാനിപ്പിച്ചു.  

1920 -ലായിരുന്നു ഖേഡയിലെ പരുത്തിതൊഴിലാളികളുടെ സമരം. അവരോട് സഹകരിക്കുന്ന വേളയിൽ ഗാന്ധിജി ഇനി ഖാദി വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് പ്രതിജ്ഞ ചെയ്തു. മാഞ്ചസ്റ്ററിലെ കോട്ടൺ മില്ലുകൾക്ക് പരുത്തി എത്തിക്കാൻ വേണ്ടി ഭാരതീയരെ പരുത്തികൃഷിക്ക് നിർബന്ധിക്കുന്ന കാലമായിരുന്നു അത്. 'വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കുക' എന്ന ഗാന്ധിജിയുടെ അന്നത്തെ വിപ്ലവകരമായ ആഹ്വാനത്തിന്റെ ആദ്യപടി ഒറ്റമുണ്ടിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം തന്നെയായിരുന്നു.

1931 -ൽ അരയിൽ ഒറ്റമുണ്ടുമാത്രം ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഗാന്ധിജിയെ,  ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ വിളിച്ചത് 'അർദ്ധനഗ്നനായ, ദേശദ്രോഹി ഫക്കീർ' എന്നായിരുന്നു. "ഇന്നർ ടെംപിളിൽ നിന്ന് ബാരിസ്റ്ററായി പുറത്തിറങ്ങിയ ഗാന്ധിയെപ്പോലെ ഒരാൾ  ഇങ്ങനെ അർദ്ധ നഗ്നനായി ഒരു ഫക്കീറിന്റെ വേഷം കെട്ടി, വൈസ്രോയിയുടെ കൊട്ടാരത്തിൽ ദേശദ്രോഹവും പ്രവർത്തിച്ചുനടക്കുന്നത് കാണുമ്പൊൾ ഛർദ്ദിക്കാനാണ് വരുന്നത്. ആവശ്യമോ, ചക്രവർത്തിയുടെ പ്രതിനിധിയോട് ഒപ്പത്തിനൊപ്പം നിന്ന് ഇടപെടണം എന്നതും. എത്ര പരിഹാസ്യമാണിതൊക്കെ...?"

ഫക്കീർ. ആ വാക്ക് അറബിയിൽ നിന്നാണ് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും ഒക്കെ പ്രയാണം നടത്തിയത്. ഫക്കീർ എന്ന അറബി വാക്കിന്റെ അർഥം ദരിദ്രൻ  എന്നാണ്. അതായത് ലൗകിക സുഖങ്ങളൊക്കെ സ്വമേധയാ ത്യജിച്ചുകൊണ്ട് കഴിയുന്ന ഒരു സർവ്വസംഗപരിത്യാഗി. വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കുക. ബ്രിട്ടീഷ് കുപ്പായങ്ങൾ കത്തിച്ചു കളയുക. ഇതൊക്കെയായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങൾ. അതുകേട്ട് ആരോ ഒരാൾ ചോദിച്ചു. "തൊഴിലാളികൾ അങ്ങ് പറഞ്ഞത് കേട്ട് അവരുടെ വിദേശ കുപ്പായങ്ങൾ കത്തിച്ചു കളഞ്ഞാൽ അവർക്ക് ആരാണ് ഖാദി കൊണ്ട് കൊടുക്കാൻ പോകുന്നത്..?"

1921 -ൽ മദ്രാസ് വഴി മധുരയിലേക്ക് തീവണ്ടിയിൽ പോകുമ്പോൾ തന്റെ കംപാർട്ട്‌മെന്റിൽ ചുറ്റിനുമിരുന്ന സകലരും വൈദേശിക വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത് എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു. അവരോട് ഗാന്ധിജി ഖാദിയുടെ മഹത്വത്തെപ്പറ്റി ഉദ്ഘോഷിച്ചു. എന്നാൽ, തങ്ങൾ പാവപെട്ടവരാണെന്നും അന്നത്തെ ഖാദിയുടെ വില നൽകാനുള്ള ശേഷി ഇല്ലെന്നും അവർ അറിയിച്ചു.

