അടിച്ചുപോയി മോനേ; ലോകവ്യാപകമായി പണിമുടക്കി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്! ഒടുവില്‍ തിരിച്ചെത്തി

By Web Team  |  First Published Dec 12, 2024, 9:10 AM IST

മെറ്റയ്ക്ക് സംഭവിച്ചത് എന്ത്? ആപ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എടുത്തത് നാല് മണിക്കൂറോളം സമയം 


കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെയാണ് ആഗോള വ്യാപകമായി മെറ്റ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്. നാല് മണിക്കൂറിലേറെ സമയമെടുത്താണ് മെറ്റ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. മൂന്ന് പ്ലാറ്റ്‌ഫോമുകളുടെയും ഡെസ്‌ക്ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്രശ്‌നം അനുഭവപ്പെട്ടു. 

ഇന്നലെ രാത്രി 11 മണിയോടെയാണ് വാട്‌സ്ആപ്പും ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും നിരവധി ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തനരഹിതമായത്. സോഷ്യല്‍ മീ‍ഡിയ പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കുന്നില്ല എന്ന് കാണിച്ച് യൂസര്‍മാരുടെ വ്യാപക പരാതികള്‍ പിന്നാലെ ഡൗണ്‍‌ഡിറ്റക്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. പ്രശ്‌നം തുടങ്ങി മിനുറ്റുകള്‍ക്കം 50,000ത്തിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളാണ് പരാതി രജിസ്റ്റര്‍ ചെയ്തതത്. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ല, ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്നിങ്ങനെയായിരുന്നു പരാതികള്‍. 

Latest Videos

ഇന്‍സ്റ്റഗ്രാം ലഭിക്കുന്നില്ല എന്ന് കാണിച്ച് 23,000ത്തിലേറെ പരാതികളും ഉടനടി എത്തി. ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ലെന്നും റീല്‍സ് അപ്രത്യക്ഷമായി എന്നുമായിരുന്നു ഏറെ പരാതികള്‍. മെസേജുകളിലേക്കുള്ള ആക്സസിലും പ്രശ്‌നം നേരിട്ടു. സമാനമായി ഏറെപ്പേര്‍ വാട്‌സ്ആപ്പിലും പ്രശ്‌നങ്ങളുള്ളതായി രേഖപ്പെടുത്തി. 

'ആപ്പുകളില്‍ ചില ഉപഭോക്താക്കള്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി മനസിലാക്കുന്നു. ആപ്പുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ പ്രവര്‍ത്തനത്തിലാണ്' എന്നുമായിരുന്നു മെറ്റയുടെ ആദ്യ പ്രതികരണം. ഉപഭോക്താക്കള്‍ നേരിട്ട തടസത്തിന് മെറ്റ മാപ്പ് ചോദിച്ചു. ആപ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി പുലര്‍ച്ചെ 3.50ന് മെറ്റയുടെ അപ്‌ഡേറ്റ് എത്തി. 'കൂടെ നിന്നതിന് നന്ദി, 99 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചു. ചില അവസാനവട്ട പരിശോധനകള്‍ നടത്തുകയാണ്' എന്നുമായിരുന്നു മെറ്റയുടെ പുതിയ സന്ദേശം. 

undefined

Read more: മാനത്തെ പൂത്തിരി! മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ; ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരും ദിവസങ്ങളില്‍, എങ്ങനെ കാണാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!