vuukle one pixel image

കൊട്ടല്ലാ..' ഇത് വാദ്യക്കാരെ പേടിപ്പിച്ച് ഭക്തരെ ചിരിപ്പിക്കുന്ന ശ്രീഭൂതം!

Dec 16, 2022, 8:27 PM IST

ദ്രാവിഡ സംസ്‍കൃതിയുമായി ബന്ധപ്പെട്ട്, അതിരുകളില്ലാതെ പരന്നുകിടക്കുന്ന വിശാലമായ അര്‍ത്ഥാന്തരങ്ങളുണ്ട് 'ഭൂതം' അഥവാ 'പൂതം' എന്ന വാക്കിന്.  ദേവത, ബാധ, പരേതാത്മാവ്, ശിവന്‍റെ ഗണങ്ങള്‍, കാളിയുടെ പരിവാരദേവത തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി അര്‍ത്ഥതലങ്ങളിലും സന്ദര്‍ഭങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന മലയാള വാക്കാണ് ഭൂതം. ഭൂതശബ്‍ദത്തിന് മാത്രമല്ല അനന്തത. അമാനുഷികവും അസാധ്യവുമായ പലകാര്യങ്ങളും ചെയ്യാൻ ഭൂതങ്ങള്‍ക്ക് കഴിയും എന്നാണ് വിശ്വാസം. 'നിധി കാക്കുന്ന ഭൂതം' എന്ന ഭാഷാ പ്രയോഗം തന്നെ ഈ ഉറച്ച വിശ്വാസത്തിന് തെളിവാണ്. പല ജലാശയങ്ങളും ഗുഹകളുമൊക്കെ ഭൂതങ്ങള്‍ കുഴിച്ചതാണെന്നൊരു വിശ്വാസവും നാട്ടുകഥകളുമൊക്കെ പലയിടങ്ങളിലും പ്രചാരത്തിലുണ്ട്. ഉണ്ണിയെ കവര്‍ന്ന ഇടശേരിയുടെ പൂതത്തേയും ഉണ്ണിയെ വീണ്ടെടുത്ത അമ്മയുടെ ചങ്കുറപ്പിനെയും മലയാളം ഒരിക്കലും മറക്കാനിടയില്ല

ഭൂതക്കളം, ഭൂതംകളി, ഭൂതം തുള്ളല്‍, ഭൂതമാരണ ബലി, ഭൂതത്താൻ പാട്ട്, ഭൂതസ്ഥാനം തുടങ്ങി ഭൂതാരാധനയുമായി ബന്ധപ്പെട്ട് നിരവധി പദങ്ങള്‍ മലയാള ഭാഷയിലുണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങള്‍, നായാട്ടുമായി ബന്ധപ്പെട്ട വനഭൂതങ്ങളായ ദുര്‍ദേവതകള്‍, ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെ പ്രേത പിശാചുക്കളായ ഭൂതങ്ങള്‍ എന്നിങ്ങനെ ഭൂതങ്ങളില്‍പ്പെടുന്ന ദേവതകള്‍ പലതരമാണ്. നിത്യപൂജയുള്ള ക്ഷേത്രങ്ങളില്‍ ഭൂതഗണങ്ങള്‍ക്ക് ബലി നല്‍കുന്ന പതിവുണ്ട്. മുഖ്യദേവന്‍റെ പരിവാരങ്ങളാകും ഈ ഭൂതഗണങ്ങള്‍.  വിശേഷ ദിവസങ്ങളിലെ ശ്രീഭൂതബലി ഇതിന്‍റെ ഭാഗമാണ്. 

അത്യുത്തരകേരളത്തിലെ തെയ്യ പ്രപഞ്ചത്തിലും ഭൂതങ്ങളുടെ സജീവ സാനിധ്യമുണ്ട്. വെളുത്ത ഭൂതം, ചുവന്ന ഭൂതം, ശ്രീഭൂതം,  അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം തുടങ്ങിയ ഭൂതകോലങ്ങളാണ് ഈ ഭൂതസാനിധ്യത്തിന് തെളിവ്. ഇവയില്‍ ചില ഭൂതങ്ങള്‍ ശിവഭൂതങ്ങളാണ്. ചില ദേവതകളെ ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോഴും ഭൂതം എന്ന് വിശേഷിപ്പിക്കാറുണ്ട്. പഞ്ചുരുളി ഭൂതം ഒരുദാഹരണം.