ഒറ്റപ്പെട്ട് വേദിക, പുതുവഴികളിലൂടെ 'കുടുംബവിളക്ക്'; റിവ്യൂ

By Web Team  |  First Published Jul 24, 2023, 4:53 PM IST

കാലങ്ങളായി പോകാതിരുന്ന തന്‍റെ തറവാട്ടിലേക്ക് മടങ്ങിയെത്തുകയാണ് വേദിക


ഒരു രോഗം വന്നപ്പോഴാണ് തനിക്ക് ചുറ്റുമുണ്ടായിരുന്നവരുടെ തനിനിറം വേദിക മനസ്സിലാക്കുന്നത്. വേദികയ്ക്ക് വലിയ അസുഖമാണെന്നറിഞ്ഞതോടെ അവരെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വിവാഹം കഴിച്ചതാണ് വേദികയെ. വേദികയുടെ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ സുമിത്രയെ അവഹേളിക്കാനും മോശപ്പെടുത്താനും തകര്‍ക്കാനുമായിരുന്നു. ആ സമയത്താണ് സുമിത്രയെ ഇഷ്ടമില്ലാതിരുന്ന സരസ്വതിയും ശരണ്യയുമെല്ലാം വേദികയ്‌ക്കൊപ്പം ചേരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിക്കഴിഞ്ഞു. വേദികയുടെ രോഗവിവരം അറിയുന്നതിന് മുന്നേതന്നെ വേദികയെ ഡിവോഴ്സ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു സിദ്ധാര്‍ത്ഥ്. ഇപ്പോഴും സിദ്ധാര്‍ത്ഥ് അതില്‍നിന്നും പിന്മാറിയിട്ടില്ല.

തന്റെ ഭാഗം സംസാരിക്കാനായി വേദിക വിളിച്ചുവരുത്തിയ സരസ്വതിയും ശരണ്യയും സിദ്ധാര്‍ത്ഥിനൊപ്പം കൂടി, വേദികയ്ക്ക് എതിരായാണ് സംസാരിക്കുന്നത്. തന്നെ ഇവിടുന്ന് പുറത്താക്കണമെന്നെല്ലാം അവര്‍ ഇരുവരും സിദ്ധാര്‍ത്ഥിനോട് സംസാരിക്കുന്നത്, വേദിക കേള്‍ക്കുന്നുണ്ട്. പക്ഷെ അവരത് അറിയുന്നുമില്ല. അതുകൊണ്ടുതന്നെ സിദ്ധാര്‍ത്ഥിനോട് തങ്ങള്‍ നിനക്കുവേണ്ടി സംസാരിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ വേദികയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെയാണ് വരുന്നത്. അതിനൊപ്പംതന്നെ ജോലിയില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതുകാരണം വേദികയുടെ ജോലിയും നഷ്ടമാകുന്നുണ്ട്. വേദിക കാലങ്ങളായി പോകാതിരുന്ന തന്റെ തറവാട് വീട്ടിലേക്ക് മടങ്ങിയെത്തുന്നത് പുതിയ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്. വീട്ടിലെ എല്ലാവരോടും വളരെ നാളിനു ശേഷം മാന്യമായി സംസാരിക്കുന്ന വേദികയെ കണ്ട് എല്ലാവരും അത്ഭുതപ്പെടുന്നുമുണ്ട്. മകളെ ഏറെനാള്‍ കഴിഞ്ഞ് കാണുന്നതിന്റെ സ്‌നേഹമോ മറ്റോ ആ അമ്മയും മകളോട് പ്രകടിപ്പിക്കുന്നില്ല. കാലങ്ങളായി പുകഞ്ഞ കൊള്ളിയായി നില്‍ക്കുന്ന ആളായതിനാലാവണം അത്തരത്തിലുള്ള പെരുമാറ്റം അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

Latest Videos

undefined

അതിനിടെ സുമിത്രയുടെ മകന്‍ പ്രതീഷ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. തമിഴ് സിനിമയില്‍ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുകള്‍ നടത്താന്‍ പ്രതീഷിന് സാധിച്ചിട്ടുണ്ട്. മകനോട് നന്നായിരിക്കാനും അച്ഛന്‍ ചെയ്തത് പോലുള്ള തെറ്റുകള്‍ ചെയ്യരുതെന്നുമെല്ലാം സുമിത്ര പ്രതീഷിനോട് പറയുന്നുണ്ട്. സുമിത്രയും രോഹിത്തും സംസാരിക്കുന്നത് വേദികയെക്കുറിച്ചാണ്. എന്തെല്ലാം പറഞ്ഞാലും വേദികയ്ക്ക് രോഹിത്തിനെ ഇഷ്ടമാണെന്നും അതാണ് താന്‍ പിന്മാറിക്കൊടുക്കാനുള്ള പ്രധാന കാരണമെന്നുമാണ് സുമിത്ര രോഹിത്തിനോട് പറയുന്നത്. എന്നിട്ടും അവരുടെ ബന്ധം ശരിയായില്ലല്ലോയെന്നും സുമിത്രയും രോഹിത്തും പരിതപിക്കുന്നുമുണ്ട്.

ALSO READ : 'താരങ്ങളെ വിലക്കാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല'; പറഞ്ഞത് ദിവസ വേതനക്കാരുടെ കാര്യമെന്ന് ഫെഫ്‍സി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!