ചതിയുടെ, അധികാര ഗർവ്വിന്റെ, അവസാനിക്കാത്ത ആഗ്രഹങ്ങളുടെ, ആഡംബരത്തിന്റെ ഒക്കെ കഥകളാണ് കോടനാട് എസ്റ്റേറ്റിന് ജയലളിതയുടെ ജീവിത കാലത്ത് തന്നെ പറയാനുണ്ടായിരുന്നത്. അവരുടെ മരണശേഷമാവട്ടെ ചോരക്കറ പുരണ്ട, ഇനിയും ചുരുളഴിയാത്ത അനേകരഹസ്യങ്ങളുടെ കൂടാരവും!!
അന്നും ഇന്നും ദുരൂഹത നിറഞ്ഞുനിൽക്കുന്ന ഇടമാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ്. ചതിയുടെ, അധികാര ഗർവ്വിന്റെ, അവസാനിക്കാത്ത ആഗ്രഹങ്ങളുടെ, ആഡംബരത്തിന്റെ ഒക്കെ കഥകളാണ് കോടനാട് എസ്റ്റേറ്റിന് ജയലളിതയുടെ ജീവിത കാലത്ത് തന്നെ പറയാനുണ്ടായിരുന്നത്. അവരുടെ മരണശേഷമാവട്ടെ ചോരക്കറ പുരണ്ട, ഇനിയും ചുരുളഴിയാത്ത അനേകരഹസ്യങ്ങളുടെ കൂടാരവും!!
തേയിലത്തോട്ടങ്ങളുടെ മനോഹാരിതയും മഞ്ഞിന്റെ കുളിരും പുതച്ചുറങ്ങുന്ന കോടനാട് എസ്റ്റേറ്റ്. അതിനു നടുവിലായി പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവ്. 1864ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച എസ്റ്റേറ്റ് പല തലമുറ കൈമാറി 1975ൽ വില്യം ജോൺസിന്റെ ഉടമസ്ഥതയിലായി. ആയിരം ഏക്കറിലധികം വിസ്തൃതമായ എസ്റ്റേറ്റ് അന്ന് 33 ലക്ഷം രൂപയ്ക്കാണ് വില്യം സായിപ്പ് വാങ്ങിയതെന്നാണ് രേഖകൾ പറയുന്നത്. പിന്നാലെ 100 ഏക്കറിനടുത്ത് സ്ഥലം വില്യം വിറ്റു. അങ്ങനെ കോടനാട് എസ്റ്റേറ്റിന്റെ വിസ്തൃതി 906 ഏക്കറായി. 1976ൽ വില്യം ജോൺസിന്റെ പുത്രൻ പീറ്റർ കാൾ എഡ്വേഡ് ക്രൈഗ് ജോൺസ് കോടനാട്ടെത്തി. അവിടെ കോടനാട് ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തേയിലക്കമ്പനിയും തുടങ്ങി. 1992ൽ കോടനാട് എസ്റ്റേറ്റിൽ ജയലളിതയുടെ കണ്ണ് പതിയുന്നതു വരെ കാര്യങ്ങൾ ഭംഗിയായി നടന്നു.
undefined
1992ൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ ജയലളിതയും കൂട്ടാളികളും നീലഗിരിയിൽ സ്ഥലം വാങ്ങാനായി എത്തി. കോടനാട് എസ്റ്റേറ്റ് ജയലളിതയ്ക്ക് നന്നായി ബോധിച്ചു. പിന്നെ വിലപേശലായി. രണ്ട് വർഷം നീണ്ട വിലപേശലുകൾക്കൊടുവിൽ 1994ൽ അവർ എസ്റ്റേറ്റ് സ്വന്തമാക്കി. അവിടെ തുടങ്ങിയതാണ് ചതിയുടെ കഥ. എസ്റ്റേറ്റ് വിൽക്കാൻ കൂട്ടാക്കാതിരുന്ന തന്നെ സമ്മർദ്ദത്തിലാക്കിയും ബലംപ്രയോഗിച്ചും ജയലളിത ഉടമസ്ഥാവകാശം നേടിയെടുക്കുകയായിരുന്നു എന്നാണ് പീറ്റർ കാൾ എഡ്വേഡ് ക്രൈഗ് ജോൺസ് പിന്നീട് പലതവണ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. ഉറ്റതോഴി വി കെ ശശികലയുടെ മന്നാർഗുഡി മാഫിയയെ രംഗത്തിറക്കി ജയലളിത കോടനാട് എസ്റ്റേറ്റ് വെറും ഏഴരക്കോടി രൂപയ്ക്ക് സ്വന്തമാക്കി എന്നാണ് പീറ്റർ പറയുന്നത്.
