Santhwanam Serial Review : പുതിയ പ്രശ്‌നങ്ങള്‍ സാന്ത്വനം വീടിനെ രണ്ടാക്കുമോ ? റിവ്യു

By Web Team  |  First Published Dec 19, 2021, 11:02 PM IST

തമ്പി ഹരിക്ക് സമ്മാനമായി നൽകിയ ബുള്ളറ്റ് കണ്ണൻ കോളേജിലേക്ക് കൊണ്ടുപോകുന്നതും അത് അപകടത്തിലാകുന്നതുമാണ് പുതിയ എപ്പിസോഡുകളെ ആകാംക്ഷയിലാഴ്ത്തുന്നത്.


റ്റവും പ്രിയപ്പെട്ട പരമ്പര ഏതാണെന്ന ചോദ്യത്തിന് മലയാളികള്‍ ആദ്യം പറയുന്ന പേര് സാന്ത്വനം (Santhwanam) എന്നായിരിക്കും. മലയാളികളുടെ ഹൃദയത്തില്‍ ഇത്രത്തോളം ഇടം നേടിയ പരമ്പര അടുത്തൊന്നും ഉണ്ടായിട്ടില്ല. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന താരങ്ങളും മലയാളിക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. ബാലന്‍ എന്ന വല്ല്യേട്ടനും അവരുടെ അനിയന്മാരുടേയും കഥയാണ് സാന്ത്വനം പറയുന്നത്. പ്രണയകഥ എന്ന നിലയ്ക്കാണ് പരമ്പരയെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെങ്കിലും മനോഹരമായ കുടുംബകഥയാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയിരുന്ന സാന്ത്വനം കുടുംബം തമ്പി എന്ന ഒരാള്‍ കാരണം വലിയൊരു പ്രതിയസന്ധിയിലേക്ക് വീണിരിക്കുകയാണ്.

സാന്ത്വനം കുടുംബത്തിലെ ഹരികൃഷണന്റെ ഭാര്യയായ അപര്‍ണയുടെ അച്ഛനാണ് നാട്ടുപ്രമാണിയായ തമ്പി. അപര്‍ണയെ ഹരി കെട്ടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച തമ്പി, വീണ്ടും മകളുമായി അടുത്തത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴായിരുന്നു. അതിനുശേഷം മകളേയും മരുമകനേയും വീട്ടിലേക്ക് ക്ഷണിക്കുകയും മരുമകന് സമ്മാനമായി ഒരു ബുള്ളറ്റ് ബൈക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. വളരെ കെട്ടുറപ്പോടെ മുന്നോട്ടുപോയ സാന്ത്വനം കുടുംബത്തെ ആ ബുള്ളറ്റ് തകിടം മറിക്കുമോ എന്നാണ് എല്ലാവരും സംശയിക്കുന്നത്.

Latest Videos

undefined

ഹരിക്ക് സമ്മാനമായി കിട്ടിയ ബുള്ളറ്റ് അനിയനായ കണ്ണന്‍ ആരുമറിയാതെ കോളേജിലേക്ക് കൊണ്ടുപോവുകയും, അവിടെനിന്നും ഒരു സുഹൃത്തിന്റെ പിശകുകാരണം അപകടത്തില്‍ പെടുകയും ചെയ്യുന്നുണ്ട്. അപകടത്തിലായ വണ്ടിയും ഉന്തിക്കൊണ്ട് കണ്ണന്‍ തിരികെ വീട്ടിലെത്തുന്നതാകട്ടെ വീട്ടുമുറ്റത്ത് എല്ലാവരും നിരന്ന് നില്‍ക്കുന്ന സമയത്തും. ഹരിക്ക് ബൈക്ക് സമ്മാനമായി നല്‍കിയ തമ്പിയും ഭാര്യയും മകളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കൊണ്ടുവന്നപ്പോഴാണ് കണ്ണന്‍ എത്തുന്നത്. അതുകൊണ്ടുതന്നെ രംഗം ആകെ വഷളാവുകയായിരുന്നു. തന്റെ അച്ഛന്‍ ഹരിക്ക് സമ്മാനമായി നല്‍കിയ വണ്ടി കണ്ണന്‍ കേടുവരുത്തിയതില്‍ കോപാകുലയായി അപര്‍ണ കണ്ണനെ വഴക്ക് പറയുന്നുണ്ട്. ചെറിയ ചെക്കന്‍ അത്ര ശരിയല്ലെന്നും, വണ്ടിയില്‍ ഇനി കൈ വയ്ക്കാത്ത വിധത്തില്‍ നല്ല രണ്ട് വര്‍ത്തമാനം അവനോട് പറയണമെന്നും തമ്പി മകളെ മാറ്റി നിര്‍ത്തി പറയുന്നുമുണ്ട്. തമ്പി കണ്ണനെ ചീത്ത പറയുന്നതിന് മുന്നേതന്നെ ശിവന്‍ വിധഗ്ദമായി കണ്ണനെ രംഗത്തുനിന്നും മാറ്റുന്നുണ്ട്.

അപര്‍ണ കണ്ണനെ ചീത്ത പറയുന്നത് കേള്‍ക്കുന്ന ദേവിയേടത്തി ഹരിക്ക്, വണ്ടി നന്നാക്കാനുള്ള പണം കൊടുക്കുന്നുണ്ട്. ഇനിയും വേണമെങ്കില്‍ ബാലേട്ടന്റെ കയ്യില്‍നിന്നും പണം വാങ്ങി നല്‍കാമെന്നും ദേവി പറയുന്നുണ്ട്. അതിനുശേഷമാണ് കണ്ണനുനേരെ ചെന്ന ദേവി കണ്ണനെ തലങ്ങും വിലങ്ങും തല്ലിയത്. എന്തിനാണ് ആരുടെയങ്കിലും വണ്ടി എടുത്തോണ്ട് നടക്കുന്നതെന്നും, സ്വന്തം നിലയറിഞ്ഞ് കളിക്കേണ്ടെ എന്നെല്ലാമാണ് ദേവി കണ്ണനോട് ചോദിക്കുന്നത്. അപര്‍ണയും തമ്പിയും ബുള്ളറ്റും കാരണം സാന്ത്വനം വീട് രണ്ടായി മുറിയുകയാണോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. എന്തൊക്കെയാണ് വരും ദിവസങ്ങളില്‍ സംഭവിക്കുകയെന്നത് കാത്തിരുന്ന് കാണണം.

click me!