13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മീര ജാസ്‍മിന്‍ (Meera Jasmine) സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. സത്യന്‍ അന്തിക്കാട് (Sathyan Anthikad) ചിത്രത്തില്‍ നായികാവേഷമാണ് മീരയ്ക്ക്. ജയറാം (Jayaram) നായകനാവുന്ന ചിത്രത്തിന്‍റെ സെറ്റില്‍ വിജയദശമി ദിനത്തില്‍ മീര ജോയിന്‍ ചെയ്‍തു. മീരയുടെ വരവിനെ ഏറെ ആഹ്ളാദത്തോടെ, കൈയടികളോടെയാണ് സെറ്റ് വരവേറ്റത്. സെറ്റില്‍ നിന്നുള്ള വീഡിയോ അനൂപ് സത്യന്‍ തന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വിഷുവിനു തലേദിവസമാണ് സത്യന്‍ അന്തിക്കാട് ഈ പ്രോജക്റ്റ് പ്രഖ്യാപിച്ചത്. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്‍ണു വിജയ്.
undefined
മീരയുടെ വരവ് സെറ്റിലാകെ വലിയ ആഹ്ളാദം ഉണ്ടാക്കിയെന്ന് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു- "വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്‍റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്".
അടുത്തിടെ യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയപ്പോള്‍ സിനിമയിലേക്കുള്ള തന്‍റെ തിരിച്ചുവരവിനെക്കുറിച്ച് മീര ജാസ്‍മിന്‍ പറഞ്ഞിരുന്നു- "എന്‍റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്‍റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്‍റലിജന്‍റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്. അച്ചുവിന്‍റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ".