പാളയക്കാരുടെ പോരാട്ടവീര്യം|സ്വാതന്ത്ര്യസ്പർശം|India@75

Jul 24, 2022, 9:48 AM IST

ഈസ്റ്റ് ഇന്ത്യ കമ്പനി തെക്കേ ഇന്ത്യയിൽ നേരിട്ട ഏറ്റവും ദീർഘമായ വെല്ലുവിളി തെക്കൻ തമിഴകത്തെ പാളയക്കാരിൽ നിന്നായിരുന്നു. ഇംഗ്ലീഷുകാർ പോളിഗർ എന്ന് വിളിച്ച പാളയക്കാർ വിജയനഗര സാമ്രാജ്യകാലത്ത് പ്രാദേശിക സൈനികപ്പാളയങ്ങളുടെ ചുമതലക്കാരും  നികുതി പിരിവുകാരുമായിരുന്നു. ഈസ്റ്റ്‌ ഇന്ത്യാ കമ്പനി അധികാരമേറ്റതോടെ നികുതി പിരിവടക്കമുള്ള എല്ലാ അവകാശങ്ങളും കമ്പനിയുടെ കീഴിലായി. ഇത് ചെറുത്തുകൊണ്ട് പതിനെട്ടാം നൂറ്റാണ്ടിൽ ദശാബ്ദങ്ങളോളം കമ്പനിക്കെതിരെ ധീരമായി പൊരുതി രക്തസാക്ഷിത്വം വരിച്ചവരായിരുന്നു ഈ പാളയക്കാരിലെ പ്രമുഖർ. മധുര, തിരുനെൽവേലി, ശിവഗംഗ ദേശങ്ങളിലെ  ഐതിഹാസികരായ പുലി തേവർ, വീരപാണ്ട്യ കട്ടബൊമ്മൻ, മരുത് പാണ്ഡ്യാർ, ഊമിതൊരൈ  തുടങ്ങിയവരൊക്കെ ഇതിൽ പെടുന്നു. ഇവരിൽ പലരും ചില ഘട്ടങ്ങളിൽ പഴശ്ശി രാജയുമായും തിരുവിതാംകൂർ രാജാവുമൊക്കെയായി സഖ്യം സ്ഥാപിച്ച് പോരാടിയിട്ടുണ്ട്. തിരുവിതാംകൂർ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സഖ്യത്തിലായപ്പോൾ ശത്രുപക്ഷത്തുമായിട്ടുണ്ട് ഇവർ. 

മധുര-തിരുനെൽവേലി പ്രദേശങ്ങളിൽ ഭരിച്ചിരുന്ന പുലി തേവർ ആയിരുന്നു പടിഞ്ഞാറൻ പാളയക്കാരിലെ പ്രമുഖൻ. ഇന്ന് തേവർ എന്നറിയപ്പെടുന്നവരും അന്ന് മറവർ എന്നറിയപ്പെടുന്നവരും ആയ പടയാളി സമുദായത്തിൽ പിറന്നയാളാണ് പുലി തേവർ. കമ്പനി കള്ളരെന്ന് ആരോപിച്ച സമുദായം. കമ്പനിയുടെയും അവരുടെ  സഹകാരിയായ ആർകോട്ട് നവാബിനെയും പുലി തേവർ വെല്ലുവിളിച്ചു. 1755ലെ യുദ്ധത്തിൽ കേണൽ അലക്‌സാണ്ടർ ഹെറണിന്റെ നേതൃത്വത്തിൽ ആർക്കോട്ട് സൈന്യത്തിന്റെ അകമ്പടിയോടെ എത്തിയ കമ്പനിപ്പടയെ പുലി തേവർ തുരത്തിവിട്ടു. കേണൽ ഹെറൻ കൊല്ലപ്പെട്ടു. കാട്ടുവഴികളിലെ പരിചയവും ഒളിയുദ്ധത്തിലെ കഴിവും മറവപ്പടയുടെ കരുത്തായിരുന്നു. 

അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും ആധുനിക സൈന്യം തിരുവിതാംകൂറിനു സ്വന്തം. അന്നത്തെ ഏറ്റവും വലിയ ആഗോള നാവിക ശക്തിയായ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ 1741ൽ  കൊളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മ മുട്ടുകുത്തിച്ചു. അയൽവക്കമായിരുന്ന തിരുവിതാംകൂറുമായി പുലി തേവർ സഖ്യം സ്ഥാപിച്ചപ്പോൾ അദ്ദേഹം അജയ്യനായിത്തീർന്നു. തിരുനെൽവേലി ശങ്കരൻ കോവിലിൽ നെൽകാട്ടുംസേവൽ ആയിരുന്നു തേവരുടെ ആസ്ഥാനം.  

പക്ഷെ തിരുവിതാംകൂർ ബന്ധം തന്നെ അവസാനം തേവർക്ക് വിനയായി. കമ്പനിയെ സഹായിക്കാൻ മരുതനായകമെന്ന അധഃകൃതനായ ഒരു മഹായുദ്ധതന്ത്രജ്ഞന്റെ രംഗപ്രവേശത്തോടെയാണ് അത്.  ജാതി അവശതയിൽ നിന്ന്  രക്ഷപ്പെടാൻ ഇസ്ലാം മതം സ്വീകരിച്ച് യൂസഫ്‌ ഖാനായ മരുതനായകം തിരുവിതാംകൂറുമായി അടുപ്പം പുലർത്തി. ക്രമേണ തിരുവിതാംകൂറിനെ ആർക്കോട്ട് നവാബിന്റെയും കമ്പനിയുടെയും പക്ഷത്തേക്ക് മരുതനായകം കൊണ്ടുവന്നപ്പോൾ പുലി തേവർ ദുർബലനായി. കട്ടബൊമ്മന്റെ പിന്തുണ കൊണ്ടും ഫലമുണ്ടായില്ല. 1761ൽ കാളിയാർകോവിൽ കാടുകളിൽ പിടിയിലായ തേവരെ കഴുകുമലയിൽ കൊണ്ടുപോയി തൂക്കിക്കൊന്നു.