നാല്പതുവർഷം മുമ്പുനടന്ന ആ ദുരൂഹമായ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ കോൺഗ്രസ് എന്ന പാർട്ടിയുടെ രാഷ്ട്രീയ ഭാഗധേയം ഒരു പക്ഷേ മറ്റൊരുവിധത്തിലായിരുന്നേനെ.
ഇന്ന് പറയാൻ പോകുന്നത്, വളരെ ചെറിയ പ്രായത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തിയ ഒരു യുവാവിനെപ്പറ്റിയാണ്. തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അയാൾ, രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന സ്വന്തം അമ്മയോട് പറഞ്ഞു,"അമ്മേ, ഞാൻ ഈ നാട്ടിലെ സാധാരണക്കാരന് വേണ്ടി ഒരു വിലകുറഞ്ഞ കാർ ഉണ്ടാക്കാൻ പോവുന്നു. ഈ രാജ്യത്തിന്റെ ആദ്യത്തെ 'ജനതാ' കാർ..." കേട്ട പാതി കേൾക്കാത്ത പാതി രാജ്യം അയാൾക്കുവേണ്ടി സ്വന്തം ഖജനാവുകൾ തുറന്നു നൽകി. അതുവരെ ഒരു ടോയ് കാർ പോലും ഉണ്ടാക്കിയ പരിചയമില്ലാത്ത ആ യുവാവിന് അമ്പതിനായിരം കാറുകൾ നിർമിച്ച് വിൽക്കാനുള്ള കോൺട്രാക്ട് അനുവദിക്കപ്പെട്ടു.
അഞ്ചു വർഷത്തിന് ശേഷം, അതായത് യുവാവിന് 28 വയസ്സ് പ്രായമുള്ളപ്പോൾ അതേ യുവാവ് വീണ്ടും അയാളുടെ അമ്മയോട് സംസാരിക്കാനെത്തി. ഏറെ കോളിളക്കങ്ങൾക്ക് ശേഷം അന്നും അവർ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ആയിരുന്നു. " അമ്മേ, ഞാൻ ഈ രാജ്യം നേരിടുന്ന സകലപ്രതിസന്ധികൾക്കും പരിഹാരം കാണാൻ ആഗ്രഹിക്കുന്നു." കേട്ടപാതി കേൾക്കാത്ത പാതി രാജ്യത്തെ സകല കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും അയാൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി കാത്തുനിന്നു.
വീണ്ടും അഞ്ചുവർഷം പിന്നിട്ടപ്പോൾ, അതായത് യുവാവിന് 33 വയസ്സ് പ്രായമുള്ളപ്പോൾ, ആ യുവാവിന് പിന്നിൽ വിനീതവിധേയന്മാരായി വിശ്വസ്തദാസന്മാരായി എട്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും, 250 -ലധികം എംപിമാരും ഉണ്ടായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം പ്രഭാതത്തിൽ അവിചാരിതമായുണ്ടായ ഒരു വിമാനാപകടത്തിൽ ഈ യുവാവ് കൊല്ലപ്പെട്ടു. അതേ, ഈ കഥ ഇന്ദിരാ ഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിയുടേതാണ്. അദ്ദേഹത്തിന്റെ ദുരൂഹ മരണത്തെക്കുറിച്ചാണ്.
