അറിയാതെപോലും തൊട്ടുപോകരുത്, തീരത്ത് നൂറുകണക്കിന് വിഷജീവികൾ, ചെന്നൈയിൽ മുന്നറിയിപ്പ്

By Web TeamFirst Published Dec 22, 2023, 6:29 PM IST
Highlights

നീല ഡ്രാ​ഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികളിലും പ്രായമാവരിലും ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും വിദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രളയത്തിന് പിന്നാലെ ചെന്നൈ ബീച്ചിൽ നൂറുകണക്കിന് വിഷജീവികൾ പ്രത്യക്ഷപ്പെട്ടു. നീല ബട്ടണുകളും ബ്ലൂ സീ ഡ്രാഗണുകളും ഉൾപ്പെടെ നൂറുകണക്കിന് വിഷമുള്ള സമുദ്രജീവികളാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ കരയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ആളുകൾ കടുത്ത ആശങ്കയിലാണ്. 

പ്രദേശത്തെ താമസക്കാരനും എൻവയോൺമെന്റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സജീവ അംഗവുമായ ശ്രീവത്സൻ രാംകുമാറാണ് ഈ കടൽ ജീവികളെ കണ്ട വിവരം റിപ്പോർട്ട് ചെയ്തത്. അവയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ഇവ വിഷമുള്ള ജീവികളാണെന്നും പിന്നീട് കണ്ടെത്തി. ബസന്ത് ന​ഗർ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് സമുദ്ര ​ഗവേഷകർ ഇതേ തുടർന്ന് സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

Latest Videos

നീല ഡ്രാ​ഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികളിലും പ്രായമാവരിലും ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും വിദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് സെന്റി മീറ്റർ വരെയാണത്രെ പൂർണ്ണവളർച്ചയെത്തിയ ഒരു ബ്ലൂ ഡ്രാ​ഗണ് നീളമുണ്ടാവുക. അതുപോലെ അനുകൂലമായ കാലാവസ്ഥയാണ് എങ്കിൽ ഇവ ഒരു വർഷം വരെ ജീവിച്ചിരിക്കും എന്നും പറയുന്നു. ഈ ബ്ലൂ ഡ്രാ​ഗണുകളുടെ കുത്തേറ്റ് കഴിഞ്ഞാൽ കഠിനമായ വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതുപോലെ ഛർദ്ദി, തലകറക്കം, ശരീരത്തിൽ നിറവ്യത്യാസം ഇവയെല്ലാം ഉണ്ടാകാനും ഇടയുണ്ട്. അതിനാൽ തന്നെ ഇവയെ കണ്ടാലും തൊടരുത് എന്നും വിദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 

ചുഴലിക്കാറ്റും മഴയുമാണ് ഇവ കരയിലേക്ക് എത്തുന്നതിന് കാരണമായിത്തീർന്നത് എന്നാണ് അനുമാനിക്കുന്നത്. ബസന്ത് ന​ഗറിൽ കൂടാതെ അഡയാറിലും ഇവയെ കണ്ടെത്തിയിരുന്നു. സാധാരണയായി തീരപ്രദേശങ്ങളിൽ ഇവയെ അധികം കാണാറില്ല. എന്നിരുന്നാലും പുറത്തേക്കിറങ്ങുന്നുണ്ടെങ്കിൽ ഇവയെ തൊടാതെ ശ്രദ്ധിക്കണം എന്നാണ് വിദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, തീരത്തെ ചൂടിൽ അധികനേരം ഇവയ്ക്ക് കഴിയാൻ സാധിക്കാത്തത് കൊണ്ട് ഇവ വെള്ളത്തിലേക്ക് തന്നെ ഇറങ്ങിപ്പോകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!