വിമാനത്താവളം പൂര്‍ത്തിയാവാനായി, പക്ഷേ യാത്രക്കാര്‍ക്ക് എത്താന്‍ വഴിയില്ല; ചോദ്യചിഹ്നമായി നോയിഡ എയര്‍പോര്‍ട്ട്

By Web Desk  |  First Published Jan 14, 2025, 3:08 PM IST

വിമാനത്താവളത്തിന്‍റെ പണി നാല് മാസത്തിനകം തീരും, പക്ഷേ യാത്രക്കാര്‍ക്ക് എത്താന്‍ ആവശ്യത്തിന് ബസ് സര്‍വീസുകളില്ല, റെയില്‍വേ കണക്റ്റിവിറ്റി തയ്യാറാവാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കുകയും വേണം

Noida International Airport will launch soon but connectivity remains a concern

നോയിഡ: രാജ്യാന്തര വിമാനത്താവളത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാവാനായെങ്കിലും നോയിഡ എയര്‍പോര്‍ട്ടില്‍ എങ്ങനെയെത്തും എന്ന ആശങ്കയില്‍ യാത്രക്കാര്‍. നോയിഡ വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യ വികസനം എങ്ങുമെത്തിയിട്ടില്ല എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിര്‍മാണം നാല് മാസത്തിനകം പൂര്‍ത്തിയാകും എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ എങ്ങനെ യാത്രക്കാര്‍ ഈ വിമാനത്താവളത്തിലേക്ക് എത്തിച്ചേരും എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. വളരെ പരിമിതമായ പൊതുഗതാഗത സംവിധാനങ്ങളേ നോയിഡ വിമാനത്താവളത്തിലേക്ക് ഇപ്പോഴുള്ളൂ. റെയില്‍, ബസ് സൗകര്യം വര്‍ധിപ്പിക്കാതെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തെ വിജയിപ്പിക്കാനാവില്ല എന്നാണ് ഉയരുന്ന വിമര്‍ശനം. ദില്ലി എന്‍സിആറിന്‍റെ വികസനത്തില്‍ നിര്‍ണായകമാകുമെന്ന് കരുതുന്ന വിമാനത്താവളമാണ് പരിമിതമായ കണക്റ്റിവിറ്റി സൗകര്യത്തില്‍ വീര്‍പ്പുമുട്ടാന്‍ പോകുന്നത്. 

Latest Videos

പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷം തന്നെ 50-60 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളുക എന്ന സ്വപ്നവുമായാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തയ്യാറാകുന്നത്. എന്നാല്‍ ഇതിന് മതിയായ യാത്രാ സൗകര്യങ്ങള്‍ വിമാനത്താവളത്തിലേക്ക് അനിവാര്യമാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും ചുരുക്കം ബസുകള്‍ മാത്രമാണ് വിമാനത്താവളത്തിന്‍റെ പരിസരത്തേക്ക് നിലവിലുള്ളത്. ഇലക്ട്രിക് എയര്‍പോര്‍ട്ട് ടാക്സി സര്‍വീസും സിറ്റി ബസ് സംവിധാനവും ആരംഭിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആലോചിക്കുന്നു. വിമാനത്താവളത്തെ ബന്ധിപ്പിക്കാന്‍ 72 കിലോമീറ്റര്‍ റെയില്‍ കോറിഡോറിനും, മെട്രോ ലൈനിനും ആലോചനയുണ്ടെങ്കിലും പദ്ധതി ആസൂത്രണ ഘട്ടത്തില്‍ തന്നെയാണുള്ളത്. 2030ന് മുമ്പ് ഈ റെയില്‍ കണക്റ്റിവിറ്റി സൗകര്യം പൂര്‍ത്തിയാവാന്‍ യാതൊരു സാധ്യതയുമില്ല. 

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പരിമിതമായ ബസ് സൗകര്യം മാത്രമുള്ള സാഹചര്യത്തില്‍ കാറുകളെ ആശ്രയിക്കുക യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതല്ല എന്നാണ് വിവരം. നോയിഡ സെക്ടര്‍ 52ല്‍ നിന്ന് വിമാനത്താവളത്തിലേക്ക് ക്യാബിന് 1365 രൂപയാകും. അതായത് ആഭ്യന്തര വിമാന ടിക്കറ്റിന് മുടക്കുന്ന പണം വേണം എയര്‍പോര്‍ട്ടിലേക്ക് നോയിഡ നഗരത്തിനുള്ളില്‍ നിന്നുതന്നെ കാര്‍ പിടിച്ചെത്താന്‍. 175-200 ബസുകള്‍ അടിയന്തരമായി തയ്യാറാക്കിയാല്‍ യാത്ര പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാകും എന്ന് കണക്കുകൂട്ടുന്നു. അതേസമയം ദില്ലി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സുഗമമായ മെട്രോ, ബസ്, ടാക്സി യാത്രാസൗകര്യമുണ്ട്. 

Read more: ഉപഭോക്താക്കളുടെ കീശ കീറും? ടെലികോം കമ്പനികള്‍ താരിഫ് 2025ലും ഉയര്‍ത്തിയേക്കും- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image