undefined
നാല്പതുവർഷം മുമ്പ്, കൃത്യമായിപ്പറഞ്ഞാൽ 1980 ജൂൺ 23 -നാണ് സഞ്ജയ് ഗാന്ധിയുടെ മരണത്തിന് കാരണമായ വിമാനാപകടം നടക്കുന്നത്. 24 -ന് രാവിലെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും പത്രങ്ങൾ ആ ദുരന്തവാർത്ത ഒന്നാം പേജിൽ തന്നെ എത്തിച്ചു നൽകി. ഇന്ദിരാ ഗാന്ധി ഭരണത്തിൽ തിരിച്ചെത്തിയിട്ട് മാസങ്ങൾ തികയുന്നതേയുള്ളൂ. അടിയന്തരാവസ്ഥകാലത്തെ ക്രൂരപ്രവൃത്തികൾ ജനങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ അവർ സിംഹപ്രതാപിയായ ഇന്ദിരാ ഗാന്ധി എന്ന പ്രധാനമന്ത്രിയെ വലിച്ച് താഴെയിട്ടുകളഞ്ഞു. എന്നാൽ, അന്ന് ഇന്ദിരാ വിരോധം കൈമുതലാക്കി ഭരണം പിടിച്ചെടുത്ത ജനതാ പാർട്ടി, ഒരു രാജ്യം ഭരിക്കുന്ന കാര്യത്തിൽ അമ്പേ പരാജയപ്പെട്ടു എന്ന് ജനങ്ങൾ തിരിച്ചറിയാൻ മാസങ്ങൾ മാത്രമേ എടുത്തുള്ളൂ. 1980 -ൽ വീണ്ടും തെരഞ്ഞെടുപ്പുണ്ടായി. ഇന്ദിര വൻഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചു വരികയും ചെയ്തു.
അമ്മയെ പൂർവാധികം ശക്തിയോടെ അധികാരത്തിൽ തിരിച്ചെത്തിച്ചതിന്റെ ക്രെഡിറ്റ് മുഴുവനും മകൻ സഞ്ജയ് ഗാന്ധിക്കുള്ളതാണ്. കോൺഗ്രസ് എന്ന പാർട്ടി അന്ന് നടത്തിയിരുന്നത് സഞ്ജയ് ആയിരുന്നു. കാര്യമായ പടലപ്പിണക്കങ്ങൾ ഒന്നും കൂടാതെ തന്നെ യുവരക്തത്തിന് മുൻതൂക്കം നൽകി ലോക്സഭാ സീറ്റിലേക്കുള്ള ടിക്കറ്റുകൾ വീതിച്ചു നൽകിയതും കോൺഗ്രസിനെ വിജയത്തിലേക്കു നയിച്ചതുമൊക്കെ അദ്ദേഹം ഒറ്റയ്ക്കാണ്.
പാർലമെന്റ് കയ്യടക്കുക മാത്രമല്ല അന്ന് സഞ്ജയിന്റെ ഉപദേശപ്രകാരം കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് ഇതരപാർട്ടികൾ അധികാരത്തിലിരുന്ന പല സംസ്ഥാനങ്ങളുടെയും ഗവൺമെന്റുകൾ ഇന്ദിര പിരിച്ചുവിട്ടത് സഞ്ജയിന്റെ നിർദേശം മാനിച്ചാണ്. അവിടങ്ങളിലൊക്കെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചുകയറി. അങ്ങനെ രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ പാർട്ടി ഭരിക്കുന്ന അവസ്ഥയുണ്ടായി.
സഞ്ജയ് ഗാന്ധി തന്നെയാണ് ഇനി എഐസിസി പ്രസിഡന്റാവുക എന്നും 80 -ൽ ഇന്ദിര പ്രഖ്യാപിച്ചിരുന്നു. അമേത്തിയിൽ നിന്നുള്ള എംപി ആയിരുന്നു സഞ്ജയ് അന്ന്. ആദ്യശ്രമത്തിൽ, അതായത് 1977 -ൽ അതേ സീറ്റിൽ നിന്ന് ജനത പാർട്ടിയുടെ വീരേന്ദ്ര സിങിനോട് 65,000 -ത്തിലധികം വോട്ടുകൾക്ക് തോറ്റു തുന്നം പാടിയ സഞ്ജയ് മൂന്നുവർഷത്തിനുള്ളിൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടതിന്റെ പാതിയിലധികം വോട്ടുകളും നേടി സിങിനോട് മധുരപ്രതികാരം ചെയ്യുകയുണ്ടായി.
സഞ്ജയ് ഗാന്ധിയുടെ രാഷ്ട്രീയം ഇന്ദിരയുടേതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. റിസ്കെടുക്കുക എന്നത് അദ്ദേഹത്തിന് ഏറെ പ്രിയമുള്ള ഒരു കാര്യമായിരുന്നു. സഫ്ദർജംഗ് റോഡിൽ തന്റെ മറ്റഡോറിൽ സഞ്ജയ് ഗാന്ധി ചീറിപ്പാഞ്ഞു പോയിരുന്നപ്പോൾ, " എന്തൊരു സ്പീഡാണ്...'' എന്ന് അവിടത്തെ പിള്ളേർ മൂക്കാത്ത വിരൽ വെച്ച് നോക്കി നിന്നിരുന്നു. പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്ന സഞ്ജയ് തന്റെ ബൈപ്ലെയിനുകളും മറ്റഡോർ ഓടിക്കുന്ന ലാഘവത്തോടെയാണ് ഓടിച്ചിരുന്നത്. റോഡിൽ മറ്റഡോർ കൊണ്ട് കാണിച്ചിരുന്ന എല്ലാ വിക്രിയകളും, പറത്തിയിരുന്ന വിമാനം കൊണ്ട് ആകാശത്തും സഞ്ജയ് കാണിച്ചിരുന്നുവത്രെ.
ഇതേപ്പറ്റി വളരെ പ്രസിദ്ധമായ ഒരു കഥയുണ്ട്. അത് ഇന്ദിരയുടെ ആധ്യാത്മിക ഗുരുവായിരുന്ന ധീരേന്ദ്ര ബ്രഹ്മചാരി എന്ന യോഗഗുരുമായി ബന്ധപ്പെട്ടുള്ളതാണ്. ഇന്ദിരയുടെ ഭവനത്തിൽ തന്നെ ഗുരുവിന് ആശ്രമം പോലെ ഒരു സംവിധാനമൊരുക്കി നൽകിയിരുന്നു ദില്ലിയിൽ. സംഭവം നടക്കുന്നത് ജൂൺ 21 -നാണ്. അതായത് സഞ്ജയ് കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മാത്രം മുമ്പ്. അന്ന് ധീരേന്ദ്ര ബ്രഹ്മചാരി കാശ്മീരിൽ നിന്ന് ഒരു ചാർട്ടേർഡ് വിമാനത്തിലേറി ദില്ലി വിമാനത്താവളത്തിൽ വന്നിറങ്ങുന്നു. അവിടെ വെച്ച് അദ്ദേഹം സഞ്ജയിനെ കണ്ടു മുട്ടുന്നു. സഞ്ജയ് ആളെ വിടാതെ പിടികൂടി. "വരണം സ്വാമി, അങ്ങേക്ക് ഞാൻ യഥാർത്ഥ ഗഗനസഞ്ചാരമെന്തെന്ന് ബോധ്യപ്പെടുത്തിത്തരാം... ഇൻ സഞ്ജയ് സ്റ്റൈൽ.." സഞ്ജയ് ഗാന്ധിയുടെ കുറുമ്പത്തരത്തെക്കുറിച്ച് ആവശ്യത്തിലധികം കഥകൾ ഇന്ദിരയിൽ നിന്ന് നേരിട്ട് കേട്ടിട്ടുള്ള ബ്രഹ്മചാരി പറഞ്ഞു," പൊന്നുമോനെ സഞ്ജയാ... എന്നെ വിട്ടുപിടി... നിന്റെ വ്യോമാഭ്യാസങ്ങളെക്കുറിച്ച് നമ്മൾ എത്രയോ കഥകൾ കേട്ടിരിക്കുന്നു. നമുക്ക് നമ്മുടെ പ്രാണനിൽ നിസ്സാരമല്ലാത്ത താത്പര്യമുണ്ട് എന്ന് കൂട്ടിക്കോളൂ... തത്കാലം ഏകാന്തയാത്ര മതിയെന്നാണ് കാണുന്നത്..."
