സർവകലാശാലകളിൽ ട്രാൻസ്‍ജെൻഡർ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, തീരുമാനവുമായി മഹാരാഷ്ട്ര

By Web TeamFirst Published Dec 7, 2023, 3:52 PM IST
Highlights

പൊതുസർവ്വകലാശാലകളിലും അഫിലിയേറ്റഡായിട്ടുള്ള മറ്റ് സ്ഥാപനങ്ങളിലും ഇതുവഴി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം ലഭിക്കും എന്നാണ് കരുതുന്നത്.

ലോകത്തെവിടെയും ട്രാൻസ്‍ജെൻഡർ കമ്മ്യൂണിറ്റിക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. ചെറിയൊരു ശതമാനം മാത്രമാണ് അവരെ ഇന്നും അം​ഗീകരിക്കുന്നത്. എല്ലാ തരത്തിലുമുള്ള അവരുടെ അവകാശങ്ങൾ അടിച്ചമർത്തുന്നതും ലോകത്ത് പലയിടങ്ങളിലും കാണാൻ സാധിക്കും. 

ഈ വിവേചനവും അതിക്രമങ്ങളും കാരണം തന്നെ വലിയൊരു വിഭാ​ഗം പേരും വേണ്ട വിദ്യാഭ്യാസം പോലും നേടാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇത് പിന്നീടുള്ള ജീവിതത്തിലും ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതനിലവാരത്തെയും പുരോ​ഗതിയേയും കാര്യമായി ബാധിക്കാറുണ്ട്. ഈ നീതിനിഷേധത്തിനെതിരെ പലപ്പോഴും പലരും ഒന്നും ചെയ്യാറില്ല. എന്നാലിപ്പോൾ വാർത്തയാവുന്നത് മഹാരാഷ്ട്രയിൽ ട്രാൻസ്ജെൻഡർ വിഭാ​ഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കാൻ പോകുന്നു എന്ന വിവരമാണ്. 

Latest Videos

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം മഹാരാഷ്ട്രയിലുടനീളമുള്ള പൊതു സർവ്വകലാശാലകളിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ സമ്മതിച്ചതായിട്ടാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ സർവ്വകലാശാല അധികൃതർ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് എല്ലാ തരത്തിലുള്ള ആളുകളെയും ഉൾക്കൊള്ളാനും വിദ്യാഭ്യാസത്തിന് തുല്യമായ അവസരങ്ങൾ നൽകാനും സഹായകമാകും എന്ന് വിശ്വസിക്കപ്പെടുന്നു. 

പൊതുസർവ്വകലാശാലകളിലും അഫിലിയേറ്റഡായിട്ടുള്ള മറ്റ് സ്ഥാപനങ്ങളിലും ഇതുവഴി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം ലഭിക്കും എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ ചന്ദ്രകാന്ത് പാട്ടീൽ ഇതു സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചത്. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും അതത് ഫണ്ട് ഉപയോഗിച്ച് വഹിക്കണമെന്നും മന്ത്രി സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള മന്ത്രിയുടെ നിർദ്ദേശം എല്ലാ വൈസ് ചാൻസലർമാരും ഒരുപോലെ അം​ഗീകരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

click me!