13 -ൽ തുടങ്ങി, നാല് കോടി മുടക്കി 18 -കാരി ചെയ്തത് 100 പ്ലാസ്റ്റിക് സർജറികൾ

By Web Team  |  First Published Mar 3, 2024, 1:17 PM IST

13 -ാമത്തെ വയസ്സിൽ അവളുടെ അമ്മ അവൾക്ക് ആദ്യത്തെ ഓപ്പറേഷനുള്ള അനുവാദം നൽകി. അവിടം മുതലിങ്ങോട്ട് അവൾക്ക് രൂപം മാറ്റുന്നത് ഒരു ആസക്തി പോലെ ആയിത്തീർന്നു. പലപ്പോഴും പ്ലാസ്റ്റിക് സർജറികൾക്ക് വേണ്ടി പഠനം പോലും നിർത്തി.


സൗന്ദര്യവർധക ശസ്ത്രക്രിയകളൊന്നും ഇന്നൊരു പുതിയ കാര്യമല്ല. ലക്ഷങ്ങൾ മുടക്കി പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്നവരും ഇന്ന് അനേകമുണ്ട്. ചൈനയിൽ ഒരു 18 -കാരി ഒരു സിനിമാതാരത്തെ പോലെ ആയിത്തീരാൻ മുടക്കിയത് നാല് മില്ല്യൺ യുവാനാണ്. ഇന്ത്യൻ രൂപയിൽ ഇത് നാല് കോടിയിൽ അധികം വരും. 

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള സൗ ഷൂന എന്ന പെൺകുട്ടി 13 -ാമത്തെ വയസ്സ് മുതൽ പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും തന്റെ രൂപം മാറ്റിയെടുക്കണം എന്നുമുള്ള ആഗ്രഹത്തിലായിരുന്നു. കാരണം അവളുടെ പ്രിയപ്പെട്ട ചൈനീസ് നടിയായ എസ്തർ യുവിനെപ്പോലെ സുന്ദരിയായിരിക്കാനും പ്രശസ്തയായിരിക്കാനുമായിരുന്നു അവളുടെ ആ​ഗ്രഹം. അതിനായി ഇതുവരെ 100 -ൽ അധികം ഓപ്പറേഷനുകൾ അവൾ ചെയ്ത് കഴിഞ്ഞു. അതിനെല്ലാം കാശ് മുടക്കിയത് പെൺകുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ്. 

Latest Videos

undefined

വളരെ ചെറുപ്പത്തിൽ തന്നെ തന്റെ രൂപത്തിൽ വളരെ അധികം നിരാശയുള്ളവളായിരുന്നു ഷൂന. തന്നെക്കാണാൻ തീരെ ഭം​ഗിയില്ല എന്നായിരുന്നു അവൾ സ്വയം വിശ്വസിച്ചിരുന്നത്. ഒപ്പം ബന്ധുക്കളും അയൽക്കാരും അവളുടെ അമ്മയെപ്പോലെ സുന്ദരിയല്ല അവൾ എന്ന് കമന്റുകളും പറഞ്ഞ് തുടങ്ങിയതോടെ ഷൂന ആകെ നിരാശയിലായി. ഷാങ്ഹായിയിലെ സ്കൂളിൽ ചേർന്നപ്പോഴാകട്ടെ തന്റെ സഹപാഠികൾ തന്നേക്കാളും സുന്ദരികളും ആത്മവിശ്വാസമുള്ളവരുമാണ് എന്ന് അവൾക്ക് തോന്നിത്തുടങ്ങി. ഇതവളെ വല്ലാതെ നിരാശപ്പെടുത്തി. 

നിരാശയും അസൂയയും തോന്നിയ അവൾ എങ്ങനെയെങ്കിലും തന്റെ രൂപം മികച്ചതാക്കണമെന്ന് ആ​ഗ്രഹിച്ച് തുടങ്ങി. അങ്ങനെ 13 -ാമത്തെ വയസ്സിൽ അവളുടെ അമ്മ അവൾക്ക് ആദ്യത്തെ ഓപ്പറേഷനുള്ള അനുവാദം നൽകി. അവിടം മുതലിങ്ങോട്ട് അവൾക്ക് രൂപം മാറ്റുന്നത് ഒരു ആസക്തി പോലെ ആയിത്തീർന്നു. പലപ്പോഴും പ്ലാസ്റ്റിക് സർജറികൾക്ക് വേണ്ടി പഠനം പോലും നിർത്തി. കണ്ണിന് മാത്രം 10 സർജറികളാണ് അവൾ ചെയ്തത്. ഇനി അത് ചെയ്യുന്നത് അപകടമാണ് എന്ന് ഡോക്ടർ ഉപദേശിച്ചിട്ട് പോലും അവൾ നിർത്താൻ തയ്യാറായില്ല. 

ഓരോ തവണയും അവൾ അതിനാൽ തന്നെ പുതിയ പുതിയ ഡോക്ടറെ കണ്ടെത്തി. ഇപ്പോൾ അവളുടെ അച്ഛനും അമ്മയും അവൾക്ക് സർജറിക്കുള്ള അനുവാദവും പണവും നൽകുന്നത് നിർത്തി. അതുപോലെ ഡോക്ടർമാരും അവൾക്കുള്ള സർജറി ഇനി ചെയ്യില്ല എന്ന് പറഞ്ഞിരിക്കുകയാണ്. ഇനിയും സർജറി ചെയ്താൽ അതവളുടെ ജീവനെ പോലും ബാധിക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!