ശരീരം നിറയെ കാലുകൾ, 'അന്യ​ഗ്രഹജീവി'യുടെ മുഖം, ഭയപ്പെടുത്തും രൂപമുള്ള 'ആയിരംകാലികൾ'

By Web Team  |  First Published Feb 17, 2024, 12:28 PM IST

ആഫ്രിക്കയിലെ ആയിരംകാലികളായ തേരട്ടകളിൽ ചിലതിന് 35 സെന്റിമീറ്റർ വരെ നീളമുണ്ടാകും. എന്നാൽ, ഇപ്പോൾ കണ്ടെത്തിയവയ്ക്ക് നീളം കുറവാണ്.


അന്യഗ്രഹജീവികളോട് മുഖസാദൃശ്യമുള്ള  ആയിരംകാലികളെ (മില്ലിപീഡ്സ്– Millipedes) ആഫ്രിക്കൻ വനങ്ങളിൽ  കണ്ടെത്തി. ടാൻസാനിയയിലെ ഉഡ്‌സുൻഗ്വ മലനിരകളിലെ സസ്യങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനിടെയാണ് കണ്ടെത്തൽ. ഓസ്‌ട്രേലിയയിലെ സൺഷൈൻ സർവകലാശാലയിലെ പ്രഫസറായ ആൻഡി മാർഷലും സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ. ഓസ്‌ട്രേലിയൻ റിസർച്ച് കൗൺസിലിന്റെ നേതൃത്വത്തിലാണ് ​ഗവേഷണം നടത്തുന്നത്. ഒരു പുതിയ ജനുസ്സും അഞ്ച് പുതിയ ഇനം മില്ലിപീഡുകളും ആണ് ​ഗവേഷണത്തിൽ കണ്ടെത്തിയത്. 

യൂറോപ്യൻ ജേണൽ ഓഫ് ടാക്‌സോണമി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഡിപ്ലോപോഡ എന്ന ജീവിവിഭാഗത്തിലെ ഡെട്രിറ്റിവോർ എന്ന ഗണത്തിൽ ഉൾപ്പെടുന്നവയാണ് ആയിരംകാലികൾ അഥവാ മില്ലിപീഡ്‌സ്. ആയിരംകാലികൾ എന്നു പേരുണ്ടെങ്കിലും 30 മുതൽ 400 കാലുകൾ വരെയാണ് ഈ കൂട്ടത്തിലെ ജീവികൾക്കുള്ളത്.

Latest Videos

undefined

ആയിരംകാലികളെക്കുറിച്ചുള്ള പഠനം സസ്യസമ്പത്തിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ഗവേഷണത്തിൽ പ്രധാനമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കാരണം ചീയുന്ന ജൈവവസ്തുക്കളാണ് ഇവ പ്രധാനമായും ഭക്ഷിക്കുന്നത്. പക്ഷികൾക്കും ചിലയിനം സസ്തനികൾക്കും ഇവയൊരു പ്രധാന ഭക്ഷണസ്രോതസ്സ് കൂടിയാണ്. ശത്രുക്കളെ തുരത്താൻ ഇവ വിഷമയമായ ദ്രാവകങ്ങൾ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കാറുണ്ട്.

ആഫ്രിക്കയിലെ ആയിരംകാലികളായ തേരട്ടകളിൽ ചിലതിന് 35 സെന്റിമീറ്റർ വരെ നീളമുണ്ടാകും. എന്നാൽ, ഇപ്പോൾ കണ്ടെത്തിയവയ്ക്ക് നീളം കുറവാണ്. ഇക്കൂട്ടത്തിൽ ഒരു ജീവിയ്ക്ക് ലെഫോസ്‌ട്രെപ്പസ് മഗോംബെറ എന്നാണ് പേര് നൽകിയിരിക്കുന്നത്. ആഫ്രിക്കയിലെ മഗോംബെറ നാച്ചുറൽ റിസർവിന്റെ പേരാണ് ഇത്. ആറ്റെംസോസ്ട്രെപ്റ്റസ് ലെപ്‌ടോപ്‌റ്റിലോസ്, ആറ്റെംസോസ്‌ട്രെപ്റ്റസ് ജൂലോസ്‌ട്രിയാറ്റസ്, അറ്റംസോസ്‌ട്രെപ്റ്റസ് മഗോംബെറ, അറ്റംസോസ്‌ട്രെപ്റ്റസ് ലെപ്‌ടോപ്‌റ്റിലോസ്, ഉഡ്‌സുങ്‌വാസ്‌ട്രെപ്റ്റസ് മരിയാന എന്നിവയാണ് കണ്ടെത്തിയ അഞ്ച് പുതിയ ഇനം മില്ലിപീഡ്സ്. ഇവയെ ഇപ്പോൾ കോപ്പൻഹേഗൻ സർവകലാശാലയിലെ ഡാനിഷ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വായിക്കാം: കുഞ്ഞ് ജനിച്ചശേഷം അടിച്ചുപൊളിച്ച് ജീവിക്കാനാവുന്നില്ല, മകളെ ദത്ത് നൽകാൻ തീരുമാനിച്ച് ദമ്പതികൾ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!