നാല് അക്രമികളെയും സുശീല ഒറ്റയ്ക്ക് നേരിട്ടു. അവരിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന കോടാലി തട്ടിയെടുക്കുകയും ചെയ്തു. പരിക്കേറ്റ പിതാവിനും അക്രമികൾക്കും ഇടയിൽ നിന്നുകൊണ്ട് അതേസമയം തന്നെ അയൽക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി ബഹളം വയ്ക്കാനും അവൾ മറന്നില്ല.
ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നിന്നുള്ള 17 വയസ്സുകാരിയാണ് സുശീല. സുശീലയുടെ ധൈര്യവും ഒറ്റനിമിഷം പോലും ചിന്തിച്ചുപാഴാക്കാതെയുള്ള പ്രവൃത്തിയും രക്ഷിച്ചെടുത്തത് അവളുടെ പിതാവിന്റെ ജീവനാണ്. ആയുധങ്ങളുമായി നാലുപേർ നമ്മുടെ വീട്ടിൽ അതിക്രമിച്ച് കയറുന്നു. നമ്മളെയോ നമ്മുടെ വേണ്ടപ്പെട്ടവരെയോ അക്രമിക്കുന്നു, എന്തുണ്ടാവും? നമ്മളാകെ ഭയന്നു മരവിച്ചുപോകും അല്ലേ? എന്നാൽ, സുശീല പ്രതികരിക്കുകയാണ് ചെയ്തത്.
ആഗസ്ത് അഞ്ചിന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഛത്തീസ്ഗഢിലെ ഝര ഗ്രാമത്തിലെ സോംധർ കോറം എന്നയാളുടെ വീട്ടിലേക്കാണ് അജ്ഞാതരായ നാല് പേർ അതിക്രമിച്ചു കയറിയത്. മൂർച്ചയേറിയ ആയുധങ്ങളുമായെത്തിയ ആളുകൾ സോംധറിൻ്റെ കഴുത്ത് ലക്ഷ്യമാക്കി ആക്രമിക്കുകയായിരുന്നു. ആ അടി കൊണ്ടത് അദ്ദേഹത്തിന്റെ നെഞ്ചിലായിരുന്നു. അപ്പോഴേക്കും സോംധറിന്റെ മകൾ സുശീല അച്ഛന്റെ സഹായത്തിനായി ഓടിയെത്തി.
നാല് അക്രമികളെയും സുശീല ഒറ്റയ്ക്ക് നേരിട്ടു. അവരിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന കോടാലി തട്ടിയെടുക്കുകയും ചെയ്തു. പരിക്കേറ്റ പിതാവിനും അക്രമികൾക്കും ഇടയിൽ നിന്നുകൊണ്ട് അതേസമയം തന്നെ അയൽക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി ബഹളം വയ്ക്കാനും അവൾ മറന്നില്ല.
അവളുടെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തി. സോംധറിനെ ആശുപത്രിയിലെത്തിച്ചു. പിന്നീട്, ജഗ്ദൽപൂരിലെ ദിമ്രപാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തുടക്കത്തിൽ, ആക്രമണത്തിന് മാവോയിസ്റ്റ് പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നുവെങ്കിലും അത് പൊലീസ് തള്ളിക്കളഞ്ഞു. സോംധർ സഹോദരനുമായി സ്വത്ത് തർക്കത്തിലേർപ്പെട്ടിരുന്നു. അതിന്റെ ഭാഗമാണോ അക്രമം എന്ന് സംശയിക്കുന്നുണ്ട്. നാരായൺപൂർ എസ്പി പ്രഭാത് കുമാർ വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
അച്ഛന് അദ്ദേഹത്തിന്റെ സഹോദരൻ വയൽ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. മകനില്ല എന്നതായിരുന്നു കാരണം. അതിന്റെ പേരിൽ അച്ഛനും അദ്ദേഹത്തിന്റെ സഹോദരനും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട് എന്നും സുശീല പറയുന്നു. ഏഴാം ക്ലാസ് വരെ മാത്രമേ സുശീല പഠിച്ചിട്ടുള്ളൂ. ആദ്യം അക്രമികൾ എത്തിയപ്പോൾ സുശീലയാണ് കണ്ടത്. അച്ഛനെ കാണണം എന്ന് പറഞ്ഞപ്പോൾ എന്തിനാണ് എന്ന് അവൾ ചോദിച്ചിരുന്നു. അത് കേട്ടപ്പോൾ അവർക്ക് ദേഷ്യം വന്നു. പിന്നീട്, താൻ അകത്തേക്ക് പോയി തിരികെ വന്നപ്പോൾ കണ്ടത് അവർ മുഖംമൂടി ധരിച്ച് അച്ഛനെ ആക്രമിക്കുന്നതാണ് എന്നും സുശീല പറഞ്ഞു.