സഞ്ജയിന്റെ പിടിയിൽ നിന്ന് ബ്രഹ്മചാരി ഊരിപ്പോയി എങ്കിലും ഇന്ദിരയുടെ വിശ്വസ്തൻ ആർ കെ ധവനെ സഞ്ജയ് നിർബന്ധിച്ച്, സഫ്ദർജംഗിലുള്ള ദില്ലി ഫ്ളയിങ് ക്ലബ്ബിൽ നിന്ന് തന്റെ ഇഷ്ടവിമാനത്തിൽ കയറ്റി രണ്ടു മിനിറ്റ് നേരത്തേക്ക് ആകാശത്തൊരു സാഹസികയാത്രക്ക് കൊണ്ടുപോയി. അന്ന് പ്രാണൻ ഉള്ളംകയ്യിലെടുത്തുപിടിച്ചിരുന്ന ധവന് വിമാനം തിരിച്ച് നിലംതൊട്ട ശേഷമാണ് ശ്വാസം നേരെ വീണത്. അടുത്ത ദിവസം, അതായത് ജൂൺ 22 ഞായറാഴ്ച ദിവസം ഇന്ദിരയെ വീട്ടിൽ ചെന്നുകണ്ടപ്പോൾ ധവൻ പറഞ്ഞു," മാഡം... ഇന്നലത്തോടെ മതിയായി മാഡം, ഇനി മേലാൽ ഞാൻ സഞ്ജയിനൊപ്പം വിമാനത്തിൽ കയറുകയില്ല. "
എന്നാൽ ധവന്റെ പരിഭവം കേട്ടപ്പോൾ ഇന്ദിരക്ക് വിശേഷിച്ചൊന്നും തോന്നിയില്ല. സഞ്ജയിന്റെ ഈ വിനോദത്തെപ്പറ്റി അവർക്ക് മുമ്പും പരാതികൾ കിട്ടിയിട്ടുണ്ട്. എന്നിരുന്നാലും, ഇത്തവണ എന്തായാലും മകനെക്കാണുമ്പോൾ "മോനേ സഞ്ജയ്, നീ നാളെ ഈ രാജ്യത്തെ നിയന്ത്രിക്കേണ്ടവനാണ്. വിമാനത്തിലെ ഇതുപോലുള്ള വിക്രിയകൾ അവസാനിപ്പിക്കാറായി നിനക്കിനി " എന്ന് ഒന്നുപദേശിക്കണം എന്ന് ഇന്ദിര ഉറപ്പിച്ചു, ധവാന്റെ പരിഭവം കേട്ടപ്പോൾ. എന്നുമെന്നപോലെ അന്നും, 'ചെയ്യരുത്' എന്ന് തറപ്പിച്ച് മുഖത്തുനോക്കി പറയാൻ ഇന്ദിരയ്ക്ക് സാധിച്ചില്ല. അത് നിറയൗവനത്തിൽ നിന്ന മകന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയുന്നതിലേക്കാണ് അവരെ എത്തിച്ചത് എന്നുമാത്രം.
ഇനി സഞ്ജയിന്റെ മരണം സംഭവിച്ച് ആ ദിവസത്തെപ്പറ്റി. ജൂൺ 23 -ന് രാവിലെ ഏഴേ കാലോടെ ഒരു പച്ച മാറ്റഡോർ കാർ പുറപ്പെട്ടു. സ്റ്റിയറിങ് വീലിനു പിന്നിൽ പതിവുപോലെ സഞ്ജയ് ഗാന്ധി തന്നെ. സഫ്ദർ ജങ് എയർപോർട്ടിലുള്ള ഫ്ളയിങ് ക്ലബ് ലക്ഷ്യമിട്ടാണ് പോക്ക്. പോണം, ഒരു വിമാനമെടുക്കണം, ടേക്ക് ഓഫ് ചെയ്യണം, ആകാശത്ത് ചെന്ന് കുട്ടിക്കരണം മറിഞ്ഞ് കളിക്കണം കുറച്ചുനേരം. അത് സഞ്ജയ് ഗാന്ധിയെ ഏറെ ഹരം കൊള്ളിച്ചിരുന്ന ഒരു വിനോദമായിരുന്നു. അന്നത്തെ ദിവസം വിശേഷപ്പെട്ടതായിരുന്നു. അന്ന് സഞ്ജയ് ആദ്യമായി പുതിയൊരു 2 സീറ്റർ വിമാനം പറത്തി പരീക്ഷണം നടത്താൻ പോവുകയായിരുന്നു. പിറ്റ്‌സ് S-2A ആയിരുന്നു ആ വിമാനം. പുതിയൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകവും ഉത്സാഹവുമായിരുന്നു സഞ്ജയിന് ആ പ്രഭാതത്തിൽ.
