ബ്രസീലിന് പേര് നൽകിയത് ദേ ഈ മരമാണ്, കട്ടുകട്ട് ഇപ്പോൾ കാണാനേയില്ലാത്ത അവസ്ഥ

By Web Team  |  First Published May 3, 2024, 12:32 PM IST

ഇന്ന് ഈ വൃക്ഷം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വയലിൻ പോലുള്ള സംഗീത ഉപകരണങ്ങളുണ്ടാക്കാനായാണ് ഈ മരം ഇപ്പോൾ വ്യാപകമായി മുറിക്കുന്നത്.


ബ്രസീലിന് ആ പേര് ഒരു മരത്തിൽ നിന്ന് കിട്ടിയതാണന്ന് അറിയാമോ? ബ്രസീൽവുഡ് എന്ന മരത്തിൽ നിന്നാണ് ബ്രസീലിന് ആ പേര് ലഭിച്ചത്. രാജ്യത്തെ അറ്റ്ലാന്റിക് വനമേഖലയിൽ കാണപ്പെടുന്ന പോബ്രസീലിയ എക്കിനാറ്റ എന്ന് ശാസ്ത്രീയനാമമുള്ള ഈ മരം ബ്രസീലിന്റെ ദേശീയവൃക്ഷവുമാണ്. 

ബ്രസീലിൽ ആധിപത്യം ഉറപ്പിച്ച പോർച്ചുഗീസുകാരാണ് ഈ മരത്തെ കണ്ടെത്തിയതും പേര് നൽകിയതും  വിപണന സാധ്യത തിരിച്ചറിഞ്ഞതും. ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള കാതലാണ് ഈ മരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഏറ്റവും പ്രത്യേകതയുള്ള ഉത്പന്നം ബ്രസീലിൻ എന്ന ചുവന്ന ചായം. അക്കാലത്ത് യൂറോപ്പിൽ വെൽവെറ്റ് പോലുള്ള തുണിത്തരങ്ങൾ നിർമിക്കാനായി ഈ ചായത്തിനു വലിയ ഡിമാൻഡ് വന്നു. അതോ‌ടെ വളരെ വിലപിടിപ്പുള്ള ഒരു വസ്തുവായി ബ്രസീൽവുഡ് മാറി. തുടർന്നു പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വ്യാപകമായി ബ്രസീൽവുഡ് മരങ്ങൾ ബ്രസീലിയൻ കാടുകളിൽ നിന്നു മുറിച്ച് പോർച്ചുഗലിലേക്കു കയറ്റി അയച്ചു. 

Latest Videos

undefined

എന്നാൽ, ഇന്ന് ഈ വൃക്ഷം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വയലിൻ പോലുള്ള സംഗീത ഉപകരണങ്ങളുണ്ടാക്കാനായാണ് ഈ മരം ഇപ്പോൾ വ്യാപകമായി മുറിക്കുന്നത്. ഈ മുറിച്ച് നീക്കൽ രൂക്ഷമായതോടെ വംശനാശഭീഷണി നേരിടുന്ന ഒരു മരമായി ഇന്ന് ബ്രസീൽവുഡ് മാറി. ഇപ്പോൾ ഇത് മുറിയ്ക്കുന്നതിന് വിലക്കുകൾ ഉണ്ടെങ്കിലും ബ്രസീൽ വുഡിന്റെ അനധികൃത വേട്ട ഇതു നിൽക്കുന്ന മഴക്കാടുകളിൽ തകൃതിയാണ്. ഇതിന്റെ വംശം അറ്റുപോകാതിരിക്കാൻ ഈ മരങ്ങൾ വ്യാപകമായി വച്ചുപിടിപ്പിക്കാനും പ്രകൃതിസ്നേഹികൾ ശ്രമം ന‌ടത്തുന്നുണ്ട്.

പോർച്ചുഗീസ്, യൂറോപ്യൻ സാന്നിധ്യം ബ്രസീലിൽ ഉണ്ടാകുന്നതിനു മുൻപ് പിൻഡോറമ എന്നായിരുന്നു ബ്രസീൽ അറിയപ്പെട്ടത്. പനകളുടെ നാടെന്നായിരുന്നു അതിന്റെ അർഥം. ബ്രസീലിനെ കണ്ടെത്തിയ യൂറോപ്യനെന്ന് പറയപ്പെടുന്ന പോർച്ചുഗീസ് ക്യാപ്റ്റനും യുദ്ധപ്രഭുവുമായ പെഡ്രോ ആൽവാരസ് കബ്രാൽ,  ഇൽഹ ഡി വെറാ ക്രൂസ് എന്നാണ് ബ്രസീലിന് ആദ്യം നൽകിയ പേര്. 

പതിനാറാം നൂറ്റാണ്ടിലാണ് പോർച്ചുഗീസ് വ്യവസായി ഫെർണോ ഡി ലോറോനയുടെ നേതൃത്വത്തിലുള്ള വ്യാപാര സംഘടന ബ്രസീൽവുഡ് കച്ചവടത്തിന്റെ പശ്ചാത്തലത്തിൽ  ടെറ ഡോ ബ്രസീൽ എന്ന് രാജ്യത്തിന്റെ പേരുമാറ്റിയത്. പിന്നീട് കാലക്രമേണ ഇതു ലോപിച്ച് ബ്രസീൽ എന്നായി.

click me!