ആറടിമണ്ണിലെ അത്ഭുതം, ബിഹാറില്‍ അഞ്ച് നിലകളുള്ള 'ബുർജ് ഖലീഫ'

By Web TeamFirst Published Jan 28, 2024, 3:27 PM IST
Highlights

പരിമിതമായ സ്ഥലത്താണെങ്കിലും അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന നിലയിൽ ബുർജ് ഖലീഫയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ നിരവധി ലോക റെക്കോർഡുകൾ ഉണ്ട്. ദുബായ് നഗരത്തിലെ ഏറ്റവും ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് പോലും 160 നിലകളുള്ള ടവർ വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ബുർജ് ഖലീഫ തുടരുമ്പോൾ, ബിഹാറിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ ഇൻ്റർനെറ്റിൻ്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ബിഹാറിലെ 'ബുർജ് ഖലീഫ'യാണത്.  

ബിഹാറിലെ മുസാഫർപൂരിൽ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായ ഈ കെട്ടിടം ഉള്ളത്. വെറും ആറടി മണ്ണിൽ നിർമ്മിച്ച ഈ അഞ്ചുനില കെട്ടിടം കാഴ്ചയിൽ ഏറെ കൗതുകമാർന്നതാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ ഈ കെട്ടിടത്തെ ഏറെ ജനപ്രിയമാക്കിയത്. മുസാഫർപൂരിലെ ഗന്നിപൂർ പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും ആറടി മാത്രമാണ് ഈ കെട്ടിടത്തിന്റെ നീളം. വീതി അതിനേക്കാൾ കുറവാണ്, അഞ്ചടി. 

Latest Videos

ഈ കെട്ടിടം ഇപ്പോൾ ബിഹാറിൽ എത്തുന്നവരുടെ പ്രധാന ആകർഷണകേന്ദ്രമായി മാറി കഴിഞ്ഞു. ദിനേന നിരവധി ആളുകളാണ് കെട്ടിടം കാണാനും ചിത്രങ്ങൾ എടുക്കാനും വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും ആയി ഇവിടെയെത്തുന്നത്. 'ബിഹാറിന്റെ ബുർജ് ഖലീഫ' എന്നും 'ബിഹാറിന്റെ ഈഫൽ ടവർ' എന്നുമൊക്കെ സോഷ്യൽ മീഡിയയിൽ കെട്ടിടത്തിന് വിശേഷണം ലഭിച്ചു കഴിഞ്ഞു.

പരിമിതമായ സ്ഥലത്താണെങ്കിലും അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തെ മുഴുവൻ രണ്ടായി തിരിച്ച് ഒരു ഭാഗത്ത് ​ഗോവണിയും മറുഭാഗത്ത് മുറികളും വരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

2015 -ൽ സന്തോഷ് എന്ന വ്യക്തി തൻറെ ഭാര്യക്ക് വേണ്ടി നിർമിച്ചതാണ് ഈ വീട്. വിവാഹശേഷം ആറടിമണ്ണ് വാങ്ങിയ ദമ്പതികൾ അവിടെ  ഒരു വീട് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഈ കെട്ടിടം വാണിജ്യ അവശ്യത്തിനായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണെങ്കിലും ഈ നിർമിതി കാണാൻ ദിവസേന എവിടെ എത്തുന്നത് നിരവധി ആളുകൾ ആണ്.

click me!