16 -കാരനെ വിവാഹം കഴിക്കണം, വീട്ടിൽച്ചെന്ന് താമസം തുടങ്ങി 25 -കാരി, ഇറക്കിവിട്ടാൽ ആത്മഹത്യയെന്ന് ഭീഷണി 

By Web Team  |  First Published May 23, 2024, 12:02 PM IST

പൊലീസ് ആദ്യം യുവതിയെ അവളുടെ വീട്ടിലേക്ക് അയച്ചിരുന്നുവെങ്കിലും സ്വീകരിക്കാൻ അവളുടെ വീട്ടുകാർ തയ്യാറായിരുന്നില്ല. അവൾ വീടിന് അപമാനം വരുത്തിവച്ചു എന്ന് പറഞ്ഞുകൊണ്ടാണ് അവർ അവളെ വീട്ടിൽ കയറ്റാൻ തയ്യാറാവാതിരുന്നത്.


പ്രണയം അന്ധമാണ് എന്ന് പറയാറുണ്ട്. എന്നാൽ, നമ്മുടെ നിയമം അങ്ങനെയല്ല. അത് കൃത്യമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. വിവാഹം കഴിക്കാനടക്കം എല്ലാത്തിനും കൃത്യമായ വയസും അത് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ, ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നുള്ള ഒരു 25 -കാരി 16 -കാരനെ വിവാഹം കഴിക്കണമെന്നും പറഞ്ഞ് അവന്റെ വീട്ടിൽ താമസിക്കുകയാണത്രെ. 

16 -കാരന്റെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. യുവതിയും 16 -കാരനും സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. പിന്നാലെ, സൗഹൃദത്തിലായി. യുവതി അവനെ മാത്രമേ വിവാഹം കഴിക്കൂ എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. പിന്നാലെ, 16 -കാരന്റെ വീട്ടിൽ താമസവും തുടങ്ങി. വീട്ടുകാർ എത്ര പറഞ്ഞിട്ടും അവൾ അവിടെ നിന്നും ഇറങ്ങിപ്പോകാൻ തയ്യാറായില്ല. ഇറക്കിവിട്ടാൽ ആ നിമിഷം ആത്മഹത്യ ചെയ്യും എന്നാണ് യുവതിയുടെ ഭീഷണി. 

Latest Videos

undefined

പിന്നാലെ, സഹികെട്ടാണ് വീട്ടുകാർ പൊലീസിൽ പരാതിയുമായി ചെന്നത്. എന്നാൽ, പൊലീസിന് പ്രശ്നം പരിഹരിക്കാനായില്ല. ശേഷം 16 -കാരന്റെ അച്ഛൻ ഷാംലി ജില്ലാ മജിസ്‌ട്രേറ്റിന് സമീപിച്ചു. 'എന്റെ മകന് വിദ്യാഭ്യാസമില്ല. ജോലിയും ചെയ്യുന്നില്ല. സോഷ്യൽ മീഡിയയിലൂടെ അവൻ ഒരു സ്ത്രീയെ പരിചയപ്പെട്ടു. ഇപ്പോൾ അവൾ നമ്മുടെ വീട്ടിൽ വന്ന് താമസിക്കുകയാണ്. പുറത്താക്കിയാൽ ആത്മഹത്യ ചെയ്യും എന്നാണ് ഭീഷണിപ്പെടുത്തുന്നത്' എന്നാണ് 16 -കാരന്റെ അച്ഛൻ പറയുന്നത്. 

പൊലീസ് ആദ്യം യുവതിയെ അവളുടെ വീട്ടിലേക്ക് അയച്ചിരുന്നുവെങ്കിലും സ്വീകരിക്കാൻ അവളുടെ വീട്ടുകാർ തയ്യാറായിരുന്നില്ല. അവൾ വീടിന് അപമാനം വരുത്തിവച്ചു എന്ന് പറഞ്ഞുകൊണ്ടാണ് അവർ അവളെ വീട്ടിൽ കയറ്റാൻ തയ്യാറാവാതിരുന്നത്. പിന്നാലെ, അവൾ തിരികെ വീണ്ടും 16 -കാരന്റെ വീട്ടിലെത്തുകയായിരുന്നു. 

സ്റ്റേഷൻ ഹൗസ് ഓഫീസർ വീരേന്ദ്ര കുമാർ പറയുന്നത് ഇത് തികച്ചും വിചിത്രമായ സംഭവം തന്നെയാണ് എന്നാണ്. യുവതിയെ വനിതാ അഭയകേന്ദ്രത്തിലേക്ക് അയച്ചിരുന്നുവെങ്കിലും അവിടെ നിന്നും അവൾ മടങ്ങി വരികയായിരുന്നുവത്രെ. യുവതിയെ വീട്ടുകാർ സ്വീകരിച്ചില്ലെങ്കിൽ അവളെ വനിതാ അഭയകേന്ദ്രത്തിലാക്കുക എന്നതല്ലാതെ വഴിയില്ല എന്നും വീരേന്ദ്ര കുമാർ പറയുന്നു.

അതേസമയം, ഇന്ത്യയിൽ സ്ത്രീകൾക്ക് 18 ഉം പുരുഷന്മാർക്ക് 21 -മാണ് നിയമപരമായി വിവാഹിതരാവാനുള്ള പ്രായം. പ്രായപൂർത്തിയാവാത്തവരെ വിവാഹം കഴിക്കുകയോ, ശാരീരികമായി ചൂഷണം ചെയ്യുകയോ ഉണ്ടായാല്‍ നിയമം ലംഘിച്ചതിനുള്ള ശിക്ഷ നേരിടേണ്ടി വരും. മാത്രമല്ല, ഇത് പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അവകാശം ലംഘിക്കൽ കൂടിയാണ്. 

click me!