കർഫ്യൂ പ്രകാരം 18 വയസിൽ താഴെയുള്ളവർക്ക് വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ പുറത്തിറങ്ങാനുള്ള അനുമതി ഇല്ല.
ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിങ്സ് എന്ന നഗരത്തിൽ 18 വയസിൽ താഴെയുള്ളവർക്ക് കർഫ്യൂ. രാത്രികാലത്ത് പുറത്തിറങ്ങരുത് എന്നാണ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മുഖ്യമന്ത്രി ഇവാ ദിന ലോലർ യുവാക്കളോട് പറഞ്ഞിരിക്കുന്നത്. യുവാക്കൾക്കുള്ള ഈ കർഫ്യൂ ഏപ്രിൽ 16 വരെ നീട്ടിയതായും ഇവാ ലോലർ പ്രഖ്യാപിച്ചു കഴിഞ്ഞു.
ആലീസ് സ്പ്രിങ്സ് നഗരത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണത്രെ ഈ നടപടി. കഴിഞ്ഞ മാസം തന്നെ ഒരു 18 -കാരന്റെ മരണമടക്കം അനേകം അനിഷ്ടസംഭവങ്ങൾ നഗരത്തിൽ സംഭവിച്ചു കഴിഞ്ഞു. കർഫ്യൂ പ്രകാരം 18 വയസിൽ താഴെയുള്ളവർക്ക് വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ പുറത്തിറങ്ങാനുള്ള അനുമതി ഇല്ല.
undefined
ഒരു പത്രസമ്മേളനത്തിൽ ഇവാ ലോലർ പറഞ്ഞത്, നഗരത്തിലെ അശാന്തിയും കുറ്റകൃത്യങ്ങളും ഇല്ലാതാക്കുന്നതിന് ഈ കർഫ്യൂ അത്യാവശ്യമാണ് എന്നാണ്. കർഫ്യൂ നടപ്പിലാക്കിയതിന് പിന്നാലെ നഗരം കൂടുതൽ സുരക്ഷിതമായി എന്നും കുറ്റകൃത്യങ്ങൾ കുറഞ്ഞു എന്നും ലോലർ പറഞ്ഞു. അതുപോലെ, കർഫ്യൂ അവസാനിച്ച് കഴിഞ്ഞാലും നിയമസംവിധാനങ്ങൾ കർശനമായി പ്രവർത്തിക്കുമെന്നും, ആലീസ് സ്പ്രിംഗ്സിൽ 58 പൊലീസുകാരെ അധികമായി വിന്യസിച്ചുവെന്നും, സുരക്ഷ ഉറപ്പിക്കുന്നതിനായുള്ള മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്നും ലോലർ പറഞ്ഞു.
നോർത്തേൺ ടെറിട്ടറി പൊലീസ് കമ്മീഷണർ മൈക്കൽ മർഫി, ലോലർ പറഞ്ഞതിനോട് യോജിച്ചു. കർഫ്യൂ ഏർപ്പെടുത്തിയതിന് ശേഷം ഇവിടെ കുറ്റകൃത്യങ്ങളിൽ കാര്യമായ കുറവുണ്ടായി എന്നാണ് പൊലീസ് മേധാവി പറഞ്ഞത്. ഏപ്രിൽ 15 തിങ്കളാഴ്ചയാണ് ഇവിടെ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത്. അതോടെയാണ് ബുധനാഴ്ച അവസാനിക്കേണ്ടിയിരുന്ന കർഫ്യൂ 16 വരെ നീട്ടിയിരിക്കുന്നത്. മാർച്ച് 27 -നാണ് ഇവിടെ കർഫ്യൂ ആരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം