ഭൂമിയില്‍ പുതിയൊരു സമുദ്രം വരുമോ? ആഫ്രിക്ക രണ്ടായി പിളർന്നുപോകുമോ?

By Web Team  |  First Published Mar 25, 2024, 3:13 PM IST

2005 -ൽ ഇത്യോപ്യൻ മരുഭൂമിയിൽ ഒരു വിടവ് വന്നതോടെയാണ് ആഫ്രിക്കയിലെ ഭൗമാന്തര പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ചൂടുപിടിച്ചത്. ഏകദേശം അൻപതിലധികം കിലോമീറ്റർ നീളമുള്ള വിടവാണ് അന്ന് സംഭവിച്ചത്.


ഭൂമിയിൽ ആറാമതായി പുതിയൊരു സമുദ്രം കൂടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ. ആഫ്രിക്കയിലാണ് ഇതിനു സാധ്യത കൽപിച്ചിരിക്കുന്നത്. അടുത്ത 50 ലക്ഷം മുതൽ ഒരു കോടി വർഷം വരെയുള്ള കാലയളവിൽ ആഫ്രിക്ക രണ്ടായി പിളർന്ന് ഇപ്പോഴത്തെ കിഴക്കൻ ആഫ്രിക്കൻ മേഖല പുതിയൊരു ഭൂഖണ്ഡമായി മാറാമെന്നുമാണ് ഗവേഷകർ പറയുന്നത്. ഇതൊടൊപ്പം പുതിയൊരു സമുദ്രതടം രൂപപ്പെട്ടേക്കാം. ലക്ഷക്കണക്കിനു വർഷങ്ങളെടുത്താകും ഇതു സംഭവിക്കുക. 

'ആഫ്രിക്കയുടെ കൊമ്പ്' എന്നറിയപ്പെടുന്ന ഹോൺ ഓഫ് ആഫ്രിക്കയിലെ അഫാർ ത്രികോണമെന്ന ഒരു ഘടനയിലാണ് ഈ പ്രതിഭാസം സംഭവിക്കുക എന്നാണ് ​ഗവേഷകരുടെ പഠനങ്ങൾ പറയുന്നത്. നൂബിയൻ, സൊമാലി, അറേബ്യൻ ഭൗമപ്ലേറ്റുകൾ ഒരുമിച്ചു ചേരുന്ന സ്ഥലമാണിത്. 2005 -ൽ ഇത്യോപ്യൻ മരുഭൂമിയിൽ ഒരു വിടവ് വന്നതോടെയാണ് ആഫ്രിക്കയിലെ ഭൗമാന്തര പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ചൂടുപിടിച്ചത്. ഏകദേശം അൻപതിലധികം കിലോമീറ്റർ നീളമുള്ള വിടവാണ് അന്ന് സംഭവിച്ചത്.

Latest Videos

undefined

പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് എന്നിവയാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്ന 5 സമുദ്രങ്ങൾ. വിസ്തൃതി കൊണ്ടും കൂടുതൽ ജലം ഉൾക്കൊള്ളുന്ന കാര്യത്തിലും സമുദ്രങ്ങളിൽ ഒന്നാം സ്ഥാനം പസിഫിക്കിനാണ്. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രെഞ്ച് പസിഫിക്ക് സമുദ്രത്തിലാണ്. മരിയാന ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ചാലഞ്ചർ ഡീപ് എന്ന ഭാഗത്തിന്  ഏതാണ്ട് 11 കി.മീ. താഴ്ചയുണ്ട്. രണ്ടാമത്തെ വലിയ സമുദ്രം അറ്റ്ലാന്റിക്കാണ്. ശരാശരി ആഴം 3646 മീറ്റർ. ലോകത്തിലെ വൻനദികളിൽ മിക്കവയും വന്നു സംഗമിക്കുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലാണ്. ഏറ്റവും തിരക്കേറിയ സമുദ്രപാത എന്ന പ്രത്യേകതയും ഈ സമുദ്രത്തിനുണ്ട്.  

മൂന്നാം സ്ഥാനമാണ് ഇന്ത്യൻ മഹാസമുദ്രത്തിന്. ആഫ്രിക്ക, ഓസ്ട്രേലിയ വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രത്തിന്റെ ശരാശരി ആഴം 3741 മീറ്റർ. ഏതെങ്കിലും രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ചെങ്കടൽ, ജാവാക്കടൽ തുടങ്ങിയവയെല്ലാം ഇന്ത്യൻ മഹാ സമുദ്രത്തിന്റെ ഭാഗം തന്നെയാണ്. അന്റാർട്ടിക് സമുദ്രം ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നു. അന്റാർട്ടിക്കയ്ക്കു ചുറ്റുമുള്ള ഈ സമുദ്രത്തിൽ തുറമുഖങ്ങളില്ല. ഏറ്റവും വലുപ്പം കുറഞ്ഞ സമുദ്രമാണ് ആർട്ടിക് സമുദ്രം. ഭൂമിയുടെ ഉത്തരധ്രുവം ഈ സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!