വിവാഹ വീട്ടിൽനിന്ന് വധുവിനടക്കമുള്ളവർക്ക് ആസാദി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നു വരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരായി വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. വിവാഹത്തിന് മുമ്പുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനടക്കം വധൂവരൻമാർ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്തുനിന്നുള്ള വധൂവരൻമാരും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ‘ആസാദി’ മുദ്രാവാക്യം വിളിച്ചെത്തിയിരിക്കുകയാണ്.
വിവാഹ വീട്ടിൽനിന്ന് വധുവിനടക്കമുള്ളവർക്ക് ആസാദി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നു വരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വരൻ ചൊല്ലി കൊടുക്കുന്ന മുദ്രാവാക്യം വധുവും മറ്റുള്ളവരും ഏറ്റുചൊല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മലപ്പുറം കരുവാരകുണ്ട് പുൽവെട്ടിയിലെ കൊറ്റങ്ങോടൻ അഹ്സൻ ആണ് തന്റെ ജീവിതസഖിക്കും സുഹൃത്തുകൾക്കും ബന്ധുക്കൾക്കും മറ്റ് അതിഥികൾക്കുമായി വിവാഹപ്പന്തലിൽനിന്ന് മുദ്രാവാക്യം ചൊല്ലി കൊടുത്തത്.
undefined
അഹ്സൻ വിളിക്കുന്ന ഹിന്ദി മുദ്രാവാക്യങ്ങൾക്ക് വധു സുമയ്യ പർവീണും മറ്റുള്ളവരും ‘ആസാദി’ എന്ന് ഏറ്റുവിളിക്കുന്ന വീഡിയോ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ദില്ലി സർവകലാശാലാ വിദ്യാർഥിയായിരുന്ന അഹ്സൻ ഇപ്പോൾ മധ്യപ്രദേശിലാണ് ജോലി ചെയ്യുന്നത്. സുമയ്യ ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിൽ എംഎ വിദ്യാർഥിനിയാണ്. ‘സിഎഎ – എൻആർസി തള്ളിക്കളയുക’, ‘ഇന്ത്യ ജയിക്കട്ടെ’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഇവർ കയ്യിലേന്തിയിരുന്നു.