മോഹിച്ചതെന്തും സ്വന്തമാക്കുക എന്ന ശൈലി പുരട്ചിതലൈവിക്കുണ്ടായിരുന്നു എന്നാണ് തമിഴകത്തിന്റെ കേട്ടുകേൾവി. അങ്ങനെ നേടിയതിലൊന്ന് ആയതുകൊണ്ടാവാം ജീവിതകാലമത്രയും കോടനാട് എസ്റ്റേറ്റ് ജയലളിതയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. 2006ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അഞ്ചുവർഷക്കാലം ജയലളിത ജീവിച്ചത് എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു. അക്കാലത്ത് അവർ അവിടെ നവീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 18 മുറികളുള്ള മഹാസൗധമാണ് കോടനാട് ബംഗ്ലാവ്. പിൽക്കാലത്തും വേനൽക്കാല വസതിയായി ജയലളിത അവിടം ഉപയോഗിച്ചുപോന്നു. ചെന്നൈയിൽ നിന്ന് ഹെലികോപ്ടറിൽ കോത്തഗിരിയിലെത്തി അവിടെനിന്ന് റോഡുമാർഗമാണ് ബംഗ്ളാവിലേക്കുള്ള ജയലളിതയുടെ യാത്ര. പത്താം നമ്പർ ഗേറ്റിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം. ജയലളിതയുടെ വരവ് എല്ലാക്കാലത്തും കോടനാട് ആഘോഷമാക്കി.
ശശികലയുടെയും തന്റെ ദത്തുപുത്രൻ സുധാകരന്റെയും പേരിലാണ് ജയലളിത ആദ്യം എസ്റ്റേറ്റ് വാങ്ങിയത്. എന്നാൽ പിന്നീട് ഇവരുമായി പിണങ്ങിയ കാലത്ത് ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജയലളിതയുടെ മരണശേഷം ആർക്കാണ് കോടനാട് എസ്റ്റേറ്റ് സ്വന്തമായത് എന്നത് ഇപ്പോഴും വെളിച്ചത്തുവന്നിട്ടില്ല. ശശികലയ്ക്കാണ് ഉടമസ്ഥാവകാശം എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു, പക്ഷേ, ശശികല ജയിലിലായപ്പോൾ മന്നാർഗുഡി സംഘം എസ്റ്റേറ്റിലേക്ക് തിരിഞ്ഞുനോക്കിയില്ല എന്നത് ആ അഭ്യൂഹങ്ങളുടെ കൊമ്പൊടിച്ചു. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തതയില്ലായ്മയാണ് നാടിനെ നടുക്കിയ കോടനാട് എസ്റ്റേറ്റ് കൊള്ളയ്ക്കും കൊലയ്ക്കും പിന്നിലെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
എന്താണ് കോടനാട് എസ്റ്റേറ്റിൽ സംഭവിച്ചത്?
2017 ഏപ്രിൽ 24ന് എസ്റ്റേറ്റ് ബംഗ്ലാവിൽ ഒരു കവർച്ച നടക്കുന്നു. പതിനൊന്നാം നമ്പർ ഗേറ്റിലൂടെ അതിക്രമിച്ചു കയറിയ അക്രമികൾ സെക്യൂരിറ്റി ഗാർഡ് ഓം ബഹദൂറിനെ കൊലപ്പെടുത്തി. മറ്റൊരു ഗാർഡായ കിഷൻ ബഹദൂറിന് ഗുരുതരമായി പരിക്കേറ്റു.
ആഡംബര വാച്ചുകൾ, സ്ഫടിക പാവ, സ്വർണത്തിലും വജ്രത്തിലും നിർമ്മിച്ച ആഭരണങ്ങൾ, ജയലളിതയുടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഫയലുകളുള്ള മൂന്ന് സ്യൂട്ട്കെയ്സുകൾ എന്നിവ മോഷണം പോയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ആരാണ് കവർച്ച നടത്തിയത്?
