ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി മന്ത്രിക്കെതിരെ കേസ് കൊടുത്ത് എൻജിഒകൾ; പെൻഗ്വിൻ സംരക്ഷണം പരാജയമെന്ന് ആരോപണം

By Web Team  |  First Published May 24, 2024, 3:15 PM IST

120 വർഷത്തിനിടയിൽ, ആഫ്രിക്കൻ പെൻഗ്വിനുകളുടെ എണ്ണത്തിൽ 99% ത്തിലധികം കുറവ് വന്നിട്ടുണ്ട്. ഇതേ കുറവ് ഇനിയും തുടർന്നാൽ 2035 -ടെ ഈ പെൻഗ്വിനുകൾക്ക് വംശനാശം സംഭവിക്കും.


പെൻഗ്വിൻ സംരക്ഷണത്തിൽ വീഴ്ച പറ്റി എന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി മന്ത്രിക്കെതിരെ പരാതിയുമായി എൻജിഒകൾ കോടതിയിൽ. 

ദക്ഷിണാഫ്രിക്കയിലെ ആറ് പെൻഗ്വിൻ കോളനികളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ്, വിവിധ എൻജിഒകൾ ചേർന്ന് ദക്ഷിണാഫ്രിക്കയിലെ വനം, മത്സ്യബന്ധനം, പരിസ്ഥിതി മന്ത്രി ബാർബറ ക്രീസിയയ്ക്കെതിരെ കോടതിയിൽ പരാതി നൽകിയത്. ബേർഡ് ലൈഫ് ദക്ഷിണാഫ്രിക്ക, സതേൺ ആഫ്രിക്കൻ ഫൗണ്ടേഷൻ തുടങ്ങിയ എൻജിഒകൾ ആണ് ഇത്തരത്തിൽ ഒരു പരാതിയുമായി കോടതിയെ സമീപിച്ചത്.

Latest Videos

ആഗോള ആഫ്രിക്കൻ പെൻഗ്വിൻ നിരക്കിൻ്റെ 76% വരും ഈ ആറ് പെൻഗ്വിൻ കോളനികൾ. കഴിഞ്ഞ വർഷം ജൂലൈയിൽ പരിസ്ഥിതി മന്ത്രി നിയമിച്ച അന്താരാഷ്ട്ര അവലോകന പാനൽ അവരുടെ റിപ്പോർട്ടിൽ, പെൻഗ്വിൻ കോളനികൾക്ക് ചുറ്റുമുള്ള മത്സ്യബന്ധനം നിരോധിക്കുന്നത് പെൻഗ്വിൻ സംരക്ഷണത്തിന് ഗുണം ചെയ്യും എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ ശുപാർശകളിൽ നിന്ന് പരിസ്ഥിതി മന്ത്രി ബോധപൂർവ്വം ഒഴിഞ്ഞുമാറി എന്നാണ് എൻജിഒകൾ ആരോപിക്കുന്നത്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയിരുന്നെങ്കിൽ പെൻഗ്വിനുകൾക്ക് പുറമെ, വംശനാശഭീഷണി നേരിടുന്ന മറ്റൊരു പക്ഷി ഇനമായ കേപ് കോർമോറൻ്റിനും ഈ നിരോധനത്തിൻ്റെ പ്രയോജനം ലഭിക്കുമായിരുന്നു എന്നും എൻജിഒകൾ പറയുന്നു.

120 വർഷത്തിനിടയിൽ, ആഫ്രിക്കൻ പെൻഗ്വിനുകളുടെ എണ്ണത്തിൽ 99% ത്തിലധികം കുറവ് വന്നിട്ടുണ്ട്. ഇതേ കുറവ് ഇനിയും തുടർന്നാൽ 2035 -ടെ ഈ പെൻഗ്വിനുകൾക്ക് വംശനാശം സംഭവിക്കും. ഇത് ദക്ഷിണാഫ്രിക്കൻ ടൂറിസം വ്യവസായത്തെയും തകർക്കും. കേപ് ടൗണിലെ ബോൾഡേഴ്‌സ് ബീച്ചിലെ കോളനിയെക്കുറിച്ചുള്ള 2018 -ലെ പഠനമനുസരിച്ച്, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് ഇത് പ്രതിവർഷം 311 മില്യൺ റാൻഡ് (13 മില്യൺ പൗണ്ട്) സംഭാവന ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!