ബാറ്റിംഗില്‍ വീണ്ടും നിരാശ; അതിനിടെ വമ്പന്‍ നാഴികക്കല്ല് താണ്ടി സഞ്ജു സാംസണ്‍, ഇതിഹാസങ്ങള്‍ക്കൊപ്പം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ 4500 റണ്‍സ് ക്ലബിലെത്തുന്ന പതിനാലാമത്തെ മാത്രം ബാറ്ററാണ് സഞ്ജു സാംസണ്‍

IPL 2025 RR vs CSK Sanju Samson completes 4500 IPL runs and becomes the 14th player to achieve this milestone

ഗുവാഹത്തി: ഐപിഎല്‍ 2025ല്‍ ടീമിന്‍റെ മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റിംഗില്‍ തിളങ്ങാന്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിനായില്ലെങ്കിലും താരം ഒരു നാഴികക്കല്ലില്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 16 പന്തില്‍ ഓരോ ബൗണ്ടറിയും സിക്സും നേടി 20 റണ്‍സുമായി മടങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഐപിഎല്ലില്‍ 4500 റണ്‍സ് ക്ലബില്‍ സഞ്ജു ഇടംപിടിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ 4500 റണ്‍സ് ക്ലബിലെത്തുന്ന പതിനാലാമത്തെ മാത്രം ബാറ്ററാണ് സഞ്ജു സാംസണ്‍. 

ഐപിഎല്‍ കരിയറില്‍ ഇതുവരെ 171 മത്സരങ്ങളില്‍ 30.79 ശരാശരിയിലും 139.27 പ്രഹരശേഷിയിലും 4518 റണ്‍സ് നേടിയിട്ടുള്ള ബാറ്ററാണ് സഞ്ജു സാംസണ്‍. മൂന്ന് സെഞ്ചുറിയും 26 അര്‍ധശതകങ്ങളും സ‌ഞ്ജുവിന്‍റെ പേരിനൊപ്പമുണ്ട്. 119 ആണ് ഉയര്‍ന്ന സ്കോര്‍. 362 ബൗണ്ടറികള്‍ നേടിയപ്പോള്‍ 211 സിക്സുകള്‍ സഞ്ജുവിന്‍റെ പവര്‍ കാട്ടുന്നു. വിക്കറ്റിന് പിന്നിലും സഞ്ജു സാംസണ്‍ മോശമല്ല, താരത്തിന് ആകെ 82 ക്യാച്ചുകളും 16 സ്റ്റംപിംഗുകളുമുണ്ട്. ഐപിഎല്‍ 2024ല്‍ 16 കളികളില്‍ 48.27 ശരാശരിയിലും 153.47 സ്ട്രൈക്ക് റേറ്റിലും 531 റണ്‍സ് സഞ്ജു അടിച്ചെടുത്തിരുന്നു. ഐപിഎല്‍ കരിയറില്‍ സഞ്ജു ഒരു സീസണില്‍ നേടിയ ഏറ്റവും ഉയര്‍ന്ന ടോട്ടലായിരുന്നു ഇത്. 

Latest Videos

എന്നാല്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണിന് മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാനായില്ല. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 16 പന്തുകള്‍ ക്രീസില്‍ ചിലവഴിച്ചപ്പോള്‍ സമ്പാദ്യം 20 റണ്‍സിലൊതുങ്ങി. സിഎസ്‌കെയുടെ അഫ്‌ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച സഞ്ജു രചിന്‍ രവീന്ദ്രയുടെ ക്യാച്ചില്‍ മടങ്ങുകയായിരുന്നു. ഐപിഎല്‍ പതിനെട്ടാം സീസണില്‍ മൂന്ന് കളികളില്‍ 99 റണ്‍സാണ് സഞ്ജു സാംസണിന് ഇതുവരെ നേടാനായത്. ആദ്യ കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 37 ബോളുകളില്‍ 66 റണ്‍സ് നേടിയ സഞ്ജു, രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 11 പന്തില്‍ 13 റണ്‍സെടുത്ത് മടങ്ങി. 

Read more: 18 ഐപിഎല്ലുകളിലെ 'തല'യിസം; എം എസ് ധോണിയെ ആദരിച്ച് ബിസിസിഐ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!