തെലുങ്ക് സിനിമകളിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾക്കെതിരെ തെലങ്കാന വനിത കമ്മീഷൻ രംഗത്ത്.
ഹൈദരാബാദ്: തെലുങ്ക് സിനിമകളിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾക്കെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് തെലങ്കാന വനിത കമ്മീഷനും. ഇത്തരം ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോള്‍.
തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ശാരദ നെരെല്ല അടുത്തിടെ പാട്ടുകളെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില ഗാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകൾ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചതായി അവർ പ്രസ്താവനയിൽ അറിയിച്ചു. സിനിമ ഒരു ശക്തമായ മാധ്യമമാണെന്ന് കണക്കിലെടുത്ത് പരാതികൾ ആശങ്ക ഉയർത്തുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു, "ഈ സാഹചര്യത്തിൽ, ചലച്ചിത്ര സംവിധായകർ, നിർമ്മാതാക്കൾ, നൃത്തസംവിധായകർ, അനുബന്ധ ഗ്രൂപ്പുകൾ എന്നിവർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. സ്ത്രീകളെ ഇകഴ്ത്തി കാണിക്കുന്ന അസഭ്യ നൃത്തച്ചുവടുകൾ ഉടനടി നിർത്തണം. ഈ മുന്നറിയിപ്പ് അനുസരിച്ചില്ലെങ്കില്‍ നിയമ പ്രകാരം കർശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരും"
പ്രേക്ഷകരോട് സിനിമ മേഖലയിലുള്ളവര്‍ക്ക് 'ധാർമ്മിക ഉത്തരവാദിത്തം' ഉണ്ടെന്ന് ശാരദ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. "സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകാനും സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാനും സിനിമ രംഗത്തിന് ധാർമ്മിക ഉത്തരവാദിത്തമുണ്ട്. യുവാക്കളിലും കുട്ടികളിലും സിനിമകൾ പ്രദർശിപ്പിക്കുന്നതിന്റെ സ്വാധീനം മനസ്സിൽ വെച്ചുകൊണ്ട്, സിനിമാ വ്യവസായം സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ട്" എന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
വ്യക്തികളെയും സംഘടനകളോടും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പറഞ്ഞാണ് പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്. നേരത്തെ ഡാകു മഹാരാജ് എന്ന ചിത്രത്തിലെ ഉര്‍വശി റുട്ടേലയുടെ ഗാന രംഗവും, റോബിന്‍ ഹുഡ് എന്ന ചിത്രത്തിലെ ഗാനവും ഇത്തരത്തില്‍ അശ്ലീല ചുവടുകള്‍ കാരണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമ്മീഷന്‍ ഇടപെടല്‍.
കൂടുതല്‍ തെലുങ്ക് പ്രേക്ഷകരിലേക്ക് 'രേഖാചിത്രം'; മറ്റൊരു പ്ലാറ്റ്‍ഫോമിലും സ്ട്രീമിംഗ് തുടങ്ങി
'സൈബര്‍ വെട്ടുകിളികളോട് പോകാന്‍ പറ': രേണു സുധി ദാസേട്ടന്‍ കോഴിക്കോട് ഡാന്‍സ് റീല്‍ വീണ്ടും വൈറല്‍