ടിറോട്ട് സിങ്-ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ ധീര ​ഗോത്രനേതാവ്|സ്വാതന്ത്ര്യസ്പർശം|India@75

Jul 4, 2022, 9:42 AM IST

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം. ഇന്നത്തെ മ്യാൻമാർ എന്ന അന്നത്തെ ബർമ്മ കീഴടക്കിയശേഷം ബ്രിട്ടീഷുകാർ ബ്രഹ്മപുത്ര താഴ്വര കടന്ന്  വടക്കുകിഴക്കൻ മേഖലയിൽ ഇന്ന് മേഘാലയയിലുള്ള ഖാസി മലകൾ കയ്യടക്കാൻ കടന്നുവന്നു. ആ മലകളിലെ പ്രമുഖ ആദിവാസി ജനതയാണ് ഖാസികൾ. ധീരരായ ആ ജനത വൈദേശികാക്രമണത്തിനെതിരെ ചെറുത്തു നിൽപ്പ് സംഘടിപ്പിച്ചു. അതിന്റെ നായകനായിരുന്നു ഖാസി ഗോത്രത്തലവനായിരുന്ന ടിറോട്ട് സിങ് .

പ്രാദേശിക ഭരണാധികാരികൾ തമ്മിലുള്ള ഭിന്നതകൾ മുതലെടുത്ത് സ്വന്തം കാര്യം കാണാനുള്ള പതിവ് ശ്രമത്തിലായിരുന്നു ബ്രിട്ടീഷ് ഏജന്റ് ഡേവിഡ് സ്‌കോട്ട്. പക്ഷെ ടിറോട്ട് സിങ് നയിക്കുന്ന ഖാസികൾ ഈ തന്ത്രം മനസ്സിലാക്കി ചെറുക്കാൻ തീരുമാനിച്ചു. 1829 ഏപ്രിൽ നാലിന് നോൺഖലാവിൽ ബ്രിട്ടീഷ് സൈനികത്താവളം ടിറോട്ട് സൈന്യം ആക്രമിച്ചു. രണ്ടു ബ്രിട്ടീഷ് സൈനികർ കൊല്ലപ്പെട്ടു. അതോടെ ബ്രിട്ടീഷ് സൈന്യം കടുത്ത പ്രത്യാക്രമണം അഴിച്ചുവിട്ടു. 

തോക്കും മറ്റ് ആധുനിക പടക്കോപ്പുകളുമൊക്കെയായി ഖാസികളേക്കാൾ വളരെ ശക്തമായിരുന്നു ബ്രിട്ടീഷ് സൈന്യം. വാളും അമ്പും വില്ലും മാത്രമായിരുന്നു ഖാസിയുടെ പക്കൽ. പക്ഷെ അവരുടെ അസാമാന്യമായ ഇച്ഛാശക്തിയും ദുർഘടമായ വനാന്തരങ്ങളിലുള്ള പരിചയവും കൊണ്ട്  ഖാസികൾ ബ്രിട്ടീഷ് പട്ടാളത്തെ വെള്ളം കുടിപ്പിച്ചു. ഒളിയുദ്ധമായിരുന്നു അവരുടെ തന്ത്രം. നാല് വർഷത്തോളം കീഴടങ്ങാതെ ടിറോട്ടും സൈന്യവും ബ്രിട്ടീഷുകാരെ വലച്ചു.

1833 ജനുവരിയിൽ വനത്തിലെ ടിറോട്ടിനെ സ്വന്തം സേനയിലൊരാൾ ഒറ്റുകൊടുത്തു. സ്വർണ്ണനാണയങ്ങൾക്ക് പ്രതിഫലമായി അയാൾ ടിറോട്ടിന്റെ ഒളിസങ്കേതം  ബ്രിട്ടീഷുകാർക്ക് ചോർത്തിക്കൊടുത്തു. വലിയ സൈന്യസന്നാഹത്തോടെ ടൈറോട്ടിന്റെ സങ്കേതം വളഞ്ഞ് അവരെ അദ്ദേഹത്തിന് നേരെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റു വീണ ടിറോട്ടിനെ ബ്രിട്ടീഷ് സൈന്യം പിടികൂടി. ധാക്കയ്ക്ക് നാടുകടത്തപ്പെട്ട ടിറോട്ട് 1835 ജൂലൈ 17 നു 33ാം വയസ്സിൽ അന്തരിച്ചു. മേഘാലയയിൽ ജൂലൈ 17 ടിറോട്ടിന്റെ സ്മരണദിനമായി ആചരിക്കുന്നു.