12 അടി വരുന്ന കിണറാണ് ഗൗരി കുഴിച്ചത്. എന്നാൽ, അത് തടയാൻ വേണ്ടി വിമൻ ആൻഡ് ചിൽഡ്രൻ വെൽഫെയർ ഡിപാർട്മെന്റ് അധികൃതർ സ്ഥലത്തെത്തി.
കർണാടകയിലെ സിർസിയിലുള്ള ഗൗരി നായിക് എന്ന 55 -കാരിയെ നാട്ടുകാരെല്ലാം അഭിനന്ദിക്കുകയാണിപ്പോൾ. കാരണം, അത്രയും മഹത്തായ ഒരു കാര്യമാണ് അവർ ചെയ്തത്. ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുകയായിരുന്നു ആ ഗ്രാമത്തിലെ ആളുകൾ. അപ്പോഴാണ് സമീപത്തെ അങ്കണവാടിയിലുള്ള കുട്ടികൾക്ക് വേണ്ടി അവർ തനിയെ ഒരു കിണർ കുത്തിയത്.
പ്രദേശത്തെ അടയ്ക്ക വില്പനക്കാരിയാണ് ഗൗരി നായിക്. ജനുവരി 30 -നാണത്രെ അവർ കുട്ടികൾക്ക് വേണ്ടി കിണർ കുത്തി തുടങ്ങിയത്. അതിനെ കുറിച്ച് ഗൗരിയുടെ തന്നെ വാക്കുകൾ ഇങ്ങനെ, 'ജനുവരി 30 -നാണ് ഞാൻ ഈ കിണർ കുത്തി തുടങ്ങിയത്. അതിന് മുമ്പ് എന്റെ കവുങ്ങുകൾക്ക് വെള്ളം കൊടുക്കുന്നതിനായി വീടിനടുത്ത് ഞാനൊരു തുറന്ന കിണർ കുഴിച്ചിരുന്നു. പിന്നീടാണ് കുട്ടികൾ ജലക്ഷാമം അനുഭവിക്കുകയാണ് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നുന്നത് അങ്ങനെ കിണർ കുത്തി.'
undefined
12 അടി വരുന്ന കിണറാണ് ഗൗരി കുഴിച്ചത്. എന്നാൽ, അത് തടയാൻ വേണ്ടി വിമൻ ആൻഡ് ചിൽഡ്രൻ വെൽഫെയർ ഡിപാർട്മെന്റ് അധികൃതർ സ്ഥലത്തെത്തി. ഇതറിഞ്ഞതോടെ പ്രദേശവാസികളായ നൂറുകണക്കിനാളുകൾ അങ്കണവാടി പരിസരത്ത് തടിച്ചുകൂടി. അധികൃതർ കിണർ കുഴിക്കുന്നത് തടസപ്പെടുത്തുന്നത് എങ്ങനെയും തടയാൻ തന്നെ ആയിരുന്നു അവർ എത്തിച്ചേർന്നത്.
സിറ്റിസൺ ഗ്രൂപ്പായ 'സിർസി ജീവ ജല ടാസ്‌ക് ഫോഴ്‌സ്' പ്രസിഡൻ്റ് ശ്രീനിവാസ് ഹെബ്ബാർ സ്ഥലം സന്ദർശിച്ച് അങ്കണവാടിക്ക് കോമ്പൗണ്ട് ഭിത്തിയും കിണർ മൂടാൻ റിങ്ങും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഒപ്പം ഒരു ടാങ്കും പമ്പും സ്ഥാപിക്കുമെന്നും അവർ അറിയിച്ചു. ഒപ്പം അധികൃതർക്കെതിരെ ജനങ്ങളുടെ പ്രതിഷേധം കൂടിയായപ്പോൾ കിണർ തുടർന്നും കുഴിച്ചോളാൻ അധികൃതർ ഗൗരി നായിക്കിന് വാക്കാൽ അനുമതി നൽകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം