കുടുംബത്തിന്‍റെ 25 വർഷത്തെ കാത്തിരിപ്പാണ്, ഇന്നത് സാധിച്ചു; സന്തോഷം പങ്കുവച്ച് ഹരിത

By Web Team  |  First Published Nov 5, 2021, 10:31 PM IST

ജീവിതത്തിൽ പോരാടി നേടിയ വിജയത്തെക്കുറിച്ച് ഹരിത


മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹരിത നായർ. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെയാണ് ഹരിത ശ്രദ്ധേയയായത്. മോഡലിങ്ങിലൂടെ അഭിനരയരംഗത്തെത്തിയ താരം  സോഷ്യൽ മീഡിയയിലും സജീവമാണ്.  ഇപ്പോൾ വലിയൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ജീവിതത്തിൽ പോരാടി നേടിയ വിജയത്തെ കുറിച്ചാണ് ഹരിതയുടെ കുറിപ്പ്.

നീണ്ട 25 വർഷത്തെ വാടക വീട്ടിലെ ജീവിതത്തിന് ശേഷം സ്വന്തമായൊരു വീട്ടിലേക്ക് താമസം മാറാനൊരുങ്ങുന്ന സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. വൈകാരികമായ കുറിപ്പിൽ താൻ കഴിഞ്ഞ 25 വർഷ കാലം താമസിച്ച വീടുകളെ കുറിച്ചും മറ്റ് അനുഭവങ്ങളെ കുറിച്ചും താരം പറയുന്നു.

Latest Videos

undefined

ഹരിതയുടെ കുറിപ്പിങ്ങനെ...

സ്വന്തം വീട്ടില്‍ താമസിക്കുക എന്ന സുഖം കഴിഞ്ഞ  25 വർഷമായി  ഞാൻ അറിഞ്ഞിട്ടില്ല. 25 വര്‍ഷത്തോളം എന്റെ മാതാപിതാക്കള്‍ കഷ്ടപ്പെട്ടു. 25 വര്‍ഷത്തിൽ പത്തോളം വാടക വീടുകൾ മാറി മാറി കഴിഞ്ഞു. ഒടുവിൽ ഞാന്‍ തീരുമാനിച്ചു, പതിനൊന്നാമതൊരു വീട്ടിൽ താമസിക്കുന്നുണ്ടെങ്കിൽ അത് സ്വന്തം വീടായിരിക്കുമെന്ന്. എനിക്കതിന് കഴിയുമെന്ന്,  ഞാനത് ചെയ്യുമെന്ന്, എപ്പോഴും സ്വയം പറഞ്ഞുകൊണ്ടിരുന്നു. അതെ, ഇത്തവണ ഞാനത് ചെയ്തു. ഇന്ന്  ഞങ്ങളുടെ തലയ്ക്ക് മുകളില്‍ ഒരു മേല്‍ക്കൂരയായിരിക്കുന്നു, നമുക്ക് വീട് എന്ന് വിളിക്കാവുന്ന ഒരിടം.. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ കൂട്ടുകാരുടെ വീടുകളില്‍ പോവുമ്പോള്‍ അവര്‍ക്ക് സ്വന്തമായൊരു ഒരു മുറി ഉണ്ടാവും. അത് എന്നും എന്നെ സങ്കടപ്പെടുത്തിയിരുന്നു. അന്നൊക്കെ സമയത്ത് ഒറ്റമുറി വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. യഥാർത്ഥത്തിൽ എന്റെ കംഫർട്ട് സോണിൽ നിന്ന് ഈ മത്സരോത്സുക ലോകത്തേക്ക് ഞാൻ കാലെടുത്തുവയ്ക്കുകയായിരുന്നു. ആ ചെറിയ വീട്ടിലെ താമസം വീട്ടുകാരുമായി എന്നെ ഏറെ അടുപ്പിച്ചുവെന്ന് എനിക്ക് തോന്നുന്നു. 

 ഈ കഥ  പറയുന്നത് ആരുടെയും സഹതാപത്തിനോ സഹാനുഭൂതിക്കോ വേണ്ടിയൊന്നുമല്ല. അഭിമാനത്തോടെ, സന്തോഷത്തോടെ,  ഞാന്‍ പൂർത്തീകരിച്ച കാര്യം അറിയിക്കുക മാത്രമാണ്. 23-ാം വയസില്‍ ഒരു കാര്‍ സ്വന്തമാക്കി. 25-ാം വയസില്‍ ഒരു വീടും. ഇതുവരെയുള്ള  നേട്ടങ്ങൾക്കെല്ലാം  അങ്ങേയറ്റം നന്ദിയുണ്ട്. എന്റെ വീട്ടിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്. ഇവിടത്തെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തുള്ള കാഴ്ചകകളിലേക്ക് എല്ലാവരെയും കൊണ്ടുപോകാൻ ഞാന്‍ കാത്തിരിക്കുകയാണ്.

click me!