ചക്കപ്പഴം എന്ന പരമ്പരയിൽനിന്നും ശ്രീകുമാർ പിന്മാറിയതോടെയാണ് കുറച്ചുകാലമായി സ്ക്രീനിലേക്ക് എത്താതിരുന്ന അശ്വതിയും ഇനി വരില്ല എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായത്.
അവതാരകയായിട്ടാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth) മലയാളികളിലേക്ക് എത്തിയത്. കൂടാതെ എഴുത്തുകാരി എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖം. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള ചുവടുമാറ്റം. ചക്കപ്പഴം (Chakkappazham Serial) എന്ന പരമ്പരയിലൂടെ അങ്ങനെ അശ്വതി ആദ്യമായി മിനിസ്‌ക്രീനിലേക്കെത്തി. ആദ്യമായി ഒരു പരമ്പരയിലേക്ക് എത്തുന്നതിന്റെ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ മലയാളിയുടെ പ്രിയപ്പെട്ട നടിയായി മാറാനും താരത്തിന് കുറച്ച് കാലമേ വേണ്ടി വന്നുള്ളു. എന്നാല്‍ രണ്ടാമത്തെ പ്രസവവും മറ്റുമായി അശ്വതി പരമ്പരയില്‍നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ആശ മടങ്ങിവരും എന്നുതന്നെയാണ് ഇത്രയും ദിവസവും ആരാധകര്‍ കരുതിയതും. പക്ഷെ, ചക്കപ്പഴത്തിന്റെ നട്ടെല്ലായിരുന്ന കഥാപാത്രമായ ഉത്തമനായെത്തിയ ശ്രീകുമാര്‍ പരമ്പരയില്‍നിന്നും പിന്മാറിയതോടെ ആരാധകര്‍ക്ക് അശ്വതിയുടെ കാര്യത്തിലും സംശയമാകുകയായിരുന്നു.
അശ്വതി തിരികെ ചക്കപ്പഴത്തിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ആരാധകരുടെ സംശയം. പിന്നാലെ ആരാധകരുടെ സംശയങ്ങള്‍ക്ക് നേരിട്ടുള്ള മറുപടിയുമായി ലൈവിലെത്തിയിരിക്കുകയാണ് അശ്വതി. കഴിഞ്ഞ ദിവസമായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അശ്വതി ലൈവിലെത്തിയത്. തന്നോട് ഒരുപാട് ആളുകള്‍ ചോദിക്കുന്നത് ആശയായി ഇനി എപ്പോള്‍ മടങ്ങിയെത്തും എന്നതാണെന്നാണ് അശ്വതി പറയുന്നത്.
undefined
''കുഞ്ഞ് ഉണ്ടായതാണ് പരമ്പരയില്‍നിന്നും മാറി നില്‍ക്കാന്‍ കാരണം. ഇതിപ്പോള്‍ രണ്ട് മാസമല്ലേ ആയിട്ടുള്ളു. താമസം ലൊക്കേഷനിലോ, അതിന്റെ അടുത്തോ അല്ല. വീട്ടില്‍ തന്നെയാണ്. ഇത്ര ചെറിയ കുഞ്ഞിനെക്കൊണ്ട് എങ്ങനെയാണ് ലൊക്കേഷനിലേക്ക് പോകുക എന്നൊരു പ്രശ്‌നമുണ്ട്. ദിവസവും കുഞ്ഞിനെക്കൊണ്ട് ലൊക്കേഷനിലേക്ക് പോയി വരുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഷൂട്ട് അടുപ്പിച്ച് ദിവസങ്ങളോളം ഉണ്ടാകും, കുഞ്ഞിനെ വീട്ടിലാക്കിയിട്ട് പോകാം എന്നുവച്ചാല്‍, മുലയൂട്ടുന്നതിന്റെ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ട്. മണിക്കൂറുകളോളം വിട്ടുനില്‍ക്കല്‍ പ്രശ്‌നമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ സ്‌ക്രീനിലേക്ക് എത്താനുള്ള വിഷമം. എന്തായാലും ഷൂട്ടിന് പോകാം എന്ന് കരുതിയിരുന്നപ്പോഴാണ് ചെറിയൊരു ജലദോഷം വന്നത്. തിരുവനന്തപുരത്തുനിന്നും അവാര്‍ഡ് വാങ്ങി വന്നപ്പോള്‍ തുടങ്ങിയതാണ്. എനിക്ക് തുടങ്ങിയത് ഇപ്പോള്‍ കമലമോള്‍ക്കും (അശ്വതിയുടെ ഇളയ കുട്ടിയെ വിളിക്കുന്നതാണ് കമല. മൂത്ത കുട്ടി പത്മ) പനിക്കോളുകള്‍ ഉണ്ട്. ഇനി അവളും ശരിയായതിന് ശേഷമേ ലൊക്കേഷനിലേക്കുള്ളു'' എന്നാണ് അശ്വതി പറയുന്നത്.
കൂടാതെ ആരാധകരുടെ മറ്റ് രസകരമായ ചോദ്യങ്ങള്‍ക്കും അശ്വതി ഉത്തരം പറയുന്നുണ്ട്. കമലക്കുട്ടിയേയും കൂട്ടിയാണോ ഇനി സ്‌ക്രീനിലേക്കെത്തുക എന്നതായിരുന്നു ആരാധകരുടെ മറ്റൊരു സംശയം. അതിനെപ്പറ്റി ഇപ്പോഴൊന്നും പറയുന്നില്ലെന്നും, മറ്റൊരു അവസരത്തില്‍ അതിനെപ്പറ്റി പറയാം എന്നുമാണ് അശ്വതി ആ ചോദ്യത്തോട് പ്രതികരിച്ചത്.