കൃത്യം നടന്ന് നാല് ദിവസത്തിനു ശേഷം പ്രതികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. ജയലളിതയുടെ മുൻ ഡ്രൈവർ കനകരാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കൊള്ളയ്ക്കും കൊലയ്ക്കും പിന്നിലുള്ളത്. ജയലളിതയുടെ വിശ്വസ്തനായിരുന്നു കനകരാജ്. എന്നാൽ, തന്റെ പേര് കനകരാജ് ദുരുപയോഗം ചെയ്യുന്നെന്ന് മനസിലാക്കിയ ജയലളിത ഇയാളെ ജോലിയിൽ നിന്നൊഴിവാക്കി. ഈ പകയാണ് ജയലളിതയുടെ മരണശേഷം എസ്റ്റേറ്റിൽ കൊള്ള നടത്താൻ കനകരാജിനെ പ്രേരിപ്പിച്ചത്. ബംഗ്ലാവിലെ ഓരോ മുറിയെക്കുറിച്ചും വ്യക്തമായ ധാരണ കനകരാജിനുണ്ടായിരുന്നു. സുഹൃത്തായ സയാൻ ആണ് ആസൂത്രണത്തിലും കൊള്ളയിലും കനകരാജിന് ഒപ്പം നിന്നത്. ഇയാൾ വഴിയാണ് മറ്റ് പ്രതികളിലേക്ക് കനകരാജ് എത്തിയത്. വി കെ ശശികലയുമായി അടുത്ത ബന്ധമുള്ള എസ്റ്റേറ്റ് ഫർണിഷിംഗ് കോൺട്രാക്ടർ സജീവന്റെ സഹായി ആയിരുന്നു സയാൻ. അങ്ങനെയാണ് കനകരാജ്- സയാൻ സൗഹൃദം ആംഭിച്ചത്.
കൊള്ളയിലെ മലയാളി ബന്ധം
കനകരാജ് ഒഴികെയുള്ള പ്രതികളെല്ലാം മലയാളികളാണ്. സയാൻ തൃശ്ശൂർ സ്വദേശിയാണ്. പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തിയത്. അങ്ങനെ മനോജ് സാമി, ദീപു, സതീശൻ, സന്തോഷ് സാമി, ഉദയകുമാർ, കുട്ടി എന്നിവർ പിടിയിലായി. ജിതിൻ ജോയി, ശംഷീർ എന്നീ പ്രതികൾ അതിനു മുന്നേ പിടിയിലായിരുന്നു. മെയ് 1ന് വാളയാർ മനോജ് എന്ന പ്രതിയും അറസ്റ്റിലായി.
പ്രതികളെ സഹായിച്ചത് ആര്?
ബംഗ്ലാവിനുള്ളിൽ നിന്നാരെങ്കിലും സഹായിക്കാതെ പ്രതികൾക്ക് അകത്തുകടക്കാനാവില്ലെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. കൃത്യം നടന്ന ദിവസം ബംഗ്ലാവിൽ പവർ കട്ട് ആയതും സിസിടിവി ക്യാമറകൾ കേടായതും ഇതിനു തെളിവായി പൊലീസ് ചൂണ്ടിക്കാട്ടി. എസ്റ്റേറ്റ് മാനേജർ നടരാജനെ ചോദ്യം ചെയ്തപ്പോൾ സമാനമായ രീതിയിലുള്ള കവർച്ചാശ്രമങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്നും വെളിപ്പെട്ടു.
വഴിത്തിരിവുകൾ, ചോരക്കളികൾ, ദുരൂഹത
കനകരാജിനായി പൊലീസ് നാലുപാടും വലവീശി കാത്തിരിക്കുമ്പോഴാണ് ആ അപകടം നടന്നത്. എടപ്പാടി സ്വദേശിയായ കനകരാജ് ചെന്നൈ ബംഗളൂരു ദേശീയപാതയിൽ സേലത്തിനടുത്ത് ആത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഇയാൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്. കാർ സംഭവസ്ഥലത്ത് ഉപേക്ഷിച്ചുപോയവർ പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സേലം സ്വദേശികളായ ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്നും ക്വട്ടേഷൻ സംഘമാണെന്നും കണ്ടെത്തി. സേലത്തു നിന്ന് 75 കിലോമീറ്റർ അകലെയുള്ള ആത്തൂരിലേക്ക് കനകരാജ് ബൈക്കിൽ പോയത് എന്തുകൊണ്ട് എന്നതിന് ഇപ്പോഴും ഉത്തരമില്ല.
രണ്ടാം പ്രതി സയാനും കുടുംബവും സഞ്ചരിച്ച കാർ പാലക്കാട് കാഴ്ച്ചപറമ്പിന് സമീപം വച്ച് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് അപകടമുണ്ടായി. സയാന്റെ ഭാര്യയും മകളും മരിച്ചു. അപകടമരണമെന്ന് ആദ്യം കരുതിയെങ്കിലും ഇരുവരുടെയും കഴുത്തിൽ സമാനരീതിയിൽ കണ്ട മുറിവ് സംശയത്തിലേക്ക് വഴിവച്ചു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. സയാൻ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഇവർ സഞ്ചരിച്ച കാർ വ്യാജനമ്പറിലുള്ളതായിരുന്നു എന്ന കണ്ടെത്തലും പൊലീസിനെ കുഴക്കി.