'ക്യാപ്റ്റൻ സുഭാഷ് സക്‌സേനയും സഞ്ജയ് ഗാന്ധിയും'
അവിടെ ഫ്ളയിങ് ക്ലബ്ബിൽ സഞ്ജയിനെ കാത്ത് ക്ലബ്ബിന്റെ ചീഫ് ഇൻസ്ട്രക്ടർ സുഭാഷ് സക്‌സേന ഉണ്ടായിരുന്നു. പിറ്റ്‌സ് S-2A 2 സീറ്ററിൽ കയറി ടേക്ക് ഓഫ് ചെയ്ത അവർ അശോക ഹോട്ടലിന്റെ മുകളിലെ ആകാശത്തിൽ സാഹസികമായ മെനൂവറുകൾ നടത്താൻ തുടങ്ങി. ഇൻസ്ട്രക്ടർ ക്യാപ്റ്റൻ സുഭാഷ് സക്‌സേന ആദ്യം സഞ്ജയിനൊപ്പം വിമാനത്തിലേറാൻ വിസമ്മതിച്ചിരുന്നു. ആ വിമാനം പറത്തി വേണ്ടത്ര പരിചയം സഞ്ജയിന് ഇല്ലാതിരുന്നതും, ഇൻസ്ട്രക്ടറോ, പൈലറ്റായ ചേട്ടൻ രാജീവ് ഗാന്ധിയോ അടക്കമുള്ള ആരും പറയുന്നത് കേൾക്കാത്തതും ഒക്കെയായിരുന്നു ആ വിമുഖതയ്ക്ക് പിന്നിൽ. എന്നാൽ സഞ്ജയിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം സമ്മതിച്ചു. അങ്ങനെ പറന്നുയർന്ന് ആകാശത്ത് വട്ടംചുറ്റി അഭ്യാസങ്ങൾ കാണിക്കുന്നതിനിടെയാണ് സഞ്ജയ് ഗാന്ധിക്ക് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും എഞ്ചിനുകൾ പ്രവർത്തന രഹിതമായി വിമാനം പൊടുന്നനെ നിലംപതിക്കുന്നതും. കത്തിച്ചാമ്പലായി ആ വിമാനം. ഇരുവരും തത്സമയം തന്നെ കൊല്ലപ്പെട്ടു.
പതിനഞ്ചു മിനിറ്റിനുള്ളിൽ അവിടെ ഫയർഫോഴ്സും ആംബുലൻസും ഒക്കെ വന്നെത്തി എങ്കിലും രക്ഷാപ്രവർത്തനം അത്യന്തം ദുഷ്കരമായിരുന്നു. കാരണം, അവശേഷിച്ചിരുന്ന വിമാനവശിഷ്ടങ്ങൾ ഒരു മരത്തിന്റെ ശാഖയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു. മരത്തിന്റെ ശാഖകളിൽ പലതും വെട്ടി മാറ്റി, ഏറെ പ്രയാസപ്പെട്ടാണ് ഇരു മൃതദേഹങ്ങളും താഴെയെത്തിച്ചത്. കത്തിക്കരിഞ്ഞ ആ രണ്ടു മൃതദേഹങ്ങളും ചുവന്നബ്ലാങ്കറ്റിൽ പൊതിഞ്ഞ് താഴെ ആംബുലൻസിൽ തന്നെ വെച്ചു. ഇന്ത്യയുടെ 'അയേൺ ലേഡി' എന്നറിയപ്പെട്ടിരുന്ന, കർക്കശസ്വഭാവിയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഏറെ നിസ്സഹായയായ ഒരു അമ്മയുടെ സ്വരൂപത്തിൽ അഞ്ചു മിനിറ്റിനുള്ളിൽ അവിടെ എത്തിപ്പെട്ടു.ആർകെ ധവനോടൊപ്പം ഒരു ബ്രീഫിംഗിൽ ഇരിക്കവെയാണ് അപടത്തെക്കുറിച്ച് ഇന്ദിര അറിയുന്നത്. അവർ ആ നിമിഷം തന്നെ ധവനോടൊപ്പം കാറിൽ അപകടസ്ഥലത്തേക്ക് എത്തിപ്പെട്ടു. അവിടെ അപ്പോഴേക്കും നൂറുകണക്കിനുപേർ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. കാർ അപകടം നടന്ന സ്ഥലത്തിന് കുറച്ചിപ്പുറത്ത് നിർത്തേണ്ടി വന്നു. വിതുമ്പിക്കൊണ്ട് ഇന്ദിര കാറിൽ നിന്നിറങ്ങി വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് അരികിലേക്കോടി. ഏതാനും ചുവടുകൾ വെച്ച ശേഷം അവർ വേഗം കുറച്ചു. അവിടെ ആളുകൾ തടിച്ചു കൂടിയിട്ടുണ്ടെന്നും, അവർ നോക്കുന്നത് ഇന്ദിര എന്ന അമ്മയ്ക്കുനേരെ മാത്രമല്ല എന്നും, അവരുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് നേരെക്കൂടി ആണെന്നുമുള്ള ബോധ്യം അവർക്ക് കൂടുതൽ സമചിത്തത നൽകി. എന്തും ഉള്ളിലേക്കെടുക്കാനുള്ള മനക്കരുത്താർജ്ജിക്കാൻ വേണ്ടി ശ്വാസം ഒന്ന് ആഞ്ഞുള്ളിലേക്കെടുത്തുകൊണ്ട് അവർ പതുക്കെ ആംബുലൻസിനടുത്തേക്ക് നടന്നു.
