Dec 16, 2022, 8:24 PM IST
എനിക്ക് ക്ഷേത്രം വേണ്ട, അങ്ങനൊരു ചിന്തയേ വേണ്ടെന്‍റെ ചെറുമനുഷ്യരേ..' ആളലങ്കാരങ്ങളും ആരവങ്ങളും ആര്‍ഭാടങ്ങളും ഒന്നുമില്ലാത്ത നങ്ങാളങ്ങര ഭഗവതി എന്ന അമ്മ ദൈവത്തിന്റെ കഥ.
ഓടിട്ട മാടമില്ല. ചെമ്പടിച്ച ശ്രീകോവിലില്ല, പുല്ലിട്ട പുല്‍പ്പുരപോലുമില്ല. നാലുകണ്ടംതെല്ലും, നാല് സര്‍പ്പത്താന്മാരും മാത്രം കൂട്ടിനുള്ള ഒരു സ്ഥലക്കൂറ്. പണം കിലുങ്ങുന്ന നേര്‍ച്ചപ്പെട്ടികളില്ല, ചുറ്റുമതിലുകളില്ല, എന്തിന് നിത്യവിളക്ക് പോലുമില്ല. കളിയാട്ട ദിനങ്ങളിലാണെങ്കിലോ കൊടിയിലത്തോറ്റമോ, അന്തിത്തോറ്റമോ ഇല്ല. വാദ്യത്തിന് ചെണ്ടയോ ചേങ്ങിലയോ ഇല്ല. പകരം, ഒരു വീക്ക് ചെണ്ടയുടെ പതിഞ്ഞ താളം മാത്രം. വെളിച്ചത്തില്‍ ആറാടാൻ ട്യൂബ് ലൈറ്റുകളുടെ പാല്‍വെളിച്ചമില്ല, ശബ്‍ദഘോഷങ്ങളില്ല. പകരം, കുത്തുവിളക്കിന്‍റയും ചൂട്ടുകറ്റകളുടെയും അരണ്ട വെട്ടവും ചീവീട് ശബ്‍ദവും മാത്രം. ഇത് ആളലങ്കാരങ്ങളും ആരവങ്ങളും ആര്‍ഭാടങ്ങളും ഒന്നുമില്ലാത്ത ഒരു ദൈവം. കളത്തില് കരു കുറയുന്ന കാലങ്ങളില്‍ തള്ളയെയും പിള്ളയെയും തുള്ളിക്കളിപ്പിക്കുന്ന നങ്ങാളങ്ങര ഭഗവതി എന്ന അമ്മ ദൈവം.
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിക്കടുത്ത ഇരിണാവിലാണ് നങ്ങാളങ്ങര ഭഗവതിക്കാവ്. വിളക്കു വയ്ക്കാൻ ഒരു മൺതറയും വള്ളിക്കാടുകൾക്കിടയിലെ നാഗസ്ഥാനവും മാത്രമാണ് ഈ കാവിലുള്ളത്. സന്താനലബ്ധിക്കായി ഭക്തരെ അനുഗ്രഹിക്കുന്ന അമ്മ ദൈവമാണ് നങ്ങാളങ്ങരപ്പോതി. പല അമ്മത്തെയ്യങ്ങളെയും പോലെ ദാരികനെ വധിക്കാൻ അവതരിച്ച സാക്ഷാല്‍ ഭദ്രകാളിയോട് ബന്ധപ്പെട്ടതാണ് ഈ തെയ്യത്തിന്‍റെ ഐതിഹ്യവും.