ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി 

By Web Team  |  First Published Mar 28, 2024, 6:31 PM IST

മധുവിധു കാലത്തെല്ലാം ഭർത്താവ് തന്നോട് മോശമായി പെരുമാറി. നേപ്പാളിൽ പോയപ്പോൾ തന്നെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ച് അപമാനിച്ചു എന്നും ഭാര്യ ആരോപിച്ചിരുന്നു.


ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിക്കുകയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഭർത്താവിനോട് മൂന്നുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ബോംബെ ഹൈക്കോടതി. അതുപോലെ മാസം ചെലവിനായി 1.5 ലക്ഷം രൂപ നല്കാനും കോടതി ഉത്തരവിട്ടു. ഹാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി. അമേരിക്കയിൽ താമസിക്കുന്ന ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. 

ഭർത്താവ് ഭാര്യയെ പലതരത്തിൽ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നും കോടതി കണ്ടെത്തി. ഇരുവരുടേയും വിവാഹം കഴിയുന്നത് 1994 ജനുവരിയിലാണ്. മധുവിധു കാലത്തെല്ലാം ഭർത്താവ് തന്നോട് മോശമായി പെരുമാറി. നേപ്പാളിൽ പോയപ്പോൾ തന്നെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ച് അപമാനിച്ചു എന്നും ഭാര്യ ആരോപിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടർന്നായിരുന്നു അവരെ ഭർത്താവ് സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ചത്. 

Latest Videos

undefined

1994 ജനുവരിയിൽ മുംബൈയിൽ വച്ച് വിവാഹിതരായ ദമ്പതികൾ പിന്നീട് യുഎസ്എയിൽ വിവാഹ ചടങ്ങ് നടത്തിയിരുന്നു. 2005 -ൽ ഇരുവരും നാട്ടിലേക്ക് മടങ്ങി, മാട്ടുംഗയിൽ ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു വീട്ടിലായിരുന്നു താമസം. എന്നിരുന്നാലും, 2008 -ൽ, ഇരുവരും തമ്മിലുള്ള പ്രശ്നം കാരണം ഭാര്യ അവരുടെ വീട്ടിലേക്ക് മടങ്ങി. ഭർത്താവ് 2014 ൽ യുഎസ്എയിലേക്ക് താമസം മാറി. 

2017 -ല്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ അമേരിക്കയിലെ കോടതിയെ സമീപിച്ചു. അതേസമയം ഭാര്യ മുംബൈ മജിസ്ട്രേറ്റ് കോടതിയില്‍ ഇയാൾക്കെതിരെ ഗാര്‍ഹികപീഡനത്തിന് പരാതിയും നല്‍കി. 2018 -ല്‍ അമേരിക്കയിലെ കോടതി രണ്ടുപേർക്കും വിവാഹമോചനം അനുവദിച്ചു. എന്നാൽ, ഭാര്യ നല്കിയ പരാതി സത്യമാണെന്നും അവർ പലതരത്തിൽ ഉപദ്രവം നേരിട്ടു എന്നും മുംബൈ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. അങ്ങനെയാണ് മൂന്നുകോടി രൂപ നഷ്ടപരിഹാരം നല്കാനും ഒന്നരലക്ഷം രൂപ മാസം ജീവനാംശം നല്കാനും വിധി വരുന്നത്. 

ഭർത്താവ് ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കീഴ്ക്കോടതി വിധി ഹൈക്കോടതിയും ശരി വയ്ക്കുകയായിരുന്നു. 

click me!