സഞ്ജയിനെ കിടത്തിയിരുന്ന ആംബുലൻസിലേക്ക് ഇന്ദിരയെ അവിടുള്ളവർ നയിച്ചു. അവർ സഞ്ജയ് ഗാന്ധിയുടെ മൃതദേഹം മൂടിയിരുന്ന ചുവന്ന പുതപ്പ് മാറ്റി. മകന്റെ ചേതനയറ്റ മുഖം കണ്ടതും അത്രയും നേരം പിടിച്ചു നിർത്തിയിരുന്ന ദുഃഖം അണപൊട്ടിയൊഴുകി. മകന്റെ ജഡത്തെ കെട്ടിപ്പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് കരഞ്ഞു ഇന്ദിര അന്ന്. ഒരുപക്ഷേ, ഇന്ത്യയുടെ 'അയേൺ ലേഡി'യെ ജനങ്ങൾ ഇത്രക്ക് വികാരവിവശയായി കണ്ട ഒരേയൊരു സന്ദർഭവും ഇതുതന്നെയായിരുന്നിരിക്കും.
അന്തിമസംസ്കാര ചടങ്ങുകൾ രണ്ടുദിവസം വൈകി. അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും അന്ന് ഇന്ത്യൻ എയർലൈൻസിൽ കൊമേർഷ്യൽ പൈലറ്റുമായിരുന്ന രാജീവ് ഗാന്ധി തന്റെ പത്നി സോണിയയ്ക്കും മക്കൾ പ്രിയങ്കയ്ക്കും, രാഹുലിനുമൊപ്പം ഇറ്റലിയിൽ അവധിക്കാലം ചെലവിടാൻ പോയിരിക്കുകയായിരുന്നു. അവർ തിരിച്ചെത്തിയിട്ടേ മൃതദേഹം സംസ്കരിക്കാൻ ആകുമായിരുന്നുള്ളൂ. രണ്ടു ദിവസത്തിന് ശേഷം ദില്ലിയിൽ നടന്ന സഞ്ജയിന്റെ ശവസംസ്കാര ഘോഷയാത്രയിൽ അന്ന് മൂന്നുലക്ഷത്തോളം പേർ പങ്കെടുത്തു. ശാന്തിവനത്തിലേക്ക് നീണ്ട ക്യൂവിന് 12 കിലോമീറ്റർ നീളമുണ്ടായിരുന്നു. അന്ന് ആ ക്യൂവിലെ ജനങ്ങൾ സഞ്ജയ് ഗാന്ധിക്കുവേണ്ടി ഇങ്ങനെ മുദ്രാവാക്യം വിളിച്ചു, "ജബ് തക് സൂരജ് ചാന്ദ് രഹേഗാ, സഞ്ജയ് തേരാ നാം രഹേഗാ..! "
സഞ്ജയ് ഗാന്ധിക്കു ശേഷം ആര് എന്നതായിരുന്നു ചടങ്ങുകൾക്ക് ശേഷം ഉയർന്ന ആദ്യത്തെ ചോദ്യം. കാരണം, ഇന്ദിര-സഞ്ജയ് കൂട്ടുകെട്ട് രാജ്യം ഭരിച്ചിരുന്നപ്പോൾ അന്താരാഷ്ട്ര പ്രതിരോധ വിഷയങ്ങൾ ഇന്ദിരയും, ആഭ്യന്തര-പാർട്ടി കാര്യങ്ങൾ സഞ്ജയും എന്നതായിരുന്നു ധാരണ. സഞ്ജയിന്റെ അപ്രതീക്ഷിത മരണം ഒരു രാഷ്ട്രീയ പിൻഗാമിക്കുവേണ്ടിയുള്ള പ്രതീക്ഷയ്ക്ക് കാരണമായി. അന്ന് പറഞ്ഞുകേട്ടിരുന്ന പേരുകൾ സഞ്ജയിന്റെ ഭാര്യ മേനക ഗാന്ധിയുടേതും, മൂത്ത