അതേപ്പറ്റി ഗാന്ധിജി പിന്നീട് പറഞ്ഞത് ഇപ്രകാരമാണ്, "ഞാൻ അവരുടെ മറുപടിയിൽ ഒളിച്ചിരുന്ന യാഥാർഥ്യത്തെ തിരിച്ചറിഞ്ഞു. എന്റെ പക്കൽ ബനിയനും, നിലം തൊടുന്ന ധോത്തിയും തൊപ്പിയും ഒക്കെയുണ്ട്. ഉടുമുണ്ടിന് മറുമുണ്ടില്ലാതെ നഗ്നരായി കഴിച്ചുകൂട്ടാൻ നിർബന്ധിതരാകുന്ന പാവപ്പെട്ടവർ ഉള്ള ഒരു നാട്ടിലാണ് ഞാൻ ഇങ്ങനെ ആഡംബരത്തോടെ പെരുമാറുന്നത് എന്നത് എന്നിൽ ലജ്ജയുളവാക്കുന്നു. അവരുടെ ദുരവസ്ഥകൾ അനുഭവിച്ചറിയാത്തിടത്തോളം കാലം, അവയെത്തന്നെ എന്റെ ജീവിതനിയോഗമാക്കാത്തിടത്തോളം കാലം എനിക്കെങ്ങനെയാണ് അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനാകുക..? മധുരയിലെ സമ്മേളനം കഴിഞ്ഞ് അടുത്ത ദിവസം മുതൽ ഞാനും അവരെപ്പോലെയാണ് വസ്ത്രം ധരിക്കാൻ പോകുന്നത്..." അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു.

അങ്ങനെ 1921 സെപ്റ്റംബർ 22 -ന് അദ്ദേഹം തന്റെ വിശ്വപ്രസിദ്ധമായ ഒറ്റമുണ്ടിലേക്ക് മാറി. ഇതേപ്പറ്റി, ദില്ലിയിലെ ഗാന്ധി മ്യൂസിയത്തിലെ എ അണ്ണാമലൈ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു, "ഗാന്ധിജിയുടെ മനസ്സ് വിഷമിപ്പിച്ചുകൊണ്ടിരുന്ന രണ്ടുകാര്യങ്ങൾ ഉണ്ടായിരുന്നു. ചമ്പാരൻ സത്യാഗ്രഹകാലത്ത് തന്നെ പട്ടിണിപ്പാവങ്ങളുടെ സങ്കടം അദ്ദേഹത്തിന്റെ ഉള്ളുലച്ചിരുന്നു. എന്നാൽ, മദ്രാസിലേക്കുളള തന്റെ സന്ദർശനത്തിലാണ് അരയിൽ ഒറ്റമുണ്ടുമാത്രം മുറുക്കിയുടുത്ത് പാവപ്പെട്ട കർഷകരും, തൊഴിലാളികളും നടത്തുന്ന ജീവിതസമരങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അത് അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു."

ഖാദി മാത്രമേ ധരിക്കാവൂ എന്ന് ഗാന്ധിജി ആഹ്വാനം ചെയ്‌തെങ്കിലും, നാട്ടിൽ എല്ലാവര്‍ക്കും യഥേഷ്ടം ധരിക്കാനും മാത്രമുള്ള തുണി ഉത്പാദിപ്പിക്കപ്പെടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഗാന്ധിജി ഒരു ആഹ്വാനം കൂടി നടത്തി. കഴിയാവുന്നത്ര ലളിതമാകട്ടെ വസ്ത്രങ്ങൾ. ആഡംബരവസ്ത്രത്തിൽ നിന്ന് ഒറ്റമുണ്ടിന്റെ ലാളിത്യത്തിലേക്കുള്ള കൂടുമാറ്റം അദ്ദേഹം തന്റെ ഉള്ളിൽ നടപ്പിലാക്കിയ വിപ്ലവത്തിന്റെ ഒരു സൂചകമായിരുന്നു. വസ്ത്രധാരണത്തിലെ ലാളിത്യത്തിൽ തുടങ്ങിയ ഗാന്ധി, തന്റെ നാട്ടുകാരെ ഹാംലിനിലെ കുഴലൂത്തുകാരനെപ്പോലെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിന്റെ വഴികളിലൂടെ തികഞ്ഞ ഐക്യത്തോടെ നടത്തിച്ചു. ബ്രിട്ടീഷുകാരിൽ നിന്ന് മുക്തി നേടുന്നതിനൊപ്പം, അവനവന്റെ ഉള്ളിലെ തിന്മകളിൽ നിന്നുകൂടി മോചനം നേടാൻ അവരെ അദ്ദേഹം ശീലിപ്പിച്ചെടുത്തു. ചർക്കയിൽ നൂറ്റ നൂൽ, തറിയിൽ ഇഴചേർന്നു തുണിയാകുമ്പോലെ, നാനാത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യാമഹാരാജ്യത്തെ ദേശീയത എന്ന ഏകത്വത്തിലേക്ക് അദ്ദേഹം വലിച്ചടുപ്പിക്കുകയായിരുന്നു. അതിൽ ഗാന്ധിജി ഏറെക്കുറെ വിജയിക്കുകയും ചെയ്തു.

click me!