വീഡിയോ ദൃശ്യങ്ങളിൽ തിരക്കേറിയ റോഡിന് നടുവിൽ മുട്ടുകുത്തി നിൽക്കുന്ന കുട്ടികൾക്കരികിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് കാണാം. കൂടാതെ റോഡരികിലുള്ള ഒരു പൂന്തോട്ടത്തിൽ ഇതെല്ലാം കണ്ടുകൊണ്ട് നിഷ്ക്രിയനായി ഇരിക്കുന്ന ഇവരുടെ പിതാവിനെയും വീഡിയോയിൽ കാണാം.
പിണങ്ങിപ്പോയ തൻ്റെ ഭാര്യയെ തിരികെ വീട്ടിൽ എത്തിക്കാൻ മക്കളോട് ക്രൂരത കാട്ടി തെക്കൻ ചൈനയിലെ ഒരു പിതാവ്. തിരക്കേറിയ റോഡിന് നടുവിൽ തന്റെ മൂന്ന് പിഞ്ചുകുട്ടികളെ മുട്ടുകുത്തിച്ചു നിർത്തിയാണ് ഇയാൾ തന്റെ ഭാര്യയെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തിയത്. സംഭവത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇയാൾക്കെതിരെ വലിയ പൊതുജനരോഷമാണ് ഉയരുന്നത്.
ആഗസ്റ്റ് 15 -ന്, ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഫോഷാനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പട്രോളിംഗിനിടെ നടുറോട്ടിൽ മുട്ടുകുത്തി നിൽക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടികളുടെ അടുത്തെത്തി അദ്ദേഹം കാര്യം തിരക്കിയപ്പോൾ തങ്ങളുടെ പിതാവ് പറഞ്ഞതനുസരിച്ചാണ് തങ്ങൾ റോഡിൽ മുട്ടുകുത്തി നിൽക്കുന്നത് എന്നായിരുന്നു കുട്ടികളുടെ മറുപടി. സതേൺ മെട്രോപോളിസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മൂന്ന് കുട്ടികളും ഏഴു വയസിന് താഴെ പ്രായമുള്ളവരായിരുന്നു. ഇളയ കുട്ടിക്കാകട്ടെ വെറും രണ്ട് വയസ്സു മാത്രമാണ് പ്രായം.
ചൈനീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ അത്യന്തം ഭയപ്പെടുത്തുന്നതാണ് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ ദൃശ്യങ്ങളിൽ തിരക്കേറിയ റോഡിന് നടുവിൽ മുട്ടുകുത്തി നിൽക്കുന്ന കുട്ടികൾക്കരികിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് കാണാം. കൂടാതെ റോഡരികിലുള്ള ഒരു പൂന്തോട്ടത്തിൽ ഇതെല്ലാം കണ്ടുകൊണ്ട് നിഷ്ക്രിയനായി ഇരിക്കുന്ന ഇവരുടെ പിതാവിനെയും വീഡിയോയിൽ കാണാം.
പൊലീസ് ഉടൻ തന്നെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും പിതാവിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കുട്ടികൾക്ക് പരിക്കില്ല. സതേൺ മെട്രോപോളിസ് ഡെയ്‌ലി റിപ്പോർട്ട് പ്രകാരം ലിംഗ് എന്ന് പേരുള്ള 30 കാരനായ പിതാവാണ് പിണങ്ങിപ്പോയ ഭാര്യയെ തിരികെ എത്തിക്കാൻ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത്.