എസ്റ്റേറ്റിൽ ആറു വർഷക്കാലം കമ്പ്യൂട്ടർ ഓപ്പറേറ്ററായിരുന്ന ദിനേശ് കുമാറിനെ 2017 ജൂലൈ 30ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാരണം അറിയാത്ത ആ ആത്മഹത്യയും ദുരൂഹത വർധിപ്പിച്ചു.
വില്ലൻ എടപ്പാടി പളനി സ്വാമിയോ!
ഇതിനിടെയാണ് അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്കെതിരെ ആരോപണങ്ങളുയരുന്നത്. കോടനാട് കേസിൽ പ്രതികളായ സയാനും വാളയാർ മനോജും നടത്തിയ വെളിപ്പെടുത്തലുകളാണ് വഴിത്തിരിവായത്. കേസിൽ ജാമ്യത്തിലിറങ്ങിയ സയാൻ നൽകിയ രഹസ്യമൊഴിയിൽ എടപ്പാടി പളനി സ്വാമിയുടെയും വി കെ ശശികലയുടെയും പേരുണ്ടെന്നാണ് അഭ്യൂഹം. ഇരുവരെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മറ്റ് മൂന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുക കൂടി ചെയ്തതോടെ കോടനാട് കേസിൽ വമ്പൻ സ്രാവുകൾ പിടിയിലാകാനുണ്ടെന്ന സംശയം ശക്തമായി. കോടനാട് എസ്റ്റേറ്റ് കേസ് വെറുമൊരു കവർച്ചയുടേതല്ലെന്നും ചർച്ചകളുയർന്നു. എടപ്പാടി പളനിസ്വാമി, വി കെ ശശികല, ശശികലയുടെ സഹോദരഭാര്യ ഇളവരശി, സഹോദരിപുത്രൻ വി എൻ സുധാകരൻ, നീലഗിരി മുൻ ജില്ലാകളക്ടർ ശങ്കർ, അണ്ണാ ഡിഎംകെ സംസ്ഥാന ഓർഗനൈസർ സജീവൻ, കോടനാട് എസ്റ്റേറ്റ് മാനേജർ നടരാജൻ തുടങ്ങിയവരെയെല്ലാം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ഹർജി സമർപ്പിച്ചത്.
കൊലപാതകക്കേസിൽ പുനരന്വേഷണത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ പുതിയ രാഷ്ട്രീയമാനങ്ങളുള്ള ഒന്നായി കൂടി കോടനാട് എസ്റ്റേറ്റ് കേസ് മാറി.
കേസ് രാഷ്ട്രീയ ആയുധമാകുമ്പോൾ...
കോടനാട് എസ്റ്റേറ്റ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നീക്കം രാഷ്ട്രീയപകവീട്ടലിന്റേത് കൂടിയാണെന്ന് വിലയിരുത്തലുകളുണ്ടായി. പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്ന് സ്റ്റാലിൻ ആവർത്തിച്ചിട്ടും അത് വിശ്വാസത്തിലെടുക്കാൻ അണ്ണാ ഡിഎംകെക്ക് കഴിഞ്ഞില്ല. തന്നെ കുരുക്കാനുള്ള നീക്കമാണ് വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്ന് വാവിട്ട് നിലവിളിച്ച എടപ്പാടി പളനിസ്വാമിയോട് മടിയിൽ കനമുള്ളവനേ ഭയക്കേണ്ടതുള്ളു എന്നാണ് സ്റ്റാലിൻ പറഞ്ഞത്.
എവിടെയെത്തി നിൽക്കുന്നു...
ജയലളിതയുടെ സ്വത്ത് വകകളും പാർട്ടിയിലെ പല പ്രമുഖരേയും സംബന്ധിച്ച രഹസ്യരേഖകളും കോടനാട് എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് അഭ്യൂഹം. എസ്റ്റേറ്റിലുണ്ടായിരുന്നത് എന്തൊക്കെയെന്ന് ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികലയ്ക്ക് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇതനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം വി കെ ശശികലയെ ചോദ്യം ചെയ്യുന്നത്. കേസ് ദുർബലമാകുമോ രാഷ്ട്രീയമായ പൊട്ടിത്തെറികളിലേക്ക് നയിക്കുമോ എന്നത് ശശികലയുടെ വെളിപ്പെടുത്തലുകളെ ആശ്രയിച്ചിരിക്കും.
ചോരക്കറ പുരണ്ട് കോടനാട് എസ്റ്റേറ്റിലെ ദുരൂഹതകളുടെ ചുരുളഴിയാൻ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം!!