പൂച്ചകൾക്കൊരു മുത്തച്ഛൻ; ഒപ്പമുറങ്ങുന്ന ചിത്രങ്ങൾ വൈറൽ, ഫണ്ട് കിട്ടിയത് 83 ലക്ഷം

By Web TeamFirst Published Dec 11, 2023, 9:23 PM IST
Highlights

ഏതായാലും ടെറി പൂച്ചകൾക്കൊപ്പം ഉറങ്ങുന്നതിന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലായി. ആളുകളുടെ ശ്രദ്ധയും ടെറി പിടിച്ചുപറ്റി.

പൂച്ചകളെ സ്നേഹിക്കുന്ന അനേകംപേരെ നമുക്കറിയാം. അതിലൊരാളാണ് ടെറി ലോർമാൻ എന്ന റിട്ട. അധ്യാപകനും. യുഎസ്‍എയിലെ സേഫ് ഹെവൻ പെറ്റ് സാങ്ച്വറിക്ക് കിട്ടിയ ഏറ്റവും മികച്ച ഒരു വോളന്റിയർ കൂടിയാണ് അദ്ദേഹം എന്ന് പറയേണ്ടി വരും. നേരത്തെ അധ്യാപകനായിരുന്നു ടെറി ജോലിയിൽ നിന്നും വിരമിച്ച ശേഷം നേരെ എത്തിയത് ഈ പെറ്റ് സാങ്ച്വറിയിലാണ്. പൂച്ചകൾക്കൊപ്പം സമയം ചെലവിടുക എന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 

പൂച്ചകളെ പരിപാലിക്കുകയും അവയെ സുന്ദരന്മാരും സുന്ദരികളുമാക്കുകയും ചെയ്തശേഷം ടെറി അവിടെത്തന്നെ സോഫയിലും മറ്റും കിടന്ന് ഉറങ്ങിപ്പോകും. ടെറിക്കൊപ്പമുറങ്ങാൻ പൂച്ചകളും എത്തും. ആദ്യമാദ്യം അറിയാതെ ഉറങ്ങിപ്പോകുന്നതായിരുന്നെങ്കിൽ പിന്നെ മനപ്പൂർവ്വം തന്നെ ടെറി അവയെ കെട്ടിപ്പിടിക്കുകയും ലാളിക്കുകയും അവയ്ക്കൊപ്പം ഉറങ്ങുകയും ഒക്കെ ചെയ്ത് തുടങ്ങി. അദ്ദേഹത്തിന് പൂച്ചകളെ അത്രയേറെ ഇഷ്ടമായിരുന്നു. വളരെ കംഫർട്ടായിട്ടാണ് ടെറി പൂച്ചകളോടും പൂച്ചകൾ ടെറിയോടും ഇടപഴകുന്നത്. പൂച്ചകളെ വളരെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുക, അവയ്ക്കൊപ്പം സമയം ചെലവഴിക്കുക, കിടന്നുറങ്ങുക ഇവയൊക്കെ ടെറിക്കിഷ്ടമുള്ള കാര്യമാണ്. അതിനാൽ തന്നെ 'കാറ്റ് ​ഗ്രാൻഡ്‍പാ ടെറി' എന്ന പേരും അദ്ദേഹത്തിനുണ്ട്. 

Latest Videos

നാല് മണിക്കൂർ വരെ ടെറി ഈ പൂച്ചകൾക്കൊപ്പം ചെലവഴിക്കും. പിന്നീടാണ് അദ്ദേഹം തൻ‌റെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നത്. ഈ പൂച്ചകളുടെ ഷെൽട്ടറിൽ ടെറിക്ക് ഇഷ്ടപ്പെട്ട ഒരു പൂച്ചയുണ്ട്. അവളുടെ പേര് ഹോപ്പർ എന്നാണ്. 'പൂച്ചകൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ തന്റെ രക്തസമ്മർദ്ദം കുറയുന്നതായി അനുഭവപ്പെടാറുണ്ട്. വളരെ സന്തോഷവും തോന്നും. പൂച്ചകൾക്കും അത് സന്തോഷമുള്ള കാര്യമാണ് എന്ന് തോന്നുന്നു' എന്നും ടെറി പറയുന്നു. 

ഏതായാലും ടെറി പൂച്ചകൾക്കൊപ്പം ഉറങ്ങുന്നതിന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലായി. ആളുകളുടെ ശ്രദ്ധയും ടെറി പിടിച്ചുപറ്റി. ഇതുവഴി സേഫ് ഹെവൻ പെറ്റ് സാങ്ച്വറിക്ക് വലിയ ഫണ്ട് തന്നെ സ്വരൂപിക്കാനായി. ടെറിയുടെയും പൂച്ചകളുടെയും ഉറക്കത്തിലൂടെ ശ്രദ്ധ ലഭിച്ചതിന് പിന്നാലെ 83 ലക്ഷം രൂപയാണ് ഇങ്ങനെ ലഭിച്ചത്. എലിസബത്ത് ഫെൽഡൗസെനാണ് ഈ സ്ഥാപനം നടത്തുന്നത്. തന്റെ പൂച്ചയുടെ ഏകാന്തതയും മറ്റ് ബുദ്ധിമുട്ടുകളും മാറ്റുന്നതിന് വേണ്ടിയാണ് എലിസബത്ത് ഈ സ്ഥാപനം തുടങ്ങിയത്. ഇന്നത് അനേകം പൂച്ചകൾക്ക് അഭയകേന്ദ്രമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!