Vallathoru Katha : ഫാസിസ്റ്റോ നോക്കുകുത്തിയോ ഹിരോഹിത്തോ ചക്രവർത്തി? കാണാം വല്ലാത്തൊരു കഥ

Feb 21, 2022, 4:32 PM IST

രണ്ടാം ലോക മഹായുദ്ധം. ഏകദേശം എട്ടു കോടിയോളം മനുഷ്യരുടെ ദാരുണമായ അന്ത്യത്തിന് കാരണമായ ഒന്നായിരുന്നു 1939 -നും  45 നുമിടയിൽ നടന്ന ഈ പെരുംയുദ്ധം. അതിൽ ഒരു കോടിയിൽ അധികം പേരുടെ വംശഹത്യക്ക് നേരിട്ടോ അല്ലാതെയോ ഉത്തരവാദിയായതിന്റെ പേരിലാണ് നമ്മൾ ഹിറ്റ്‌ലറെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത്. സമാനമായ രീതിയിൽ വംശഹത്യകൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള മുസ്സോളിനിയും നമുക്ക് ഫാസിസ്റ്റ് തന്നെയാണ്. കാറ്റിൻ കൂട്ടക്കൊല പോലുള്ള സംഭവങ്ങളുടെ പേരിൽ സ്റ്റാലിനെപ്പോലും ചരിത്രം പിൽക്കാലത്ത് പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ട്. സമാനമായൊരു വംശഹത്യയുടെ ഉത്തരവാദിത്തം പേറുന്ന മറ്റൊരു രാജ്യം ജപ്പാനാണ്.  1941 ഡിസംബർ ഏഴാം തീയതി ഇംപീരിയൽ ജാപ്പനീസ്  നേവി എയർ സർവീസിന്റെ പോർവിമാനങ്ങൾ, യാതൊരു പ്രകോപനവും കൂടാതെ അന്ന് ഹവായിയിലെ പേൾ ഹാർബറിൽ വിശ്രമിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ ബോംബിട്ടു തകർത്തതാണ്, അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിലേക്കും രണ്ടാം ലോകമഹായുദ്ധം ശക്തിപ്രാപിക്കുന്നതിലേക്കും നയിച്ചത്. തുടർന്ന്  ജാപ്പനീസ് സൈന്യത്തിന്റെ പ്രവൃത്തികളുടെ ഇരയായി ജീവനാശം സംഭവിച്ചിട്ടുള്ളത് ഒരു കോടിയിൽ പരം പേർക്കാണ്. അന്ന് ചൈനയിലെ നാങ്കിങ്ങിൽ ജാപ്പനീസ് സൈനികർ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത് പ്രദേശവാസികളായ എൺപതിനായിരത്തോളം സ്ത്രീകളെയാണ്. 1938 നും 1945 നുമിടയ്ക്ക്  ജാപ്പ് സൈനികർ, 'കംഫർട്ട് വിമൺ' എന്ന പേരിൽ അതിക്രൂരമായ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാക്കിയിട്ടുള്ളത് നാലുലക്ഷത്തോളം ചൈനീസ്, കൊറിയൻ യുവതികളെയാണ്. അതുപോലെ ഈ യുദ്ധകാലത്ത്  മഞ്ചൂരിയയിലെ യൂണിറ്റ് 731 കേന്ദ്രീകരിച്ച് രഹസ്യമായി നടത്തപ്പെട്ടിട്ടുള്ള ജൈവ രാസ പരീക്ഷണപീഡനങ്ങളും, ജാപ്പനീസ് നേവൽ എയർ സർവീസിന്റെ കാമികാസോ പോലുള്ള ചാവേർ പോരാട്ടരീതികളും മറ്റും ഏറെ കുപ്രസിദ്ധമാണ്. ഇത്രയൊക്കെ കാര്യങ്ങൾ ജാപ്പനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും, ഇതൊക്കെ നടക്കുമ്പോൾ ആ രാജ്യത്തിന്റെ സുപ്രീം എമ്പറർ ആയിരുന്ന ഹിരോഹിറ്റ ചക്രവർത്തിക്ക് അങ്ങനെ അധികമാരും തന്നെ 'ഫാസിസ്റ്റ്' എന്നൊരു ചാപ്പകുത്തിക്കണ്ടിട്ടില്ല. എന്താണ് അതിനു കാരണം? കുടില ബുദ്ധിയായൊരു വില്ലനോ, നിസ്സഹായനായൊരു നോക്കുകുത്തിയോ? ആരായിരുന്നു സത്യത്തിൽ ഹിരോഹിറ്റോ ചക്രവർത്തി?  രണ്ടാംലോകമഹായുദ്ധത്തിന്റെ രണാങ്കണത്തിലൂടെ  ഇംപീരിയൽ ജപ്പാന്റെ സൈനികർ  സകലതും ചവിട്ടിയരച്ചുകൊണ്ട്  തേർവാഴ്ച അടത്തിക്കൊണ്ടിരുന്നപ്പോൾ ആ ക്രൂരതകൾക്ക് തന്റെ മൗനത്തിലൂടെ സാധുത നൽകിയ ഹിരോഹിറ്റ എന്ന ജാപ്പനീസ് ചക്രവർത്തിയുടെ കഥ, ലക്ഷക്കണക്കിന് പേർ നിഷ്ടുരമായി കൊലചെയ്യപ്പെട്ടിട്ടും, പതിനായിരങ്ങൾ ബലാത്സംഗത്തിനിരയായിട്ടും, അതിന്റെ പേരിൽ ഇതുവരെയും ഹിറ്റ്ലറെപ്പോലെ ഒരു ഫാസിസ്റ്റ് സ്വേച്ഛാധിപതി എന്ന് ചരിത്രം അടയാളപ്പെടുത്താതെ പോയ ആ രാഷ്ട്രത്തലവന്റെ കഥ,  അത് വല്ലാത്തൊരു കഥയാണ്.