സഹോദരൻ രാജീവിന്റേതുമായിരുന്നു. എന്നാൽ, രാജീവിന് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഒരു താത്പര്യവുമില്ലായിരുന്നു. മാത്രവുമല്ല, ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ല എന്ന് വാക്കുനല്കിയാണ് രാജീവ് സോണിയയെ വിവാഹം കഴിച്ചതും. പറഞ്ഞ വക്കും പാലിച്ച് ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായി ഉദ്യോഗവും ചെയ്ത് സന്തുഷ്ട ദാമ്പത്യം നയിക്കുകയായിരുന്നു രാജീവ് അന്ന്. എന്നാൽ, സഞ്ജയിന് പകരം ചുമതലകൾ ഏറ്റെടുക്കുന്നത് രാജീവ് തന്നെയാകണം എന്ന് നിർബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയായിരുന്നു. അമ്മയുടെ നിസ്സഹായത കലർന്ന അഭ്യർത്ഥനയ്ക്ക് മുന്നിൽ ഒരു ഭർത്താവ് ഭാര്യക്ക് നൽകിയ വാക്കിന് പിടിച്ചു നിൽക്കാനായില്ല. രാജീവ് രാഷ്ട്രീയത്തിലേക്കിറങ്ങി. ശേഷം ചരിത്രം.
നാല്പതുവർഷം മുമ്പുനടന്ന ആ ദുരൂഹമായ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ കോൺഗ്രസ് എന്ന പാർട്ടിയുടെ രാഷ്ട്രീയ ഭാഗധേയം ഒരു പക്ഷേ മറ്റൊരുവിധത്തിലായിരുന്നേനെ. രാജീവ് ഗാന്ധി എന്ന ഇന്ത്യൻ എയർലൈൻസ് പൈലറ്റ്, രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തിലേക്കിറങ്ങി ജീവൻ നഷ്ടപ്പെടുത്താതെ ഇന്നും സോണിയയ്ക്കും മക്കൾ രാഹുലിനും പ്രിയങ്കക്കും ചെറുമക്കൾക്കുമൊപ്പം സസുഖം കുടുംബജീവിതം നയിച്ചിരുന്നേനെ. സഞ്ജയ് ഗാന്ധി 'ജനതാ കാർ' നിർമിക്കാൻ വേണ്ടി രൂപം കൊടുത്ത കമ്പനിയുടെ പേര് 'മാരുതി' എന്നായിരുന്നു. 'മാരുതി' എന്ന വാക്കിനർത്ഥം മാരുതപുത്രനായ സാക്ഷാൽ 'ഹനുമാനെ'ന്നാണ് ലങ്കാദഹനത്തിനും, മരുത്വാമല കൊണ്ടുവരാനും ഒക്കെയായി അതിസാഹസികമായ നിരവധി വ്യോമയാനങ്ങൾ മാരുതി നടത്തിയിട്ടുണ്ട്. അതുപോലൊരു ഒരു വ്യോമാഭ്യാസത്തിനിടെയായിരുന്നു സഞ്ജയ് ഗാന്ധിയുടെ മരണവും എന്നത് വല്ലാത്തൊരു യാദൃച്ഛികത തന്നെയാണ്...!