'അന്ന് ബാത് റൂമിൽ നിന്ന് ഡ്രസ് മാറുമ്പോൾ ഞാൻ കരയുകയാണ്, സിനിമകളിൽ നിന്നും ഒഴിവാക്കി'; അപ്പാനി ശരത്

By Web Team  |  First Published Sep 6, 2023, 1:56 PM IST

സിനിമയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് അപ്പാനി ശരത് പറയുന്നു.


ലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസി'ലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ നടന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ 'അപ്പാനി രവി' എന്ന കഥാപാത്രമായി നിറ‍ഞ്ഞാടിയ ശരത്തിന് ഒടുവിൽ അപ്പാനി ശരത് എന്ന് പേരും മലാളികൾ നൽകി. വെളിപാടിന്റെ പുസ്തകത്തിലെ 'ജിമിക്കി കമ്മൽ' എന്ന ​ഗാനരം​ഗത്തോടെ വൻ ബ്രേക്ക് ആയിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മികച്ച കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം സിനിമയില്‍ വന്നതിന് ശേഷം താന്‍ നേരിട്ട പരിഹാസങ്ങളെയും മോശം അനുഭവങ്ങളെയും പറ്റി തുറന്നുപറയുകയാണ് ഇപ്പോൾ. 

സിനിമയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് അപ്പാനി ശരത് പറയുന്നു. സിനിമയിൽ എത്തി ഒന്ന് സെറ്റൊക്കെ ആയ ശേഷവും താൻ പരാജയത്തിലേക്ക് പോയെന്ന് നടൻ പറയുന്നു. നല്ല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും അന്ന് ബന്ധുക്കളും സുഹൃത്തുകളുമാണ് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നതെന്നും നടൻ പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശരത്തിന്റെ പ്രതികരണം. 

Latest Videos

undefined

അപ്പാനി ശരത് പറയുന്നത്

മോശം സിനിമ, നല്ല സിനിമ എന്നൊന്നും എനിക്കറിയില്ല. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് നമ്മളെ വിളിക്കുമ്പോള്‍ പോകും അഭിനയിക്കും. അവിടെയൊക്കെ ചില പണികള്‍ എനിക്ക് കിട്ടി. നല്ല സിനിമകളില്‍ നിന്ന് ഒഴിവാക്കലുകളൊക്കെ ഉണ്ടായി. ഇപ്പോഴല്ല കേട്ടോ ഇത്. സിനിമകളില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുമുണ്ട്. ഒരു തെറ്റും ചെയ്യാതെ. ഞാൻ കാരണം ഷൂട്ടിങ്ങിനോ അല്ലാതയോ പ്രശ്നങ്ങൾ ഉണ്ടായിട്ടാണെങ്കിൽ കുഴപ്പമില്ല.  പണ്ട് എന്നെ കുറിച്ച് ഒരു വാര്‍ത്ത വന്നു. അപ്പാനി ശരത് കാരവനില്ലാതെ അഭിനയിക്കില്ല എന്നതായിരുന്നു വാർത്ത. 

തിരുവനന്തപുരം ശംഖുമുഖത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അന്ന് ഷൂട്ടിം​ഗ് കാണാന്‍ എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളും നാട്ടിലുള്ള കുറച്ച് ബന്ധുക്കളും അവിടെ വന്നു. ഞാന്‍ വണ്ടിയില്‍ വന്ന് ഇറങ്ങിയ ശേഷം ഇവരുടെ കൂടെ ഫോട്ടോയെടുത്തു. ശേഷം ഞാന്‍ ഡ്രസ് മാറാന്‍ കാരവാനിലേക്ക് കയറാന്‍ നോക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന ആള്‍ എന്നെ തടഞ്ഞു. എന്താണ് ഏട്ടാ കാര്യമെന്ന് ചോദിച്ചപ്പോള്‍ കാരവാനില്‍ ഇനി കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. 25 ദിവസമായി അതില്‍ കയറി വസ്ത്രം മാറ്റിയ ആളാണ് ഞാന്‍. ഏതാണ് സിനിമയെന്നൊന്നും ഞാന്‍ പറയുന്നില്ല. ശംഖുമുഖത്ത് ബാത് റൂമിൽ നിന്നാണ് അന്ന് ഞാൻ ഡ്രസ് മാറിയത്. ആ സമയത്ത് ഞാൻ കരയുന്നുണ്ട്. അന്ന് ഡ്രസ് മാറാന്‍ അങ്കമാലി ഡയറീസിലെ ബിറ്റോ ഡേവിസ് ചേട്ടനും ഉണ്ടായിരുന്നു. എന്നെ കാണാന്‍ സെറ്റില്‍ വന്നവർ ഉൾപ്പടെ എല്ലാവരും ഇത് കാണുന്നുണ്ട്. അതായിരുന്നു എന്റെ സങ്കടം. അല്ലാതെ ടാറിട്ട റോഡില്‍ ചെരിപ്പിടാതെ നാടകം കളിച്ച എനിക്കെന്ത് കാരവാന്‍. അതാണ് അപ്പാനി ശരത് കാരവാൻ ഇല്ലാതെ അഭിനയിക്കില്ലെന്ന വാർത്ത വന്നത്. 

പൂരം കൊടിയേറി മക്കളേ..; ഭ്രമയു​ഗം, കണ്ണൂർ സ്ക്വാഡ് വമ്പൻ അപ്ഡേറ്റ്, പിറന്നാൾ കളറാക്കാൻ മമ്മൂട്ടി

പിന്നെ മോഹന്‍ലാലിന്റെ കാരവാന് വില പറഞ്ഞെന്ന വാർത്ത. അങ്ങനെ ഒക്കെ ചിന്തിക്കാന് പറ്റുമോ. ലാലേട്ടന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ആളാണ് ഞാൻ. ഞാൻ പറന്ന് നടന്ന് അഭിനയിച്ച സിനിമയാണ് വെളിപാടിന്റെ പുസ്തകം. അത്ര സന്തോഷത്തിലായിരുന്നു. നേരെ വെളുത്തിരുന്നെങ്കില്‍ ലാലേട്ടനൊപ്പം അഭിനയിക്കാമായിരുന്നു അദ്ദേഹത്തെ കാണാമായിരുന്നു എന്ന് കാത്തിരുന്ന ആളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ എങ്ങനെ അദ്ദേഹത്തിന്റെ കാരവാന് വിലപറയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

click me!