തലയിൽ പെട്ടിയുമായി നായ കഴിഞ്ഞത് ഒരു കൊല്ലം, ബാരിക്കേഡുകൾ വച്ച് രക്ഷാപ്രവർത്തനം, ഒടുവിൽ

By Web Team  |  First Published Mar 10, 2024, 3:44 PM IST

രസകരമെന്നു പറയട്ടെ, നായയെ ഇപ്പോൾ, സിറ്റി ഓഫ് മൊബൈൽ ആനിമൽ സർവീസസിന്റെ  അംബാസഡറായി തന്നെ നിയമിച്ചിരിക്കുകയാണ് റെസ്ക്യൂ ടീം.


ഒരു വർഷത്തോളം തലയിൽ പെട്ടി കുടുങ്ങി ദുരിതമനുഭവിച്ച നായയ്ക്ക് ഒടുവിൽ മോചനം. യുഎസിലെ അലബാമയിൽ ആണ് സംഭവം. കെയ്ൻ കോർസോ ഇനത്തിൽപ്പെട്ട ബീർ എന്ന നായയാണ് ഒരു വർഷക്കാലമായി ദുരിതമനുഭവിച്ചത്. 

സിറ്റി ഓഫ് മൊബൈൽ ആനിമൽ സർവീസസിലെ റെസ്ക്യൂ ടീം മാസങ്ങളായി നടത്തിവന്ന ശ്രമങ്ങളാണ് ഒടുവിൽ ഫലം കണ്ടത്. പല രീതിയിൽ നായയുടെ തലയിൽ നിന്നും പെട്ടിയൂരിയെടുക്കാൻ റെസ്ക്യൂ ടീം ശ്രമം നടത്തിയെങ്കിലും നായ ഭയന്ന് പരിഭ്രാന്തനാകുന്നതിനെ തുടർന്ന് ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ, ബാരിക്കേഡുകൾ ഉപയോഗിച്ച് നായ ഓടിപ്പോകാതെ നിയന്ത്രിച്ചതിന് ശേഷമാണ് തലയിൽ നിന്ന് പെട്ടി നീക്കം ചെയ്തത്. തെരുവിൽ ഉടമയില്ലാതെ അലഞ്ഞു നടന്നിരുന്ന നായയെ രക്ഷാപ്രവർത്തനത്തിന് ശേഷം റെസ്ക്യൂ ടീം അം​ഗമായ മാർട്ടിൻ മില്ലർ എന്ന വ്യക്തി ഏറ്റെടുക്കുകയും ചെയ്തു. 

Latest Videos

undefined

രസകരമെന്നു പറയട്ടെ, നായയെ ഇപ്പോൾ, സിറ്റി ഓഫ് മൊബൈൽ ആനിമൽ സർവീസസിന്റെ  അംബാസഡറായി തന്നെ നിയമിച്ചിരിക്കുകയാണ് റെസ്ക്യൂ ടീം. പകൽ സമയത്ത് അഭയകേന്ദ്രത്തിലെ സന്ദർശകരെ സ്വാഗതം ചെയ്യുക എന്നതാണ് നായയു‌‌‌‌ടെ ചുമതല. ജോലികഴിഞ്ഞ് എല്ലാ രാത്രിയും മാർട്ടിൻ മില്ലറിനൊപ്പം ബീർ വീട്ടിലേക്കും മടങ്ങും.  തന്റെ പേരിലെ അവസാന ഭാ​ഗവും മാർട്ടിൻ മില്ലർ നായയ്ക്ക് നൽകി കഴിഞ്ഞു. ബീർ മില്ലർ എന്നാണ് ഇപ്പോൾ ഇതിന്റെ പേര്. കാഴ്ചയിൽ ഭീകരനാണെങ്കിലും സൗമ്യസ്വഭാവക്കാരനാണ് ബീർ മില്ലർ എന്നാണ് മാർട്ടിൻ പറയുന്നത്. അതുകൊണ്ട് തന്നെ തന്റെ മറ്റ് നായക്കളുമായി വളരെ വേ​ഗത്തിൽ ഇത് ചങ്ങാത്തത്തിലായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനത്തിൽ വെറ്ററിനറി ഓഫീസുകളിൽ നിന്നുള്ള ആളുകൾ, കൗണ്ടി ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, നഗരത്തിലെ തൊഴിലാളികൾ എന്നിവരെല്ലാം പങ്കുചേർന്നതായി റെസ്ക്യൂ ടീം ഡറക്ടർ റോബർ‌ട്ട ബ്രയാന്റ് പറഞ്ഞു. 50 ഓളം ബാരിക്കേഡുകൾ ഉപയോ​ഗിച്ച് തടസ്സം സൃഷ്ടിച്ച് ഒരു നിയന്ത്രിത പ്രദേശത്തേക്ക് നായയെ നിർത്തിയതിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയെതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തന്ത്രപരമായ ആസൂത്രണമാണ് നായയുടെ തലയിൽ നിന്ന് പെട്ടി സുരക്ഷിതമായി നീക്കം ചെയ്യാൻ രക്ഷാസംഘത്തെ സഹായിച്ചതെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.

tags
click me!